22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 18, 2026
January 14, 2026
January 8, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 24, 2025

കൊച്ചി പുതിയ കൊച്ചി തന്നെ

ആലപ്പിക്കെതിരെ 34 റണ്‍സിന്റെ ജയം 
ആഷിഖിന് നാല് വിക്കറ്റ്
Janayugom Webdesk
തിരുവനന്തപുരം
August 23, 2025 10:07 pm

കെസിഎല്ലിൽ തുടർച്ചയായ രണ്ടാം വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്. 34 റൺസിനാണ് ആലപ്പി റിപ്പിൾസിനെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പി റിപ്പിൾസ് 19.2 ഓവറിൽ 149 റൺസിന് ഓൾ ഔട്ടായി. കൊച്ചിയ്ക്ക് വേണ്ടി നാല് വിക്കറ്റ് വീഴത്തിയ മൊഹമ്മദ് ആഷിഖാണ് പ്ലെയർ ഓഫ് ദി മാച്ച്. ഇന്നിങ്സിന്റെ തുടക്കവും ഒടുക്കവും ഗംഭീരമായപ്പോൾ കൂറ്റൻ സ്കോറാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ആലപ്പി റിപ്പിൾസിന് മുന്നിൽ വച്ചത്. മുൻനിരയിൽ വിനൂപ് മനോഹരനും വാലറ്റത്ത് ആൽഫി ഫ്രാൻസിസുമാണ് കൂറ്റനടികളിലൂടെ കൊച്ചിയുടെ സ്കോർ ഉയർത്തിയത്. വിപുൽ ശക്തി വിനൂപിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാനിറങ്ങി. എന്നാൽ വിപുലിനെ വെറും കാഴ്ചക്കാരനാക്കി തുടക്കം മുതൽ വിനൂപ് തകർത്തടിച്ചു. ഓവറിൽ 12 റൺസിലും കൂടുതൽ ശരാശരിയിലാണ് കൊച്ചിയുടെ ഇന്നിങ്സ് മുന്നോട്ടു നീങ്ങിയത്. 11 റൺസെടുത്ത വിപുൽ ശക്തിയെ നാലാം ഓവറിൽ വിഘ്നേഷ് പുത്തൂർ പുറത്താക്കി. തുടർന്നെത്തിയ മുഹമ്മദ് ഷാനു മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അഞ്ച് പന്തുകളിൽ നിന്ന് 15 റൺസുമായി മടങ്ങി. ക്യാപ്റ്റൻ സാലി സാംസണിന്റെയായിരുന്നു അടുത്ത ഊഴം. ആദ്യ പന്തിൽ തന്നെ സിക്സുമായാണ് സാലി തുടങ്ങിയതെങ്കിലും മൂന്നാം പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി. ഇരുവരെയും അക്ഷയ് ചന്ദ്രനായിരുന്നു പുറത്താക്കിയത്. കെ ജെ രാകേഷ്, സഞ്ജു സാംസൻ, നിഖിൽ തോട്ടത്ത് എന്നിവരും കാര്യമായ സംഭാനകളില്ലാതെ മടങ്ങി. 13 റൺസെടുത്ത സഞ്ജു സാംസണിനെ ജലജ് സക്സേനയാണ് പുറത്താക്കിയത്. ശരാശരി സ്കോറിൽ ഒതുങ്ങുമെന്ന് തോന്നിച്ച കൊച്ചിയുടെ ഇന്നിങ്സിനെ 183 വരെയെത്തിച്ചത് ആൽഫി ഫ്രാൻസിസിന്റെ ഉജ്വല ഇന്നിങ്സാണ്. 13 പന്തുകളിൽ ഒരു ഫോറും നാല് സിക്സുമടക്കം 31 റൺസുമായി ആൽഫി പുറത്താകാതെ നിന്നു. ആലപ്പിയ്ക്ക് വേണ്ടി ശ്രീഹരി എസ് നായരും അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആലപ്പിയ്ക്ക് അക്ഷയ് ചന്ദ്രനും ജലജ് സക്സേനയും ചേർന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. എന്നാൽ സ്കോർ 43ൽ നില്‍ക്കെ ജലജ് സക്സേനയെ ക്ലീൻ ബൗൾഡാക്കി കെ എം ആസിഫ് കൊച്ചിക്ക് ആദ്യ ബ്രേക് ത്രൂ നല്കി. ജലജ് സക്സേന 16 റൺസെടുത്തു. 11 റൺസെടുത്ത മുഹമ്മദ് അസറുദ്ദീനെ ആൽഫി ഫ്രാൻസിസും 33 റൺസെടുത്ത അക്ഷയ് ചന്ദ്രനെ വിനൂപ് മനോഹരനും പുറത്താക്കിയതോടെ ആലപ്പിയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. 13 പന്തുകളിൽ നിന്ന് നാല് ഫോറടക്കം 29 റൺസാണ് അഭിഷേക് നേടിയത്. തൊട്ടടുത്ത ഓവറിൽ അനൂജ് ജോതിനെയും അക്ഷയ് ടി കെയെയും ബാലു ബാബുവിനെയും പുറത്താക്കി മൊഹമ്മദ് ആഷിഖ് ആലപ്പിയുടെ ശേഷിക്കുന്ന പ്രതീക്ഷകൾ കൂടി തല്ലിക്കെടുത്തി. തുടർന്നും വിക്കറ്റുകൾ മുറയ്ക്ക് വീണതോടെ 149 റൺസിന് ആലപ്പിയുടെ ഇന്നിങ്സിന് അവസാനമായി. കൊച്ചിയ്ക്ക് വേണ്ടി കെ എം ആസിഫും മൊഹമ്മദ് ആഷിക്കും നാല് വിക്കറ്റുകൾ വീതം വീഴ്ത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.