
ഗണിതപഠനം ലളിതവും രസകരവും കാര്യക്ഷമവുമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കേരള ഡവലപ്പ്മെന്റ് ആന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്) മുഖേന ആവിഷ്ക്കരിച്ച ‘മഞ്ചാടി’ പഠന രീതി സംസ്ഥാനത്തെ 1400 സ്കൂളുകളിലേക്ക്. ആറുവർഷമായി സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിവന്ന പദ്ധതി വിജയം കണ്ടതിനെത്തുടർന്നാണ് ഈ അധ്യയനവർഷം മുതൽ സ്കൂളുകളിൽ മൂന്നാം ക്ലാസിൽ നടപ്പിലാക്കുന്നത്. മൂന്നാം ക്ലാസിൽ പാഠപുസ്തകം വിഭാവനം ചെയ്ത പഠനലക്ഷ്യങ്ങളത്രയും നവീനരീതിയിൽ വിനിമയം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുമെന്ന് മഞ്ചാടി സംസ്ഥാന കോ-ഓർഡിനേറ്റർ കെ കെ ശിവദാസൻ പറഞ്ഞു.
നിരന്തര മോണിറ്ററിംഗും പിന്തുണയും വിദ്യാലയങ്ങളിൽ ഉറപ്പാക്കും. ഒരു ജില്ലയിൽ ഒരു ബ്ലോക്ക് ആണ് ഈ വർഷം പദ്ധതിക്കായി തെരഞ്ഞെടുത്തത്. പദ്ധതി നടത്തിപ്പിന് മുന്നോടിയായി പ്രഥമാധ്യാപകരുടെയും പി ടി എ പ്രസിഡന്റുമാരുടെയും ശില്പശാലകൾ ആരംഭിച്ചിട്ടുണ്ട്. ഓണവധി കഴിയുന്നതോടെ അധ്യാപകർക്കുള്ള പരീശീലനങ്ങൾ തുടങ്ങും. പഠന ലക്ഷ്യങ്ങൾ ഒന്നാണെങ്കിലും പദ്ധതി നടപ്പിലാകുന്നതോടെ പഠന രീതികളിൽ മാറ്റമുണ്ടാവും. ചിന്താപ്രക്രിയയ്ക്ക് ഊന്നൽ നൽകി കളിച്ചും കൂട്ടുകൂടിയും ഏറെ ഹൃദ്യമായി കണക്ക് പഠിപ്പിക്കുന്ന മഞ്ചാടിയിലൂടെ കുട്ടികൾ സ്വയം ഗണിതാശയങ്ങളിലേക്കെത്തും. ഇതിനായി കുട്ടികൾക്ക് പ്രത്യേക പഠനോപകരണങ്ങൾ ഉൾപ്പെടെ നൽകും. പുതിയ പഠന രീതിയിലൂടെ കുട്ടികൾക്ക് കണക്കിനോടുള്ള ഭയം ഇല്ലാതാവുകയും അവരുടെ പ്രിയപ്പെട്ട വിഷയമായി അത് മാറുകയും ചെയ്യുമെന്ന് കെ കെ ശിവദാസൻ വ്യക്തമാക്കി.
പദ്ധതിയുടെ അഞ്ചാം ഘട്ടമായാണ് പദ്ധതി സ്കൂളുകളിൽ നടപ്പിലാക്കുന്നത്. പഞ്ചായത്തുകളുടെ സഹകരണത്തോടെ എല്ലാ ജില്ലയിലെയും ഒരു കേന്ദ്രത്തിൽ വീതം അമ്പതോളം കുട്ടികളെ പങ്കെടുപ്പിച്ചാണ് ആദ്യഘട്ടം നടന്നത്. തുടർന്ന് രണ്ടാം ഘട്ടമായി എല്ലാ ജില്ലകളിലെയും ഒരു പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി. മൂന്നാം ഘട്ടമായി എംആർ എസുകളിൽ ക്ലാസ് മുറികൾക്ക് പുറത്തേക്ക് പദ്ധതിയെ എത്തിച്ചു. ഇതിന് ശേഷമാണ് നാലാം ഘട്ടമായി സംസ്ഥാനത്തെ നൂറ് സ്കൂളുകളിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വിജയം കണ്ടത്. കോഴിക്കോട് ചേവായൂർ, സിറ്റി സബ് ജില്ലകളിലെ സ്കൂളുകളിലും കൊയിലാണ്ടി മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും നടപ്പിലാക്കി. കണ്ണൂർ ജില്ലയിലെ കുറുമാത്തൂർ, മുണ്ടേരി, കാസർക്കോട് ചെറുവത്തൂർ പഞ്ചായത്തിലെ വിദ്യാലയങ്ങളിലും തിരുവനന്തപുരത്ത് കാട്ടാക്കടയിലും നടപ്പിലാക്കി. ഇതിന് പുറമെ സംസ്ഥാനത്തെ 30 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു. ബാഹ്യ ഏജൻസി വിലയിരുത്തൽ നടത്തി പദ്ധതി ഫലപ്രദമാണെന്ന് കണ്ടതിനെത്തുടർന്നാണ് അഞ്ചാം ഘട്ടമായി 1400 സ്കൂളുകളിൽ നടപ്പിലാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്.
രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയെല്ലാം പിന്തുണ മഞ്ചാടി പദ്ധതിക്ക് ഉറപ്പ് വരുത്തും. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെയുള്ള പഠന രീതികൾ ഇതിനായി ഉപയോഗപ്പെടുത്തും. അർത്ഥവർത്തായ പ്രവർത്തനങ്ങളിലൂടെ രൂപപ്പെടുന്ന ആശയങ്ങൾ കണ്ടെത്താനും ഉൾക്കൊള്ളാനുമുള്ള ശേഷി വളർത്തുന്നതിന് മഞ്ചാടി കുട്ടികൾക്ക് അവസരമൊരുക്കും. സംഘം ചേർന്നും പരസ്പരം ആശയ വിനിയമം നടത്തിയും അറിവുകൾ പങ്കുവച്ചും വിദ്യാർത്ഥികൾ സ്വയം പ്രശ്ന പരിഹാരം കണ്ടെത്തുന്നതിനും മഞ്ചാടി പ്രാധാന്യം നൽകുന്നു. പദ്ധതിയുടെ വിജയം വിലയിരുത്തി മൂന്നാം ക്ലാസിന് പുറമെ മറ്റ് ക്ലാസുകളിലേക്കും സംസ്ഥാനത്ത് കൂടുതൽ വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.