
വോട്ട് മോഷണത്തിനെതിരെയും ബിഹാര്‍ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കലിനെതിരെയും ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ എംപിമാരെ പൊലീസ് തടഞ്ഞു. സംഘര്‍ഷത്തിനൊടുവില്‍ അറസ്റ്റുചെയ്ത് നീക്കി.
ബിഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ നടപടി, 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ‘വോട്ടര്‍ തട്ടിപ്പ്’ എന്നിവയ്ക്കെതിരെയായിരുന്നു ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാര്‍ച്ച്. 25 പ്രതിപക്ഷ പാർട്ടികളിൽ നിന്നായി 300 ഓളം എംപിമാര്‍ പ്രതിഷേധ മാർച്ചില്‍ പങ്കെടുത്തു. വോട്ട് മോഷണ വിഷയം ഉന്നയിച്ച് പ്രതിപക്ഷം രാവിലെ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന്, പാര്‍ലമെന്റിന്റെ ഇരുസഭകളും ഉച്ചയ്ക്ക് രണ്ടു മണി വരെ പിരിഞ്ഞു. പ്രതിഷേധ മാര്‍ച്ചില്‍ അറസ്റ്റ് വരിച്ച എംപിമാര്‍ മൂന്ന് മണിയോടെ സഭയിലേക്ക് മടങ്ങിയെത്തിയെങ്കിലും പ്രതിഷേധം തുടര്‍ന്നതിനാല്‍ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
പാര്‍ലമെന്റിന്റെ മകര്‍ദ്വാറിനു മുന്നില്‍ നിന്നാണ് പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള നിര്‍വചന്‍ സദനിലേക്ക് മാര്‍ച്ച് നടത്തിയത്. വിവിധ ഭാഷകളിലെഴുതിയ പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി മുന്നേറിയ മാര്‍ച്ചിനെ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു തടഞ്ഞു. ഇതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ചില എംപിമാര്‍ ബാരിക്കേഡിനു മുകളില്‍ കയറി മുന്നോട്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു.
മാര്‍ച്ചിന് അനുമതി തേടിയിരുന്നില്ലെന്നാണ് പൊലീസ് ഭാഷ്യം. എംപിമാരെ പൊലീസ് അറസ്റ്റു ചെയ്ത് ബസുകളില്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. രണ്ടു മണിക്കൂറുകള്‍ക്കു ശേഷം വിട്ടയയ്ക്കുകയും ചെയ്തു. മാര്‍ച്ചിനിടെ തൃണമൂല്‍ അംഗങ്ങളായ മഹുവ മൊയ്ത്ര, മിതാലി ബൗഗ് എന്നിവര്‍ക്ക് ബോധക്ഷയം ഉണ്ടായി. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് നീക്കി.
മുപ്പതോളം എംപിമാരെയാണ് അറസ്റ്റു ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. വോട്ട് ക്രമക്കേടില്‍ പ്രതിപക്ഷ എംപിമാരെ കാണാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ 30 എംപിമാരെ മാത്രമേ കാണൂ എന്ന നിര്‍ദേശം പ്രതിപക്ഷം തള്ളി.
എംപിമാരുടെ മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ ഇന്നലെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. മാര്‍ച്ചിന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഖിലേഷ് യാദവ്, പി സന്തോഷ് കുമാര്‍, ജോണ്‍ ബ്രിട്ടാസ്, പി പി സുനീര്‍, സഞ്ജയ് റൗട്ട്, പ്രിയങ്കാഗാന്ധി, ഡിംപിള്‍ യാദവ്, സാഗരിക ഘോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.