
ആലപ്പുഴയിൽ സിപിഐ സംസ്ഥാന സമ്മേളനം ഒരിക്കൽ കൂടി നടക്കുമ്പോൾ പി കെ മേദിനിയെ മറക്കാൻ കഴിയില്ല. കമ്മ്യൂണിസ്റ്റു പാർട്ടി രൂപീകരിക്കുമ്പോൾ പി കെ മേദിനിക്ക് ആറ് വയസ്. അന്നുമുതൽ കമ്മ്യൂണിസ്റ്റു പാർട്ടിയോടൊപ്പം അച്ഛനും അമ്മയും അടക്കം കുടുംബം മുഴുവൻ കമ്മ്യൂണിസ്റ്റുകാർ. എല്ലാം കണ്ടും കേട്ടും ആറ് വയസുകാരി സാമൂഹ്യപ്രവർത്തകയും വിപ്ലവ ഗായികയും മഹിളാസംഘം നേതാവുമായി. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ് എന്ന നിലയിൽ അധികാരക്കസേരയിൽ ഇരുന്നു ജനങ്ങൾക്കു നേട്ടങ്ങളുണ്ടാക്കി പാർട്ടിയുടേയും ജനങ്ങളുടേയും മനസിൽ ഇടം നേടി. ഇപ്റ്റ, യുവ കലാസാഹിതി തുടങ്ങിയ സാംസ്കാരിക സംഘടനയുടെ നേതൃസ്ഥാനത്തു പ്രവർത്തിച്ചു. അഭിനയം, വിപ്ലവഗാനങ്ങൾ മേദിനിക്ക് ഹരമായി മാറി. 92-ാമത്തെ വയസിലും സജീവമായി രംഗത്തുണ്ട്. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ സംഘടനയായ “തിരുവിതാംകൂർ കയർഫാക്ടറി വർക്കേഴ്സ് യൂണിയനുമായി ബന്ധപ്പെട്ടാണ്. പി കെ മേദിനിയുടെ പൊതുജീവിത തുടക്കം. അന്ന് ട്രേഡ് യൂണിയന്റെ കീഴിൽ ഒരു സാംസ്കാരിക കേന്ദ്രം പ്രവർത്തിച്ചിരുന്നു. ജോലി കഴിഞ്ഞെത്തുന്ന തൊഴിലാളി സഖാക്കൾക്കു കലാപരവും സാംസ്ക്കാരികവുമായ കഴിവുകൾക്ക് വേണ്ട പരിശീലനം കൊടുക്കുകയും അതിലൂടെ ഒരു കമ്മ്യൂണിസ്റ്റ് എങ്ങിനെയായിരിക്കണമെന്ന് മനസിലാക്കി കൊടുക്കാനും തൊഴിലാളി സാംസ്കാരിക സംഘടനയ്ക്കു കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് പിന്നീട് പി കെ മേദിനി വിപ്ലവ ഗായികയായി വളർന്നത്. 74 വർഷമായി സിപിഐ മെമ്പറാണ് മേദിനി. എവിടെയും തൊഴിൽസമരങ്ങൾ, മീറ്റിങ്ങുകൾ. നിരന്തരമായി എല്ലാ പാർട്ടി മീറ്റിങ്ങുകൾ തുടങ്ങുന്നതും അവസാനിക്കുന്നതും വിപ്ലവഗാനങ്ങളോടെയായിരുന്നു. പി കെ മേദിനിയും വിപ്ലവ കൂട്ടായ്മയുടെ ഭാഗമായി മുൻനിരയിലെത്തി. പട്ടാളവും പൊലീസും ഗുണ്ടകളും ചേർന്ന് തൊഴിലാളികളേയും അവരുടെ വീടുകളിലെ സ്ത്രീകളേയും മർദിച്ചവശരാക്കുന്നതും കുടിലുകൾക്കു തീവയ്ക്കുന്നതും കളളക്കേസുകളിൽ കുടുക്കി പല സഖാക്കളേയും ലോക്കപ്പിലിടുന്നതും സമാധാനത്തോടെ സ്വന്തം വീടുകളിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയും കണ്ടു വളർന്ന സഖാവാണ് പി കെ മേദിനി. പുന്നപ്രയിലും വയലാറിലും സമരം നടക്കുമ്പോൾ മേദിനിയുടെ പ്രായം 13. വീട്ടിലുള്ള മിക്കപേരും ഒളിവിൽ. പിടിക്കപ്പെട്ടാൽ മേദിനിയെ അറസ്റ്റു ചെയ്ത് ലോക്കപ്പിലിടുമെന്ന് മനസിലാക്കി ചില സഖാക്കൾ എറണകുളത്തേക്ക് കൊണ്ടുപോയി ഒരു സഖാവിന്റെ വീട്ടിൽ താമസിപ്പിച്ചു. ഒളിവു ജീവിതത്തിന്റെ ഭാഗമായി മേദിനിയെ തിരിച്ചറിയാതിരിക്കാൻ പുരുഷ വേഷമാണ് ധരിപ്പിച്ചത്. പുറത്തിറങ്ങാതെ വീട്ടിനകത്തുതന്നെ ദിവസങ്ങൾ തള്ളിനീക്കി. തന്റെ വീട്ടിലുള്ളവർക്ക് എന്താണ് സംഭവിച്ചതെന്നറിയാൻ കഴിയാതെ വിഷമിച്ചു. ഒരു ദിവസം രാത്രി പുഴയിൽ മുടി അഴിച്ചിട്ടു കുളിക്കുമ്പോൾ ആ നാട്ടുകാരില്‍ ചിലർ കണ്ടു. ഇനി മേദിനിയെ ആ വീട്ടിൽ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് മനസിലാക്കി ഇടപ്പള്ളിയിലെ ഒരു സഖാവിന്റെ വീട്ടിലേക്കു കൊണ്ടുപോയി. അതേസമയം “വയലാർ” എന്ന ഗ്രാമം ഇനി ഈ ഭൂമുഖത്തുണ്ടാകില്ല. കമ്മ്യൂണിസ്റ്റു പാർട്ടിയുടെ കഥ കഴിഞ്ഞു എന്നൊക്കെ ആഘോഷിച്ച് പട്ടാളക്കാരും പ്രമാണിമാരും അവരുടെ ശിങ്കിടികളും ആനന്ദനൃത്തമാടി. സർ സിപിയുടെ പ്രത്യേക പാരിതോഷികങ്ങളും സ്വീകരിച്ച് പട്ടാളം പഴയതിനേക്കാൾ ക്രൂരതയോടെ തൊഴിലാളികളേയും കമ്മ്യൂണിസ്റ്റുകാരേയും നേരിട്ട വാർത്ത അറിഞ്ഞ മേദിനി സ്വന്തം ഗ്രാമത്തിലെത്താൻ തിടുക്കം കൂട്ടി. ഒളിവിൽ പോയിരുന്നവർ കുറേശെ കുറേശെയായി വീടുകളിലേക്കു തിരികെയെത്തി. ‘പട്ടാളം വിതച്ച വയലാർ ദുരന്തവും മുറിപ്പാടുകളും പേറി ഗ്രാമം വിറങ്ങലിച്ചു നിന്നു. അപ്പോഴും ഉറ്റവരേയും സഖാക്കളേയും തേടിയുള്ള തെരച്ചിൽ തുടർന്നുകൊണ്ടേയിരുന്നു. നാടു ക്രമേണ സാധാരണ നിലയായി. പട്ടാളം തിരികെ പോയി. പൊലീസ് സേന മാത്രമായി. ഭീകരാന്തരീക്ഷത്തിനു അയവു വന്നു. ഒളിവുജീവിതം അവസാനിപ്പിച്ച് മേദിനി തിരിച്ചുവന്നപ്പോഴും വയലാർ സംഭവത്തിന്റെ നടുക്കുന്ന ഓർമ്മകളും സഖാവ് മേദിനിയെ വേട്ടയാടിക്കൊണ്ടിരുന്നു. സഖാവ് മേദിനിക്ക് 15 വയസായപ്പോഴാണ് ഒളിവിൽ കഴിയുന്ന കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് മെസ്സഞ്ചർ ആകേണ്ടി വന്നത്. അന്ന്, അതിന്റെ ഗൗരവമൊന്നും മേദിനിക്കു മനസിലാക്കാൻ കഴിഞ്ഞില്ല. മേദിനിയുടെ വീടിനടുത്ത് അടഞ്ഞുകിടന്നിരുന്ന പുത്തൻപുരയ്ക്കൽ വീട്ടിൽ പാർട്ടി സഖാക്കൾ ഒളിവിൽ കഴിയുന്ന കാര്യം ഒളിവിലിരിക്കുന്ന തന്റെ സഹോദരനിൽ നിന്നും അറിഞ്ഞത്. ഒരു ദിവസം സഹോദരൻ അതീവ രഹസ്യമായി മേദിനിയോടു ഒരു കാര്യം പറഞ്ഞു. “പുത്തൻപുര വീട്ടിൽ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ഒരു വലിയ സഖാവ് താമസിക്കുന്നുണ്ട്. ഇക്കാര്യം മറ്റാരോടും പറയരുത്. നീ അവിടെ ചെല്ലണം സഖാവ് ഒരു വലിയ പൊതി തരും. അതു വാങ്ങി എനിക്കെത്തിച്ചു തരണം.” അതു പറഞ്ഞ് ബാവ ചേട്ടൻ ഒളിവിൽ പോയി. മേദിനിക്ക് ആശങ്ക ഒളിവിൽ കഴിയുന്ന സഖാവിനോടു എന്താണ് പറയേണ്ടത്? പൊതിയിൽ എന്താണെന്നോ ഒന്നും മേദിനിക്കു മനസിലായില്ല. 15 വയസായ മേദിനി പാർട്ടിക്കാരുടെ ശീലവും പ്രവർത്തന രീതിയും എല്ലാം പരിശീലിച്ചു തുടങ്ങിയിരുന്നു. മേദിനി പിടിക്കപ്പെടുമോ എന്ന് ഭയന്ന് പുത്തൻപുരയ്ക്കൽ വീടിന്റെ ഉമ്മറത്തു ചെന്നു. വാതിലിൽ തട്ടി വിളിക്കാൻ ശങ്കിച്ചു നിൽക്കുമ്പോൾ അടഞ്ഞുകിടന്നിരുന്ന വാതിലിന്റെ പകുതിഭാഗം തുറന്ന് ഒരു പുരുഷരൂപം. തലയും മറ്റു ശരീരഭാഗങ്ങളും അല്പാല്പമായി വെളിയിൽ കാണാവുന്ന രീതിയിൽ പൊതി നീട്ടി തന്നു. ആ സഖാവിനു സാമാന്യം പൊക്കവും ഇരു നിറവും അരക്കയ്യൻ ഷർട്ടും തിളക്കമുള്ള കണ്ണുകളുമുണ്ടായിരുന്നു. അതുവരെ അങ്ങനെ ഒരു സഖാവിനെ മേദിനിക്കു പരിചയമുണ്ടായിരുന്നില്ല. “എന്താ പേര്?” സഖാവ് ചോദിച്ചു. മേദിനി പേരു പറഞ്ഞു. “തനിച്ചു നടക്കാൻ പേടിയില്ലെ?” “ഞാനും ഒരു കമമ്യൂണിസ്റ്റുകാരിയാണ് ” എന്ന് മേദിനി പറഞ്ഞു ആ മറുപടി സഖാവിനു ഇഷ്ടപ്പെട്ടു. കെട്ടിൽ നിന്നും ഒരു പുസ്തകം എടുത്ത് മേദിനിക്കു നൽകി പറഞ്ഞു “ധീരയായ കുട്ടി സഖാവേ ഈ പുസ്തകം വായിക്കണം.” അതു പറഞ്ഞു വാതിലടച്ചു. മേദിനി പുസ്തകവുമായി വീട്ടിലേക്കു നടന്നു. താമസിയാതെ മേദിനിക്കു പുസ്തകം നൽകിയത് ഒളിവിൽ താമസിക്കുന്ന സഖാവ് പി കൃഷ്ണ പിളളയാണെന്നറിഞ്ഞപ്പോൾ മേദിനിക്കു സന്തോഷം അടക്കാൻ കഴിഞ്ഞില്ല. സ്ഥിരമായി കേട്ടിരുന്ന പേരാണ് പി കൃഷ്ണപിള്ള. കാണാൻ ആഗ്രഹിച്ചിരുന്ന സഖാവാണ് പി കൃഷ്ണപിള്ള. മേദിനിയുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ മൂഹൂർത്തമായി ഇപ്പോഴും മനസിൽ സൂക്ഷിക്കുന്നു. ഒളിവിലിരുന്ന പാർട്ടി സഖാക്കളെ ഓരോരോ സങ്കേതത്തിൽ നിന്നും പല കേന്ദ്രങ്ങളിലേക്കു മാറ്റിക്കൊണ്ടിരുന്നു. പി കൃഷ്ണപിള്ളയേയും പുത്തൻപുരവീട്ടിൽ നിന്നും എങ്ങോട്ടോ മാറ്റി. ഒരിക്കൽക്കൂടി ആ സഖാവിനെ കാണാനും സംസാരിക്കാനും ആഗ്രഹിച്ചെങ്കിലും പിന്നീട് മേദിനിക്കതിനു കഴിഞ്ഞില്ല. ഏതാനും ദിവസം കഴിഞ്ഞപ്പോൾ വയലാർ ഗ്രാമം ഞെട്ടലോടെ ആ വാർത്ത കേട്ടത്. സഖാവ് പി കൃഷ്ണപിള്ള പാമ്പുകടിയേറ്റു മരിച്ചു. ഓഗസ്റ്റ് 19നായിരുന്നു മരണം. മുഹമ്മയിലെ കണ്ണർകാട്ട് ചെല്ലി കണ്ടത്തിൽ വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് പാമ്പു കടിച്ചതും മരണപ്പെട്ടതും. കൃഷ്ണപിള്ളയുടെ ഭൗതിക ശരീരം കാണാൻ മറ്റു സഖാക്കളോടൊപ്പം മേദിനിയും പോയി. സഖാവിനെ അവസാനമായി കണ്ടു; കണ്ണുകൾ നിറച്ച് സഖാവിനെ നോക്കി നിന്നപ്പോൾ മന്ത്രിച്ചു. “കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ്” എന്ന് അവകാശപ്പെടാവുന്ന നാമം. സഖാവ് എന്നാൽ പി കൃഷ്ണപിള്ള മുഹമ്മയിലെ സഖാവ് പാമ്പുകടിയേറ്റു മരിച്ച കണ്ണർകാട്ട് വീട് സ്മാരകമായി നിലകൊള്ളുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.