22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 16, 2026
January 13, 2026
January 13, 2026
January 9, 2026
January 7, 2026
January 3, 2026
January 3, 2026
December 24, 2025

ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘ്പരിവാറിന്റേത്: മുഖ്യമന്ത്രി പിണറായി വിജയന്‍

Janayugom Webdesk
തിരുവനന്തപുരം
August 20, 2025 7:35 pm

ബിജെപി ഇതര സംസ്ഥാന സർക്കാരുകളെ വേട്ടയാടാനുള്ള പുതിയ കുതന്ത്രമാണ് സംഘ്പരിവാർ പ്രയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനായുള്ള കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി മാത്രമെ ലോക്സഭയിൽ അവതരിപ്പിക്കപ്പെട്ട 130-ാം ഭരണഘടനാ ഭേദഗതി ബില്ലുകളെ കാണാൻ കഴിയൂവെന്ന് അദ്ദേഹം വ്യക്തമാക്കി.കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു നടത്തുന്ന പകപോക്കൽ‑വേട്ടയാടൽ രാഷ്ട്രീയത്തിന്റെ തുടർച്ചയാണിത്. കേന്ദ്ര ഏജൻസികളെ ആയുധമാക്കി സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള നീക്കം നേരത്തെ തന്നെയുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് ഭരണഘടനാ ചുമതലകൾ വഹിക്കുന്ന മുഖ്യമന്ത്രിമാരേയും മന്ത്രിമാരേയും ദീർഘകാലം ജയിലിൽ അടച്ചിരുന്നു. 

എന്നാൽ അവർ രാജി വയ്ക്കാതെയിരുന്നതിലുള്ള നൈരാശ്യമാണ് തിടുക്കപ്പെട്ട് 130-ാം ഭരണഘടന ഭേദഗതി കൊണ്ടുവന്നതിനു പിന്നിൽ. കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കുക; അതിന്റെ പേരിൽ അയോഗ്യരാക്കുക- നവ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്.
അഴിമതിക്കേസിൽ അറസ്റ്റിലായവർ പാർട്ടി മാറി ബിജെപിയിലെത്തിയാൽ വിശുദ്ധരാകുന്ന വിചിത്രയുക്തി ഏത് ഭരണഘടനാ ധാർമ്മികതയുടെ പേരിലാണെന്നു കൂടി ബിജെപി വിശദീകരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവരാനും നിയമസഭക്കുമേൽ ഗവർണർമാർക്ക് വീറ്റോ അധികാരമുണ്ടെന്നു സ്ഥാപിക്കാനുമുള്ള ശ്രമങ്ങളുടെ തുടർച്ചയായാണ് സംസ്ഥാന സർക്കാരുകളെ തന്നെ അസ്ഥിരപ്പെടുത്താനുള്ള പുതിയ നീക്കങ്ങളിലേക്ക് കടക്കുന്നത്. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള സംഘ്പരിവാറിന്റെ ജനാധിപത്യവിരുദ്ധ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ജനാധിപത്യ വിശ്വാസികളിൽ നിന്നാകെ ഉയരണം. രാഷ്ട്രീയ ദുരുപയോഗത്തിന് വഴിവയ്ക്കുന്ന 130-ാം ഭരണഘടനാ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തുവരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.