21 December 2025, Sunday

Related news

September 7, 2025
August 20, 2025
August 19, 2025
August 19, 2025
August 16, 2025
July 23, 2025

വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബിജെപിയുടെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി , ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിക്ക് പിന്തുണയെന്ന് ഡിഎംകെ

ബിജെപി തമിഴ് ജനതയ്ക്ക് ഒന്നും ചെയ്തിട്ടില്ലെന്നും, സി പി രാധാകൃഷ്ണന്‍ ബിജെപി , ആര്‍എസ്എസ് സ്ഥാനാര്‍ത്ഥിയെന്നും
Janayugom Webdesk
ന്യൂഡല്‍ഹി
August 19, 2025 5:33 pm

ബിജെപി തമിഴ് നട്ടുകാരനായ സി പി രാധാകൃഷ്ണനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് വികാരം ഇളക്കി വിട്ട് ഡിഎംകെയെ തങ്ങളുടെ പക്ഷത്താക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി . ബിജെപിയുടെ സ്വത്വ രാഷ്ട്രീയത്തിന് വഴങ്ങില്ലെന്നും ഇന്ത്യാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും ഡിഎംകെ. ഡിഎംകെ യ്ക്ക് പിന്തുണയുമായി സഖ്യകക്ഷികളും നിലയുറപ്പിച്ചു. സി പി രാധാകൃഷ്ണന്‍ ഒരു തമിഴനായതുകൊണ്ട് മാത്രം അദ്ദേഹത്തെ പിന്തുണയ്ക്കില്ലെന്ന് ഡി എംകെ വക്താവ് ടി കെ എസ് ഇളങ്കാവന്‍ വ്യക്തമാക്കി. സി പി രാധാകൃഷ്ണന്‍ തമിഴനാണെങ്കിലും അദ്ദേഹം ഒരു ബിജെപി സ്ഥാനാര്‍ത്ഥിയാണ്. ബിജെപി തമിഴ് ജനതയ്ക്കും ഒരു സംസ്ഥാനമെന്ന നിലയില്‍ തമിഴ് നാടിനും വേണ്ടി എന്താണ് ചെയ്തതെന്നും നാം പരിശോധിക്കണം എന്നും അദ്ദേഹം പറഞ്ഞു.

പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് തങ്ങളെന്നും ഡിഎംകെ വക്താവ് അഭിപ്രായപ്പെട്ടു. ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ജസ്റ്റീസ് ബി സുദര്‍ശന്‍ റെഡ്ഡിയെ പിന്തുണയ്കുമെന്നും ടി എസ് ഇളങ്കോവന്‍ അറിയിച്ചു. ബിജെപി എന്നും സ്വത്വ രാഷട്രീയത്തെ ഉയര്‍ത്തി പിടിക്കുന്നവരാണ് അവര്‍ ഒരു ദളിതനേയും, ആദിവാസി വിഭാഗത്തില്‍ നിന്നും ഉള്ള ആളിനേയും രാജ്യത്തിന്റെ രാഷ്ട്രപതിയാക്കി. പക്ഷേ അടിച്ചമര്‍ത്തപ്പെട്ട സമൂഹങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തോ എന്നും ഡിഎംകെ നേതാവ് ചോദിച്ചു. അതുപോലെ ഒരു തമിഴനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത് തമിഴരെ ഒരു തരത്തിലും സഹായിക്കില്ലെന്നും ഇളങ്കോവന്‍ ചൂണ്ടിക്കാട്ടി. 

ബിജെപി ഒരു ദലിത്, ആദിവാസി സ്ഥാനാർത്ഥിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രഖ്യാപിച്ചപ്പോൾ, അവരുടെ ജാതി സ്വത്വം മാത്രമാണ് ഉയർത്തിക്കാട്ടുകയും വേദികളിലുടനീളം ഉയർത്തിക്കാട്ടുകയും ചെയ്തത്. എന്നാൽ, അവർ സമൂഹത്തിന് വേണ്ടി കാര്യമായൊന്നും ചെയ്തില്ല. ഭരണഘടന പോലും അവരെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. അതിനാൽ, സി.പി. രാധാകൃഷ്ണനെ പിന്തുണയ്ക്കുന്നതിൽ അർത്ഥമില്ല, കാരണം അദ്ദേഹം ആർ.എസ്.എസിന്റെയും ബിജെപിയുടെയും താല്‍പര്യം അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. സിപിഐ (എം) സംസ്ഥാന സെക്രട്ടറി പി. ഷൺമുഖംപറഞ്ഞു.

തമിഴ് നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശിയായ സി പി രാധാകൃഷ്ണനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷം ബിജെപി നേതൃത്വം ഡിഎംകെയുമായി ബന്ധപ്പെട്ട് പിന്തുണ തേടിയിരുന്നു. തമിഴ് നാടിന് അവകാശപ്പെട്ട ഫണ്ട് കൈയില്‍വെച്ച് തമിഴ് കാര്‍ഡ് കളിക്കുന്ന ബിജെപിയെ തമിഴ് നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ സെല്‍വപെരുന്തഗൈ നിശിതമായി വിമര്‍ശിച്ചു. തെര‍ഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ തമിഴ് നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ ഒന്നും ചെയ്തിട്ടില്ലെന്നും, ബിജെപിക്ക് കൂടുതലൊന്നും പറയാനില്ലാത്തതിനാലുമാണ് തമിഴ് കാര്‍ഡ് കളിക്കുന്നതെന്നും പറഞ്ഞു. ബിജെപി വിദ്യാഭ്യാസ ഫണ്ടുകൾ തടഞ്ഞുവച്ചു, കീഴടി ഉത്ഖനന റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല, ഇപ്പോഴും തമിഴരെക്കുറിച്ച് ആശങ്കയുള്ളവരാണെന്ന് ചിത്രീകരിക്കുന്നു, സെൽവപെരുന്തഗൈ വിശദീകരിക്കുന്നു.

എതിർ ക്യാമ്പ് നാമനിർദ്ദേശം ചെയ്ത ഒരു തമിഴ് സ്ഥാനാർത്ഥിയെ ഡിഎംകെ എതിർക്കുന്നത് ഇതാദ്യമല്ല. 1987 ൽ, ഡിഎംകെ കോൺഗ്രസുമായി സഖ്യത്തിലല്ലാതിരുന്നപ്പോൾ, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ആർ. വെങ്കിട്ടരാമനെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തു. എന്നിരുന്നാലും, ഡിഎംകെ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചില്ല. അന്നത്തെ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ എം.ജി. രാമചന്ദ്രൻ, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഒരു തമിഴനെ പിന്തുണയ്ക്കാത്തതിന് ഡിഎംകെയെ വിമർശിച്ചിരുന്നു. ആ വ്യക്തി തമിഴനാണോ അല്ലയോ എന്ന് നോക്കുന്നതിനുപകരം, തമിഴർക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് നോക്കുന്നത് നല്ലതാണെന്ന് അന്നത്തെ ഡിഎംകെ പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധി അതിന് മറുപടി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.