26 December 2025, Friday

Related news

December 23, 2025
December 13, 2025
December 13, 2025
December 12, 2025
December 6, 2025
November 22, 2025
November 17, 2025
November 16, 2025
November 15, 2025
November 14, 2025

ട്രംപിന്റെ താരിഫ്; വിദേശ നിക്ഷേപകര്‍ പിന്മാറുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
August 10, 2025 11:00 pm

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികാര ചുങ്കത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയെ കയ്യൊഴിഞ്ഞ് വിദേശ നിക്ഷേപകര്‍. ഈ മാസം ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് ഏകദേശം 18,000 കോടി രൂപ പിന്‍വലിച്ചു. യുഎസ് — ഇന്ത്യ വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതിനൊപ്പം കോര്‍പറേറ്റ് വരുമാനം നിരാശാജനകമായതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഒഴുക്കിന് ആഘാതം കൂട്ടി. 2025ല്‍ ഇതുവരെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ‌്പിഐ) ഇന്ത്യന്‍ ഓഹരികളില്‍നിന്ന് പിന്‍വലിച്ച തുക ആകെ 1.13 ലക്ഷം കോടി രൂപയിലെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. യുഎസ് — ഇന്ത്യ വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ധിച്ചതും, ആദ്യ പാദത്തിലെ കോര്‍പറേറ്റ് വരുമാനം നിരാശപ്പെടുത്തിയതും, ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഏറ്റവും പുതിയ പിന്‍വലിക്കലുകള്‍ക്ക് കാരണമെന്ന് മോര്‍ണിങ് സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ് റിസര്‍ച്ച് ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടര്‍ — മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു. 

ഈ മാസം എട്ടുവരെ വരെ എഫ‌്പിഐകള്‍ ഓഹരികളില്‍ നിന്ന് 17,924 കോടി രൂപയുടെ അറ്റ പിന്‍വലിക്കല്‍ നടത്തിയതായി ഡാറ്റ കാണിക്കുന്നു. ജൂലൈയില്‍ വിദേശ നിക്ഷേപകര്‍ അറ്റ അടിസ്ഥാനത്തില്‍ 17,741 കോടി രൂപ പിന്‍വലിച്ചിരുന്നു. അതിനുമുമ്പ്, മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ എഫ‌്പിഐകള്‍ 38,673 കോടി രൂപ നിക്ഷേപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് 25% തീരുവ ചുമത്തുകയും ഈ ആഴ്ചയില്‍ ഈ താരിഫുകള്‍ 25% കൂടി യുഎസ് വര്‍ധിപ്പിക്കുകയും ചെയ്തു. ഇത് നിക്ഷേപകരെ ഭയപ്പെടുത്തിയെന്നാണ് ഇന്ത്യന്‍ ഇക്വിറ്റികളിലെ വന്‍ വില്പന സൂചിപ്പിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. വരും ആഴ്ചകളിലും താരിഫുകളും വ്യാപാര ചര്‍ച്ചകളും പ്രധാന ഘടകങ്ങളായി തുടരുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. 

ഓഹരി വിപണിയില്‍ കഴിഞ്ഞ ആഴ്ച, മികച്ച 10 മൂല്യമുള്ള ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ നേരിട്ടത് 1,36,151.24 കോടിയുടെ ഇടിവായിരുന്നു. താരിഫുകള്‍ക്കൊപ്പം യുഎസ് ട്രഷറി ബോണ്ടുകളിലെ നേട്ടം വര്‍ധിച്ചതും ഓഹരി വിപണിയെ സ്വാധീനിച്ചു. തുടര്‍ച്ചയായ ആറാം ആഴ്ചയും നഷ്ടം തുടരുന്നതോടെ ബിഎസ്ഇ 742.12 പോയിന്റ് അഥവാ 0.92% ഇടിഞ്ഞു. നിഫ്റ്റി 202.05 പോയിന്റ് അഥവാ 0.82% ഇടിഞ്ഞു. ആദ്യ പത്തില്‍ ഇടം നേടിയ കമ്പനികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ‌്സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയ്ക്ക് മൂല്യത്തകര്‍ച്ച നേരിട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.