
കെസിഎല്ലിൽ ആലപ്പി റിപ്പിൾസിനെതിരെ ഏഴ് വിക്കറ്റിന്റെ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ ടൈറ്റൻസ് 17-ാം ഓവറിൽ ലക്ഷ്യത്തിലെത്തി. നാല് വിക്കറ്റുമായി തിളങ്ങിയ ടൈറ്റൻസിന്റെ സിബിൻ ഗിരീഷാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആലപ്പി റിപ്പിൾസിന് ഓപ്പണർമാരായ അക്ഷയ് ചന്ദ്രന്റെയും ജലജ് സക്സേനയുടെയും വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായി. രണ്ട് പേരെയും ആനന്ദ് ജോസഫാണ് പുറത്താക്കിയത്. അക്ഷയ് ഏഴും ജലജ് സക്സേന എട്ടും റൺസാണ് നേടിയത്. മികച്ച ഷോട്ടുകളിലൂടെ പ്രതീക്ഷ നല്കിയ അഭിഷേക് പി നായരും 14 റൺസെടുത്ത് മടങ്ങി. തകർച്ച മുന്നിൽക്കണ്ട റിപ്പിൾസിനെ കരകയറ്റിയത് ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും അനൂജ് ജോതിനും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ടാണ്.
11 റൺസ് മാത്രമാണ് നേടിയതെങ്കിലും അനൂജ് ക്യാപ്റ്റന്‍ മികച്ച പിന്തുണയായി. മറുവശത്ത് മൈതാനത്തിന്റെ നാലു ഭാഗത്തേക്കും ഷോട്ടുകൾ പായിച്ച് തകർത്തടിക്കുകയായിരുന്നു മുഹമ്മദ് അസറുദ്ദീൻ. എന്നാൽ സ്കോർ 102ൽ നില്‍ക്കെ അസറുദ്ദീനെ പുറത്താക്കി സിബിൻ ഗിരീഷ് ടീമിന് നിർണായക വഴിത്തിരിവ് സമ്മാനിച്ചു. 38 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 56 റൺസാണ് അസറുദ്ദീൻ നേടിയത്. അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ശ്രീരൂപിന്റെ ഇന്നിങ്സാണ് റിപ്പിൾസിന്റെ സ്കോർ 150 കടത്തിയത്. ശ്രീരൂപ് 23 പന്തുകളിൽ 30 റൺസുമായി പുറത്താകാതെ നിന്നു. അസറുദ്ദീന് പുറമെ അഭിഷേക് നായർ, അക്ഷയ് ടി കെ, ബാലു ബാബു എന്നിവരെ പുറത്താക്കിയ സിബിൻ ഗിരീഷാണ് ടൈറ്റൻസിന്റെ ബൗളിങ് നിരയിൽ തിളങ്ങിയത്. ആനന്ദ് ജോസഫ് രണ്ട് വിക്കറ്റെടുത്തു
മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് ഓപ്പണർമാർ മികച്ച തുടക്കം സമ്മാനിച്ചു. തകർത്തടിച്ച് മുന്നേറിയ ആനന്ദ് കൃഷ്ണനും അഹ്മദ് ഇമ്രാനും ചേർന്ന് ആദ്യ ഓവറുകളിൽ തന്നെ കളി വരുതിയിലാക്കി. ടൂർണമെന്റിൽ ഇതുവരെ കണ്ട ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമായിരുന്നു ഇരുവരും കാഴ്ചവച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 121 റൺസ് കൂട്ടിച്ചേർത്തു. അഹ്മദ് ഇമ്രാനെ പുറത്താക്കി വിഘ്നേഷ് പുത്തൂരാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്. 44 പന്തുകളിൽ എട്ട് ഫോറടക്കം 61 റൺസ് ഇമ്രാൻ നേടി. ആനന്ദ് കൃഷ്ണൻ 39 പന്തുകളിൽ രണ്ട് ഫോറും അഞ്ച് സിക്സും അടക്കം 63 റൺസും സ്വന്തമാക്കി. 21 പന്തുകൾ ബാക്കി നില്‍ക്കെ അക്ഷയ് മനോഹറും എ കെ അർജുനും ചേർന്നാണ് തൃശൂരിനെ വിജയത്തിലെത്തിച്ചത്. റിപ്പിൾസിന് വേണ്ടി വിഘ്നേഷ് പുത്തൂർ രണ്ടും ശ്രീഹരി എസ് നായർ ഒരു വിക്കറ്റും വീഴ്ത്തി. ജയത്തോടെ തൃശൂർ രണ്ട് പോയിന്റ്സ്വന്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.