
തൃശൂരിലെ വോട്ടർ പട്ടിക വ്യാപകമായി അട്ടിമറിച്ചത് ബിജെപി പ്രേരിതമാണെന്നും വോട്ട് ക്രമക്കേടിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സുരേഷ് ഗോപിയുടേത് കല്ലു പോലും നാണിക്കുന്ന മൗനമാണ്. അദ്ദേഹത്തിന്റെ മുന്‍കൈയിലാണ് തൃശൂരില്‍ അട്ടിമറി നടത്തിയത് എന്നാണ് ഈ മൗനത്തിന്റെ അര്‍ത്ഥമെന്നും ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ എവിടെയും പ്രതികരിച്ചിരുന്ന സുരേഷ് ഗോപി ഇപ്പോൾ മൗനം അവലംബിക്കുകയാണ്. ഇത്രയും ഗുരുതര വിഷയങ്ങൾ ഉണ്ടായിട്ട് പോലും ഒന്നും മിണ്ടുന്നില്ല. വോട്ട് വെട്ടിപ്പിന് ശേഷം തൃശൂരിലെത്തിയ സുരേഷ് ഗോപിയെ എംപിയായ ശേഷം ആദ്യമായി മണ്ഡലത്തിൽ എത്തുന്ന പോലെയായിരുന്നു ബിജെപി സ്വീകരിച്ചത്.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ബൈബിളും ഖുർആനും ഗീതയുമായ വോട്ടർ പട്ടിക തന്നെ അട്ടിമറിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. മഹാരാഷ്ട്രയും കർണാടകയും തൃശൂരും ഇതിന്റെ സാക്ഷിയാണ്. തൃശൂരിനെ കൂടി ജനാധിപത്യ കൊലയുടെ ഇടമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ ക്രമക്കേടുകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ ഇന്ത്യയിലാകെ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത പാതാളം വരെ താഴ്ന്നു. വോട്ടര്‍ പട്ടിക അട്ടിമറി യാദൃച്ഛികമല്ല. വളരെ ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നമാണ്. ബിജെപി — ആര്‍എസ്എസിന്റെ ജനാധിപത്യ വിരുദ്ധതയാണ് ഇത് വിളിച്ചു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ മതം നോക്കി വോട്ട് വെട്ടി മാറ്റി. മുസ്‍ലിമിനെയും ആദിവാസിയെയും ക്രിസ്ത്യാനിയെയും വെട്ടി മാറ്റി. എന്നാൽ, തൃശൂരിൽ ക്രിസ്ത്യാനികളുടെ വോട്ട് വെട്ടിമാറ്റിയില്ല. തൃശൂരിൽ കൃത്രിമമായി ചേർത്ത വോട്ടർമാർ ഇപ്പോൾ എവിടെ പോയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. ആരു കൊണ്ടുവന്നു എന്നും പണം ആര് ചെലവാക്കി എന്നും വ്യക്തമാക്കണം. തൃശൂരിൽ ആട്ടിൻ തോലിട്ട ചെന്നായ വന്നപ്പോള്‍ ആടാണെന്ന് കരുതി വേണ്ടതെല്ലാം അവർക്ക് ചെയ്തു കൊടുത്തു. കേക്ക് വാങ്ങിയവർ, സ്വർണ്ണ കിരീടം കണ്ടു മഞ്ഞളിച്ചവർ എല്ലാം വിചാരധാര വായിക്കണം അതിൽ ശത്രുക്കളെ പറ്റി പറയുന്ന ഭാഗം വായിക്കണം. ക്രിസ്തീയ പുരോഹിതന്മാര്‍ യാഥാര്‍ത്ഥ്യങ്ങളെ കാണാന്‍ തയ്യാറാകണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ മണ്ഡലത്തിലെ വോട്ട് അട്ടിമറിക്കെതിരെ സിപിഐ നേതൃത്വത്തിൽ 16 ന് രാവിലെ തൃശൂരിൽ നഗരത്തിൽ വൻ പ്രതിഷേധ പ്രകടനം നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം കെ പി രാജേന്ദ്രന്‍, ജില്ലാസെക്രട്ടറി കെ ജി ശിവാനന്ദ, സംസ്ഥാന കൗണ്‍സിലംഗങ്ങളായ വി എസ് സുനില്‍കുമാര്‍, കെ കെ വത്സരാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.