9 January 2026, Friday

Related news

January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025
December 27, 2025
December 26, 2025
December 26, 2025
December 26, 2025
December 26, 2025

ആലപ്പുഴയെ അലങ്കരിക്കാൻ ശില്പഗോപുരങ്ങൾ

ഡാലിയ ജേക്കബ്
ആലപ്പുഴ
August 22, 2025 10:15 pm

സിപിഐ സംസ്ഥാന സമ്മേളനം നടക്കുന്ന ആലപ്പുഴയെ ചരിത്രസ്മരണകളാൽ പുളകമണിയിക്കാൻ ശില്പഗോപുരങ്ങൾ ഒരുങ്ങുന്നു. കമ്മ്യൂണിസ്റ്റ് ആചാര്യന്മാരുടെ പ്രതിമകൾ, സ്വാതന്ത്ര്യ സമരത്തിലെയും കമ്മ്യൂണിസ്റ്റ് പോരാട്ടത്തിലെയും ചരിത്ര സംഭവങ്ങളുടെ സ്മരണകളുണർത്തുന്ന ചിത്രങ്ങൾ, സ്തൂപങ്ങൾ എന്നിവയെല്ലാം അവസാന വട്ട മിനുക്കുപണിയിലാണ്. 

ചലച്ചിത്ര രംഗത്ത് കലാ സംവിധായകരായി പ്രവർത്തിക്കുന്നവരടക്കം ഇതിനായി പണിപ്പുരയിലുണ്ട്. കൂറ്റൻ സ്തൂപങ്ങൾക്കും ശില്പങ്ങൾക്കും പുറമേ ആരെയും വിസ്മയിപ്പിക്കുന്ന തേരുകളും ഇവർ ഒരുക്കുന്നു. ആലപ്പുഴ സുഗതൻ സ്മാരകത്തിലും ന്യൂമോഡൽ സൊസൈറ്റിയിലുമാണ് കലാകാരന്മാർ ക്യാമ്പു ചെയ്യുന്നത്. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അലങ്കാര നിർമ്മാണ പ്രവർത്തനങ്ങൾ. കരുനാഗപ്പള്ളി സ്വദേശിയും സിപിഐ തഴവ ലോക്കൽ കമ്മിറ്റി അംഗവുമായ ആർട്ടിസ്റ്റ് ശ്രീകുമാറിന്റെ മേൽനോട്ടത്തിൽ സമ്മേളനം നടക്കുന്ന നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥാപിക്കുന്നതിനുള്ള സ്തൂപങ്ങളുടെയും കമാനങ്ങളുടേയും നിർമ്മാണം ഏറെക്കുറെ പൂർത്തിയായി. വരും ദിവസങ്ങളിൽ ഇവ ആലപ്പുഴ പട്ടണത്തെ അലങ്കരിക്കും. കൂറ്റൻ കമാനങ്ങൾ, രക്തസാക്ഷി മണ്ഡപം എന്നിവയ്ക്കു പുറമേ കാൾ മാർക്സ്, എംഗൽസ്, ലെനിൻ എന്നിവരുടെ പ്രതിമകൾ, വാരിക്കുന്തം പിടിച്ച് നിൽക്കുന്ന യോദ്ധാക്കൾ, ചക്രം ചവിട്ടുന്ന കർഷകർ, പനമ്പിൽ തീർത്ത ഹൗസ്ബോട്ട്, ചെട്ടികുളങ്ങര കുംഭ ഭരണിയിലെ തേരുകൾ എന്നിവ കമനീയമായാണ് ഒരുങ്ങിയിരിക്കുന്നത്. പത്ത് തേരുകൾ ഓരോ സ്മാരകമാക്കി ഓരോന്നിലും മൺ മറഞ്ഞു പോയ സിപിഐ സംസ്ഥാന സെക്രട്ടറിമാരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത് സമ്മേളനനഗറിൽ സ്ഥാപിക്കും. 

ആലപ്പുഴ ജില്ലാ സമ്മേളനം ഭരണിക്കാവിൽ നടന്നപ്പോൾ അവിടെ ശ്രീകുമാറിന്റെ കരവിരുതിൽ തീർത്ത തേര് ഏറെ ശ്രദ്ധേയമായിരുന്നു. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാർ രണ്ടാം വട്ടമാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് മോടികൂട്ടാൻ ചിത്ര, ശില്പങ്ങളുമായി എത്തുന്നത്. നേരത്തേ സിപിഐയുടെ ഒരു പാർട്ടി കോൺഗ്രസിലും വേദി അലങ്കരിക്കാൻ ശ്രീകുമാർ പോയിട്ടുണ്ട്. ഇത്തവണ ആലപ്പുഴയിൽ ആറംഗ സംഘവുമായാണ് ഈ കലാകാരൻ എത്തിയിട്ടുള്ളത്. പ്രതിനിധി സമ്മേളന, പൊതുസമ്മേളന വേദികള്‍ ആകർഷകമാക്കാൻ എത്തിയിട്ടുള്ളത് തൃശൂർ വരന്തരപ്പള്ളി വേലൂപ്പാടം സ്വദേശി വി എസ് ജോഷിയാണ്. പ്രതിനിധി സമ്മേളന നഗറിന്റെ കവാടം, പൊതുസമ്മേളനത്തിന്റെ സ്റ്റേജ്, രക്തസാക്ഷി മണ്ഡപം, ദീപശിഖാ സ്റ്റാന്റ്, ചരിത്രപ്രദർശനവീഥിക്ക് മുന്നിലെ കവാടം, എന്നിവയ്ക്ക് പുറമേ പുന്നപ്ര വയലാർ സമരം, കുട്ടനാട്ടിലെ കർഷകരുടെ സമര ചരിത്രം, കിഴക്കിന്റെ വെനീസായ ആലപ്പുഴ പട്ടണത്തിന്റെ ചരിത്രം എന്നിവയെല്ലാം ശില്പങ്ങളായി പുനർജനിക്കും. സിപിഐയുടെ സജീവപ്രവർത്തകനും കൊടകര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ജോഷിയും നിരവധി തവണ സിപിഐ സംസ്ഥാന സമ്മേളന വേദികൾ അലങ്കരിച്ചിട്ടുണ്ട്. ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ സംസ്ഥാന സമ്മേളനങ്ങൾ വരെ നീളുന്നു ജോഷിയുടെ കരവിരുത്. പ്രശസ്ത ചലച്ചിത്രകലാസംവിധായകനായ കുര്യൻ വർണശാലയുടെ സഹോദര പുത്രനാണ്. സിപിഐ നേതാവും തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ വി എസ് പ്രിൻസ് ജോഷിയുടെ സഹോദരനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.