27 December 2025, Saturday

ബുള്‍ഡോസിങ് അരാജകത്വത്തിന്റെ നേര്‍സാക്ഷ്യം

ജയശ്ചന്ദ്രന്‍ കല്ലിംഗല്‍
August 22, 2025 4:15 am

രാജ്യത്തിന് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ച് 79-ാം വര്‍ഷത്തിലേക്ക് കടക്കുന്ന ഈ അവസരത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ പലതരത്തിലുള്ള ഭീഷണികള്‍ക്കും ഭയപ്പെടുത്തലുകള്‍ക്കും കീഴടങ്ങി വീണ്ടും അസ്വാതന്ത്ര്യത്തിന്റെ നാളുകളിലേക്ക് തിരികെ നടക്കുകയാണ്. എവിടെയും ജീവിക്കാനും പാര്‍പ്പിടം നിര്‍മ്മിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തെ ചോദ്യം ചെയ്യുന്ന നടപടികളാണ് സംഘ്പരിവാര്‍ രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍  ലക്ഷോപലക്ഷം ജനങ്ങളാണ് അന്തസും അഭിമാനവും പണയപ്പെടുത്തി പ്രാദേശിക ബിജെപി നേതാക്കളുടെ അടിമകളായി കഴിയേണ്ടിവരുന്നത്.

രാജ്യത്ത് എവിടെയും പാര്‍പ്പിടം നിര്‍മ്മിക്കാനും വസിക്കാനുമുള്ള അവകാശം ഭരണഘടന അനുച്ഛേദം 19(1)ഇയിലും 21ലും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഏതൊരുഭാഗത്തും താമസിക്കുന്നതിനും കുടിയേറാനുമുള്ള അവകാശം ഉറപ്പു നല്‍കുന്നതാണ് 19(1) ഇ. അനുച്ഛേദം 21ല്‍ ജീവിക്കാനുള്ള അവകാശമെന്നത് പാര്‍പ്പിടത്തിന്റെ അവകാശം കൂടി ഉള്‍ച്ചേര്‍ന്നതുമാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ടുമുണ്ട്. ഈ രണ്ട് ഭരണഘടനാ അവകാശങ്ങളെയും നിരാകരിക്കുന്ന നടപടികളാണ് കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഈ അനുച്ഛേദങ്ങളില്‍ ഉറപ്പു നല്‍കുന്ന ഭരണഘടനാവകാശത്തെ ഊന്നിപ്പറഞ്ഞുകൊണ്ടാണ് അനധികൃത താമസക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2024 നവംബര്‍ 13ന് സുപ്രീം കോടതി പ്രത്യേക മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചത്. അനധികൃത താമസക്കാരെന്ന് കണ്ടെത്തിയാല്‍ അവരെ കുടിയൊഴിപ്പിക്കുന്നതിന് കുറഞ്ഞത് 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ താമസക്കാരനെ നേരില്‍ കേട്ട് ആക്ഷേപങ്ങള്‍ രേഖപ്പെടുത്തണമെന്നും ഒഴിപ്പിക്കപ്പെടുന്നവര്‍ക്ക് കൃത്യമായ പുനരധിവാസം ഉറപ്പാക്കണമെന്നുള്ള വ്യക്തമായ നിര്‍ദേശങ്ങള്‍ പരമോന്നത കോടതി പുറപ്പെടുവിച്ചിരുന്നു. മുംബെയിലെ ചേരികളില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഈ വിധിയില്‍ ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനല്‍കുന്നത് കേവലം ശാരീരികമായ നിലനില്പ് മാത്രമല്ല എന്നും ഉപജീവനത്തിനുള്ള അവകാശവും ഉള്‍പ്പെടുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ഇത്രയും സുവ്യക്തമായ നിര്‍ദേശങ്ങള്‍ ഭരണഘടനയെ വ്യവച്ഛേദിച്ച് പരമോന്നത കോടതി പുറപ്പെടുവിച്ചശേഷവും രാജ്യത്ത് കുടിയൊഴിപ്പിക്കല്‍ അനസ്യൂതം തുടരുകയാണ്.

അസമിലെ ഗോല്‍പാര ജില്ലയിലെ ഹസീല ബീലില്‍ കഴിഞ്ഞമാസം മാത്രം 667 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്. 50 മുതല്‍ 70 വര്‍ഷം വരെ ഇവിടെ താമസിച്ചവരെ കേവലം 48 മണിക്കൂര്‍ മാത്രം അനുവദിച്ചാണ് തെരുവിലിറക്കിവിട്ടത്. ഇവരില്‍ ഭൂരിഭാഗവും മുസ്ലിം മതവിശ്വാസികളാണെന്നതാണ് ശ്രദ്ധേയം. പൗരത്വ ഭേദഗതി നിയമത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടിവരുന്നത് അസം ഉള്‍പ്പെടെവടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷമാണ്. ഇന്ത്യാവിഭജന സമയത്തും തുടര്‍ന്ന് ബംഗ്ലാദേശ് രൂപീകരണ കാലഘട്ടത്തിലും സൃഷ്ടിക്കപ്പെട്ട സാമൂഹ്യ രാഷ്ട്രീയ കാരണങ്ങളാല്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്കും തിരിച്ചും ശക്തമായ അഭയാര്‍ത്ഥി പ്രവാഹമുണ്ടായിട്ടുണ്ട്. രാജ്യാന്തര നിയമങ്ങളനുസരിച്ച് അഭയാര്‍ത്ഥികളെ സുരക്ഷിതരായി സംരക്ഷിക്കേണ്ട ബാധ്യത എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്. എന്നാല്‍ ഇതിനെയെല്ലാം അസ്ഥാനത്താക്കിക്കൊണ്ടാണ് പൗരത്വ നിയമങ്ങള്‍ ഭേദഗതിവരുത്തി ഒരു പ്രത്യേക വിഭാഗത്തെ മാത്രം അനധികൃതരെന്ന് മുദ്രകുത്തുവാന്‍ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചത്. അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഇടങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കുന്ന അസം സര്‍ക്കാരിന്റെ നീക്കം പൗരത്വഭേദഗതി നിയമത്തിന്റെ തുടര്‍ നടപടിയാണെന്ന് വ്യക്തമാണ്. കിടപ്പാടം സ്ഥിതിചെയ്യുന്ന ഭൂമിക്ക് രേഖകളില്ലാത്ത കോടിക്കണക്കിന് മനുഷ്യര്‍ ഇന്ത്യയിലുണ്ട്. അന്താരാഷ്ട്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ചേരികളില്‍ താമസിക്കുന്നവരുടെ എണ്ണം ആറ് കോടിയാണ്. ഇവര്‍ക്കാര്‍ക്കും താമസിക്കുന്ന ഇടത്തിന് നിയമാനുസൃത രേഖകളില്ല എന്നത് സത്യമാണ്.

കേരളം, പശ്ചിമ ബംഗാള്‍, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളൊഴികെ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കാത്തതുകൊണ്ട് രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളില്‍ കൈവശക്കാര്‍ക്ക് ഭൂമിയില്‍ നിയമാനുസൃത രേഖയില്ല. രേഖകളില്ലാതെ ഭൂമി കൈവശം വച്ചിരിക്കുന്ന എല്ലാപേരെയും ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ രാജ്യത്ത് വലിയ കലാപത്തിന് സാധ്യതയുണ്ടെന്ന യാഥാര്‍ത്ഥ്യം കേന്ദ്രസര്‍ക്കാരിന് വ്യക്തമായറിയാം. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന കുടിയൊഴിപ്പിക്കലുകള്‍ ചില പ്രത്യേക പ്രദേശങ്ങളില്‍ മാത്രമുള്ളതും മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതുമാണ്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് പുതുതായി ബിഹാറില്‍ നടപ്പിലാക്കുന്ന പ്രക്രിയ അസമുള്‍പ്പെടെ ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുവാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടി പൂര്‍ത്തിയാകുമ്പോള്‍ രാജ്യത്തുനിന്നും ആട്ടിയോടിക്കപ്പെടുന്ന ആയിരക്കണക്കിന് മനുഷ്യര്‍ എവിടെ പോകുമെന്നത് ഗുരുതര പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുകയാണ്. തങ്ങള്‍ കുടിയൊഴിപ്പിച്ചവരെ പ്രവേശിപ്പിക്കരുതെന്ന് സമീപ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്റ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പും അസം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കുടിയേറ്റവും കയ്യേറ്റവും പരസ്പരംപൂരകങ്ങളായ വിഷയങ്ങളാണ്. മറ്റ് രാജ്യങ്ങളിലെ ദുരിതപൂര്‍ണമായ സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെട്ട് തൊട്ടടുത്ത രാജ്യങ്ങളിലേക്ക് ജനങ്ങള്‍ ഒഴുകുന്നത് മാനവ ചരിത്രത്തിലെ നിരന്തര പ്രക്രിയയാണ്. ഈ പലായനങ്ങള്‍ കാരണമാണ് ആഫ്രിക്കയില്‍ നിന്നും മനുഷ്യര്‍ ലോകമാകെ പടര്‍ന്നത്. ലോകമാകെ വൈവിധ്യപൂര്‍ണമായ സാംസ്‌കാരിക പശ്ചാത്തലങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. അഭയാര്‍ത്ഥി പ്രവാഹങ്ങളെ നിരാകരിക്കുന്നത് മാനവികതയുടെ നിലനില്പിനെയും ധാര്‍മ്മികതയെയും ചോദ്യംചെയ്യുന്നതാണ്. അതുകൊണ്ടാണ് കുടിയേറ്റങ്ങള്‍ മനുഷ്യവംശത്തിന്റെ നിലനില്പിന്  ആധാരമാണെന്ന് പ്രഖ്യാപിച്ച് യുഎന്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യയില്‍ മോഡിയും അമേരിക്കയില്‍ ട്രംപും ഉള്‍പ്പെടെയുള്ള തീവ്രവലതുപക്ഷ ഭരണകര്‍ത്താക്കള്‍ കുടിയേറിപ്പാര്‍ക്കുന്നതിനുള്ള മനുഷ്യന്റെ ജൈവികമായ അവകാശത്തെ ഇല്ലാതാക്കുന്നതിനുള്ള നിയമനിര്‍മ്മാണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

അടിയന്തരാവസ്ഥക്കാലത്തെ ഏറ്റവും വിവാദപരമായ കുടിയൊഴിപ്പിക്കല്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഒരു കറുത്ത ഏടാണ്. ഡല്‍ഹി ഡെവലപ്പ്മെന്റ് അതോറിട്ടി വൈസ് ചെയര്‍മാന്‍ ജഗ്‌മോഹന്റെയും സഞ്ജയ് ഗാന്ധിയുടെയും നേതൃത്വത്തിലെ 1976ല്‍ തുര്‍ക്ക്മാന്‍ ഗേറ്റ് കുടിയൊഴിപ്പിക്കല്‍ കുപ്രസിദ്ധമാണ്. അന്ന് വെടിവെയ്പില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെട്ടവരെ യമുനാ നദിക്ക് മറുകരയിലെ ചതുപ്പിലേക്കാണ് മാറ്റിപ്പാര്‍പ്പിച്ചത്. അക്കാലത്ത് അധികാര ദുര്‍വിനിയോഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്. എന്നാല്‍ ഇന്ന് രാജ്യത്തെങ്ങും അടിയന്തരാവസ്ഥയെക്കാളും ഭീകരമായ ബുള്‍ഡോസിങ് നടന്നു കൊണ്ടിരിക്കുകയാണ്. എതിരാളികളെ നിശബ്ദരാക്കുന്നതിനുള്ള പ്രധാന ഉപാധിയായിട്ടാണ് ഇടിച്ചുനിരത്തലുകള്‍ രാജ്യമാകെ അരങ്ങേറുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് ഗുജറാത്തിലെ ബെറ്റ് ദ്വാരക, ഓഖ, പിരോതാന്‍ ദ്വീപ് എന്നിവിടങ്ങളില്‍ നിയമപരമായ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാതെ നിരവധി വീടുകള്‍ ഇടിച്ചു നിരത്തിയത്. സര്‍ക്കാര്‍ ഭൂമിയിലെ അനധികൃത കയ്യേറ്റമാണെന്നും പിരോതന്‍ ദ്വീപിലെ അനധികൃത നിര്‍മ്മാണങ്ങള്‍ സമുദ്രത്തിന്റെ ആവാസവ്യവസ്ഥക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് പൊളിച്ചുനീക്കിയത്. മുന്നൂറിലധികം വീടുകളും മസ്ജിദുകള്‍ ഉള്‍പ്പെടെ ആറ് ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു. ഒഴിപ്പിക്കപ്പെട്ടവയില്‍ 75 ശതമാനവും മത്സ്യത്തൊഴിലാളികളും തീരദേശവാസികളുമായ ഇസ്ലാം മതവിശ്വാസികളുടെ കിടപ്പാടങ്ങളാണ്. മതന്യൂനപക്ഷങ്ങളുടെ അപരവല്‍ക്കരണമാണ് ഇതിലൂടെ ഭരണകൂടം ലക്ഷ്യമിടുന്നത്. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭരണവര്‍ഗം പ്രത്യേകിച്ച് ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും ബുള്‍ഡോസിങ്ങിനെ ഉപയോഗിക്കുന്നത്. ബലപ്രയോഗത്തിലൂടെ അധികാരം നിലനിര്‍ത്തുക എന്ന ഗോത്രമനോഭാവമാണ് ഇവിടെ പ്രകടമാകുന്നത്. ജനാധിപത്യവും ഭരണഘടനയും അപ്രസക്തമാകുകയാണ്. അടിയന്തരാവസ്ഥയില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത് എന്ന യാഥാര്‍ത്ഥ്യം ജനം ഉള്‍ക്കൊള്ളണം.

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.