
യുഎസും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തന്റെ ഉള്ളംകയ്യിലാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി മേനി നടിക്കാറുണ്ടായിരുന്നത്. എന്നാൽ വ്യാപാര, രാഷ്ട്രീയ താല്പര്യങ്ങളിൽ അതൊന്നും പരിഗണനയല്ലെന്ന് തെളിയിച്ചുകൊണ്ട് ഇന്ത്യക്കെതിരായ യുഎസിന്റെ പ്രതികാരത്തീരുവയുമായി ട്രംപ് മുന്നോട്ടുപോകുകയാണ്. അധികാരത്തിലേറിയതു മുതൽ തനിക്ക് ഇഷ്ടമല്ലാത്ത രാജ്യങ്ങൾക്ക് തീരുവ വർധിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നുവെങ്കിലും അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന ധാരണയായിരുന്നു മോഡി വച്ചുപുലർത്തിയത്. അതുകൊണ്ടാണ് ശക്തമായ പ്രതികരണങ്ങൾ മോഡിയിൽ നിന്നോ മറ്റ് ഉത്തരവാദപ്പെട്ടവരിൽ നിന്നോ ഉണ്ടാകാതിരുന്നത്. നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ട്രംപ് ആവർത്തിച്ചപ്പോഴും മോഡി പ്രതികരിക്കാൻ തയാറായില്ല. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉൾപ്പെടെ രണ്ടാം നിരയുടെ ഭാഗത്തുനിന്നാകട്ടെ ദുർബലമായ പ്രസ്താവനകള്‍ മാത്രമാണുണ്ടായത്. എന്നിട്ടും നിലപാടിൽ നിന്ന് പിറകോട്ടില്ലെന്ന് തെളിയിച്ചുകൊണ്ട് 25% തീരുവയ്ക്കുപുറമേ 25% പ്രതികാരച്ചുങ്കം കൂടി ചേർത്ത് 50% പ്രാബല്യത്തിലാക്കുകയാണ് ട്രംപ് ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് ആറിലെ ഉത്തരവ് നടപ്പാക്കുന്നതിന് കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചു. 27 മുതൽ നിലവിൽവരികയും ചെയ്തു. കടുത്ത ശത്രുതയുള്ള രാജ്യങ്ങൾക്ക് നിശ്ചയിച്ച അതേ നിരക്കിലാണ് ഇന്ത്യക്കും തീരുവ ചുമത്തിയിരിക്കുന്നത്. ലാറ്റിനമേരിക്കയിൽ യുഎസിനോട് പോർമുഖം തുറന്നുനിൽക്കുന്ന ബ്രസീലിന് സമാനമാണ് ഇന്ത്യയുടെ തീരുവയും. സ്വിറ്റ്സർലൻഡ് 39, കാനഡ 35, ചൈന, ദക്ഷിണാഫ്രിക്ക 30% വീതമാണ് ഇന്ത്യക്ക് പിന്നിലുള്ള രാജ്യങ്ങളുടെ നിരക്ക്. ഇതര ഏഷ്യൻ രാജ്യങ്ങൾക്ക് മിക്കവയ്ക്കും 20 ശതമാനത്തിൽ താഴെയാണെന്നും പരിഗണിക്കണം. എക്കാലത്തും ട്രംപിനോട് അമിത വിധേയത്വം പുലർത്തുന്ന വ്യക്തിയാണ് എന്നതിനാൽ പ്രതികരണം നടത്താൻ ഇന്ത്യയുടെ പ്രധാനമന്ത്രി തയ്യാറായില്ലെന്നത് അത്ഭുതപ്പെടുത്തുന്നില്ല.
പുതിയ തീരുവ ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് കനത്ത ആഘാതമാണുണ്ടാക്കാൻ പോകുന്നതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. 75 ലക്ഷം കോടിയുടെ ഇടപാടുകൾ നടന്നിടത്ത് 43 ലക്ഷം കോടിയായി ഇടിയുമെന്നാണ് ന്യൂഡൽഹി ആസ്ഥാനമായുള്ള ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) കണക്കാക്കിയിരിക്കുന്നത്. തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, ചെമ്മീൻ, പരവതാനികൾ എന്നിവയെയാണ് ഏറ്റവും കൂടുതൽ ബാധിക്കുകയെന്നും കയറ്റുമതിയിൽ 70% ഇടിവിന് സാധ്യതയുണ്ടെന്നും ഇത് ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നും ജിടിആർഐ പറയുന്നു. യുഎസിനെ സംബന്ധിച്ച് ഇന്ത്യ വലിയ വ്യാപാര പങ്കാളിയല്ലെങ്കിലും ഇന്ത്യയെ സംബന്ധിച്ച് തങ്ങളുടെ പ്രമുഖ ഉല്പന്നങ്ങൾ വിറ്റഴിക്കാനാകുന്ന വ ലിയ വ്യാപാര വിപ ണിയാണ് യുഎസ് എന്നാണ് ദ വയറിന്റെ എഡിറ്ററും സാമ്പത്തികകാര്യ ലേഖകനുമായ എം കെ വേണുവിന്റെ വിലയിരുത്തൽ. തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, മത്സ്യബന്ധനം, തുകല്‍, കരകൗശല വസ്തുക്കൾ എന്നിവയുടെ മേഖലകളിലെ കയറ്റുമതിയെ ഇത് ബാധിക്കുമെന്നും, ഈ മേഖലകളിൽ ഇന്ത്യയിലുള്ള പലതും ചെറുകിട സ്ഥാപനങ്ങളായതിനാൽ തീരുവ ആഘാതത്തെ അതിജീവിക്കാൻ പ്രയാസമാകുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യക്ക് ദോഷകരമായി ബാധിക്കുന്ന മേഖലകളിൽ ഏഷ്യയിലെ തന്നെ കുറഞ്ഞ തീരുവയുള്ള രാജ്യങ്ങൾക്കാണ് നേട്ടമുണ്ടാകുക എന്നും പറയുന്നുണ്ട്. അങ്ങനെ വൻ ആഘാതമാണ് രാജ്യം നേരിടാൻ പോകുന്നത്.
സ്വതന്ത്ര വിപണി സംസ്കാരം നേട്ടമുണ്ടാക്കുമെന്നായിരുന്നു ഉദാരവൽക്കരണ വക്താക്കളുടെ അവകാശവാദം. എന്നാൽ അതിനെ സാമ്പത്തിക യുദ്ധത്തിനുള്ള ആയുധമായുപയോഗിക്കാമെന്ന പുതിയ തന്ത്രമാണ് ട്രംപും കൂട്ടരും ആവിഷ്കരിച്ചിരിക്കുന്നത്. തങ്ങളുടെയും സഖ്യകക്ഷികളുടെയും രാഷ്ട്രീയ, സാമ്പത്തിക താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് യുദ്ധങ്ങൾക്ക് പല വഴികളുണ്ടെന്നാണ് ട്രംപ് കാട്ടിത്തരുന്നത്. ഫലത്തിൽ ആയുധങ്ങളും മിസൈലുകളുമില്ലാതെയുള്ള പുതിയ യുദ്ധമുറ. ഈ സാഹചര്യം യുഎസ് ആഭിമുഖ്യമുള്ള ഇന്ത്യയുടെ വിദേശനയം പുനഃപരിശോധിക്കണമെന്ന പാഠം രാജ്യത്തിന് മുന്നിൽവയ്ക്കുന്നുണ്ട്. ലോകം ഇരുചേരികളായിരുന്നപ്പോൾ ചേരിചേരായ്മാ നയവും, ഏകധ്രുവമെന്ന് യുഎസും സാമ്രാജ്യത്വ ശക്തികളും മേനി നടിച്ചപ്പോൾ നിഷ്പക്ഷമായി പ്രശ്നാധിഷ്ഠിത നിലപാടുകളും സ്വീകരിച്ച രാജ്യം 10 വർഷമായി കടുത്ത യുഎസ് ആഭിമുഖ്യം സ്വീകരിച്ചു. ഇത് മോഡിക്കും ചങ്ങാത്ത മുതലാളിത്തത്തിനുമല്ലാതെ രാജ്യത്തിന് നേട്ടമുണ്ടാക്കിയില്ലെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. തങ്ങളുടെ പിടിവാശികൾക്ക് കൂടെ നിൽക്കുന്നില്ലെങ്കിൽ അധിക തീരുവ അനുഭവിക്കേണ്ടിവരുമെന്നും ഇന്ത്യയുടെ ഐക്യത്തിന് വിഘാതമായി നിൽക്കുന്ന ശക്തികൾക്ക് സഹായം നൽകുമെന്നുമുള്ള ട്രംപിന്റെ നടപടിയോടെ അത് കൂടുതൽ വ്യക്തമാകുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് മുമ്പിലുള്ള പോംവഴി യുഎസിനെതിരെ പ്രതിരോധം കെട്ടിപ്പടുക്കുക എന്നതുമാത്രമാണ്. അല്ലെങ്കിൽ ട്രംപ് പറയുന്നതിനെല്ലാം വിനീത ദാസന്മാരായി വിധേയപ്പെടുകയെന്നുള്ളതാണ്. ആദ്യത്തേതുണ്ടാകണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. ഇപ്പോൾ തന്നെ ബ്രസീലിനെ പോലുള്ള രാജ്യങ്ങൾ നട്ടെല്ലുയർത്തി നിന്ന് യുഎസിനെ ചോദ്യം ചെയ്യാൻ തയ്യാറായിട്ടുണ്ട്. അത്തരം രാഷ്ട്രങ്ങളെയും ജനങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് ഐക്യനിര വളർത്തിക്കൊണ്ടുവരാൻ ഇന്ത്യ മുൻകയ്യെടുക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.