
ഡൽഹി-എൻസിആറിലെ തെരുവ് നായകളെ സ്ഥിരമായി മാറ്റിപ്പാർപ്പിക്കാനുള്ള ഉത്തരവിനെതിരെ ഹർജി നൽകിയ “നായ സ്നേഹികളും” എൻജിഒകളും ഈ വിഷയത്തിൽ വാദം കേൾക്കുന്നതിനായി ഒരു ആഴ്ചയ്ക്കുള്ളിൽ യഥാക്രമം 25,000 രൂപയും രണ്ട് ലക്ഷം രൂപയും കെട്ടിവയ്ക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ഏഴ് ദിവസത്തിനകം ഈ തുക കെട്ടിവെച്ചില്ലെങ്കിൽ ഹർജിക്കാരെയോ കക്ഷി ചേർന്നവരെയോ കേസിൽ തുടർന്ന് ഹാജരാകാൻ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ജസ്റ്റിസുമാരായ സന്ദീപ് മേത്ത, എൻവി അഞ്ജരിയ എന്നിവരടങ്ങിയ മൂന്നംഗ പ്രത്യേക ബെഞ്ചിന്റേതാണ് ഉത്തരവ്. ഈ പണം അതത് മുനിസിപ്പൽ ബോഡികളുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് വിനിയോഗിക്കണമെന്നും കോടതി വിധിച്ചു. ഈ ഉത്തരവ് സാധാരണക്കാർക്ക് ബാധകമല്ലെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ വിവേക് ശർമ്മ വ്യക്തമാക്കി. 25,000 രൂപയും 2 ലക്ഷം രൂപയും പിഴയായി ചുമത്തുന്നത് സ്വമേധയാ എടുത്ത കേസിൽ കക്ഷി ചേർന്ന എൻജിഒകൾക്കും മറ്റും മാത്രമാണ്.
തെരുവ് നായ്ക്കളെ ദത്തെടുക്കുന്നതിന് ബന്ധപ്പെട്ട മുനിസിപ്പൽ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാൻ മൃഗസ്നേഹികൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ബെഞ്ച് പറഞ്ഞു. നായ്ക്കളെ ടാഗ് ചെയ്ത് അപേക്ഷകന് ദത്തെടുക്കൽ നൽകേണ്ടതാണ്. ദത്തെടുക്കുന്ന തെരുവ് നായ്ക്കൾ തെരുവിലേക്ക് തിരികെ വരുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്തമായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഡൽഹി-എൻസിആറിലെ തെരുവ് നായകളുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 11‑ന് പുറപ്പെടുവിച്ച ഉത്തരവ് ബെഞ്ച് ഭേദഗതി ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.