22 January 2026, Thursday

ഭൂപതിവ് ചട്ടം ലളിതവും സുതാര്യവും

കെ രാജന്‍
റവന്യു ഭവന നിർമ്മാണ മന്ത്രി
August 29, 2025 4:15 am

ലയോര കർഷകരുടെ മനസിലും മണ്ണിലും കയ്യൊപ്പ് ചാർത്തിയ ഒന്നാണ്, ഓണസമ്മാനമായി മന്ത്രിസഭ അംഗീകാരം നൽകിയ ഭൂപതിവ് നിയമങ്ങളുടെ ഭാഗമായ ഭൂപതിവ് ചട്ടം. റവന്യൂവകുപ്പ് ഏറെ ശ്രദ്ധയോടെ സുതാര്യവും ലളിതവുമായാണ് ഭൂപതിവ് ചട്ടം സംസ്ഥാനത്തിന് മുമ്പാകെ സമർപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നം പരിഹരിക്കുമെന്നും ഇതിനായി ഭൂപതിവ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നോട്ടുവച്ച പ്രകടന പത്രികയിലെ 380-ാമത്തെ വാഗ്ദാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും നിർണായകമായ നിയമ ഭേദഗതിക്ക് കഴിഞ്ഞ സെപ്റ്റംബർ 14ന് കേരള നിയമസഭ വേദിയായി. മലയോര മേഖലയിലെ ജനങ്ങളുടെ ആറര പതിറ്റാണ്ട് നീണ്ട ഭൂപ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താനാണ് 1960ലെ നിയമത്തിലെ ഭേദഗതിയും അതിന്റെ ഭാഗമായുള്ള പുതിയ ചട്ടങ്ങളും. സെപ്റ്റംബർ പകുതിയോടെ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി പരിശോധനയ്ക്ക് ശേഷം ചട്ടം യാഥാർത്ഥ്യമാക്കും. 1960ലെ ഭൂപതിവ് നിയമവും അതിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങളും പ്രകാരം, വീട് നിർമ്മാണത്തിനും കൃഷിക്കുമാണ് പ്രധാനമായും ഭൂമി പതിച്ചുനൽകിയത്. എന്നാൽ കാലാന്തരത്തിൽ ഭൂവിനിയോഗത്തിൽ വലിയ മാറ്റങ്ങളുണ്ടായി. പട്ടയ ഭൂമിയിൽ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ജീവിതോപാധിക്കായി നിർമ്മിച്ച ചെറുകിട സ്ഥാപനങ്ങളും മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്കുമൊക്കെയായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു. പതിച്ചു കിട്ടിയ ഭൂമിയിൽ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ ഏതെങ്കിലും വിധത്തിലുള്ള നിരോധനം ഏർപ്പെടുത്തിയിരുന്നില്ല. 

ഭൂപതിവ് നിയമത്തിനും ചട്ടത്തിനും വിരുദ്ധമായിട്ടാണ് ഭൂവിനിയോഗം നടക്കുന്നത് എന്നുകാണിച്ച് വിവിധ സംഘടനകൾ, ഹൈക്കോടതിയുടെ മുമ്പിൽ കൊണ്ടുവന്ന ഹർജിയാണ് പ്രശ്നങ്ങളുടെ തുടക്കം. 2010 ജനുവരി 21ന് 1801/2010 നമ്പര്‍ പൊതുതാല്പര്യ ഹർജിയിലെ വിധിയുടെ അടിസ്ഥാനത്തിൽ മൂന്നാറിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായി. ഇതിലൂടെ നിർമ്മാണ മേഖലയിലെ പ്രതിസന്ധി ആദ്യം മൂന്നാറിലെ എട്ട് വില്ലേജുകളിലും, പിന്നീട് ഇടുക്കി ജില്ലയിലെമ്പാടുമായി. ഒരു ഘട്ടത്തിൽ ഈ നിരോധനം സംസ്ഥാനത്തിനാകെ ബാധകമാകുമെന്ന തരത്തിൽ ഉത്തരവുണ്ടായി. ഇത് കേരളത്തിന്റെ സാമൂഹിക ജീവിതത്തെ ബാധിക്കുന്ന ഒരു സാഹചര്യത്തിലാണ് ഭൂപതിവ് നിയമം ഭേദഗതി ചെയ്യണമെന്ന നിലപാടിലേക്ക് കേരള സർക്കാർ എത്തിയത്.
ഭേദഗതി നിയമം പാസാക്കിയ സർക്കാരിന്റെ ലക്ഷ്യം എല്ലാവിഭാഗം ആളുകൾക്കും ഗുണം ചെയ്യുന്ന ചട്ടം കൂടി കൊണ്ടുവരിക എന്നതായിരുന്നു. ശ്രമകരമായ ആ ദൗത്യത്തിന്റെ ഭാഗമായി നിരവധി കോടതി വിധികൾ പരിശോധിക്കേണ്ടി വന്നു. 1960ലെ ഭൂപതിവ് നിയമത്തിൽ 1964ലെ ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമിയെ സംബന്ധിച്ചായിരുന്നു പല കോടതി ഉത്തരവുകളും. എന്നാൽ 64ലെ ചട്ടം മാത്രം തിരുത്തിയാൽ പരിഹരിക്കപ്പെടുന്ന പ്രശ്നമായിരുന്നില്ല ഇത്. 1960ലെ നിയമത്തിന്റെ ഭാഗമായുണ്ടാക്കിയ വിവിധ ചട്ടങ്ങൾ കൂടി സാധുവാകുന്ന വിധത്തിലാവണം പുതിയ ചട്ടം എന്ന് സർക്കാർ നിശ്ചയിച്ചു.
സുപ്രീം കോടതി വരെ പരിഗണിക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത വിഷയമായതിനാൽ, ഒരു വർഷക്കാലം വളരെ ദീർഘമായ നിയമ ചർച്ചകൾക്ക് ഇത് വിധേയമാക്കി. സൂക്ഷ്മതലത്തിലുള്ള നിയമ പരിശോധനകളും ആവശ്യമായി വന്നു. ഒരു കാരണവശാലും ചട്ടം അനാവശ്യ വിവാദങ്ങൾക്ക് വിധേയമാകരുത് എന്നും ജനങ്ങൾക്ക് അമിതഭാരം അടിച്ചേല്പിക്കരുത് എന്നുമുള്ള ലക്ഷ്യം കൂടി സർക്കാരിനും റവന്യുവകുപ്പിനും ഉണ്ടായിരുന്നു.
മലയോര മേഖല അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാൻ കഴിയുന്നതും ആധുനിക കാലത്തിനനുസൃതമായ ഭൂവിനിയോഗ സാധ്യതകൾക്ക് ഒരു തുടക്കവുമായിരിക്കും പുതിയ ചട്ടം. ഏറ്റവും ആധികാരികമായിത്തന്നെയാണ് റവന്യുവകുപ്പും സർക്കാരും ഭൂപതിവ് നിയമത്തിനും അതിന്റെ ഭാഗമായ ചട്ടത്തിനും രൂപം നൽകിയത്. ഒരുപക്ഷെ, സമീപ ഭൂതകാലത്ത് ഡീമ്ഡ് റെഗുലറൈസേഷൻ എന്ന വകുപ്പ് ഉൾപ്പെടുത്തിയ മറ്റൊരു ചട്ടവും നിർമ്മിക്കപ്പെട്ടിട്ടില്ല.
നിലവിലുള്ള വ്യവസ്ഥാ ലംഘനങ്ങൾ ക്രമീകരിക്കുന്നതിനുള്ള 4 എ (1) വകുപ്പും, പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതിന് അനുവാദം നൽകുവാൻ സർക്കാരിന് അധികാരം നൽകുന്ന 4 എ (2) വകുപ്പും പ്രധാനമാണ്. ചട്ടത്തിന്റെ മൂന്നാമത് വ്യവസ്ഥ സൗജന്യമായ ക്രമവൽക്കരണത്തെ സംബന്ധിച്ചാണ്. എല്ലാ വീടുകളും പൊതു കെട്ടിടങ്ങളും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും, ഒപ്പം 3,000 ചതുരശ്രയടി വിസ്തീർണമുള്ള ചെറുകിട നിർമ്മാണങ്ങളും ഡീമ്ഡ് റെഗുലറൈസേഷൻ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

വ്യവസ്ഥാ ലംഘനം ക്രമപ്പെടുത്തി കൊടുക്കുന്നതിലൂടെ സർക്കാർ ഖജനാവിലേക്ക് പണം എത്തിക്കുകയല്ല സർക്കാരിന്റെ ലക്ഷ്യം; ഏറ്റവും ലളിതമായ രീതിയിൽ അപേക്ഷകർക്ക് കൈകാര്യം ചെയ്യാനാവുന്ന ഒരു ചട്ടം പ്രാവർത്തികമാക്കുക എന്നതാണ്. റവന്യുവകുപ്പിന്റെ റെലിസ് പോർട്ടലിലെ പ്രത്യേക ഓപ്ഷനിൽ ജില്ല, താലൂക്ക്, തണ്ടപ്പേർ എന്നിവ നൽകിയാൽ അപേക്ഷകരുടെയും ഭൂമിയുടെയും പൂർണമായ വിവരങ്ങള്‍ കാണാൻ കഴിയും. ഇതോടൊപ്പം ഓൺലൈനായി ലഭ്യമാകുന്ന 50 രൂപയുടെ ഇ‑ചെലാൻ (ഇ‑മുദ്രപത്രം) വഴി ഒരു സത്യവാങ്മൂലം കൂടി അപ്‌ലോഡ് ചെയ്യണം. വീട്ടിലിരുന്നു തന്നെ ഈ നടപടി പൂർത്തിയാക്കാവുന്നതാണ്. അപേക്ഷ രജിസ്റ്റർ ചെയ്യപ്പെട്ടാൽ പരിശോധനാ കാലതാമസം ഇല്ലാതെ തന്നെ തുടർ നടപടികളിലേക്ക് പോകുന്ന ഒരു ഉത്തരവ് ഇതിന്റെ ഭാഗമായി വരും. 90 ദിവസത്തിനുള്ളിൽ ഏതെങ്കിലും സാഹചര്യത്തിൽ അപേക്ഷ പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് പാസായതായി കരുതുന്ന വിധത്തിലുള്ള നടപടി ക്രമവും ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അപേക്ഷയും ഒപ്പം നൽകിയ രേഖകളും പരിശോധിച്ച ശേഷം അത് ക്രമകരം അല്ലെന്നോ അപൂർണമാണെന്നോ കണ്ടെത്തിയാൽ, ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ അപേക്ഷ തള്ളാതെ, 30 ദിവസത്തിനകം അപേക്ഷകന് തിരികെ നൽകുകയും പോരായ്മകൾ പരിഹരിച്ച് വീണ്ടും സമർപ്പിക്കാനുമുള്ള സൗകര്യം ഒരുക്കുകയും ചെയ്യും. കാർഷിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്, കാർഷികോല്പന്ന നിർമ്മിതിക്കുള്ള കെട്ടിടം, ആരാധാനാലയങ്ങൾ, സർക്കാർ അംഗീകാരമുള്ളതോ യൂണിവേഴ്സിറ്റികളിൽ അഫിലിയേറ്റ് ചെയ്തതോ ആയ സ്ഥാപനങ്ങൾ (അൺ എയിഡഡ് ഉള്‍പ്പെടെ) എന്നിവയ്ക്ക് ഫീസ് ഈടാക്കുകയില്ല. 

സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ, അംഗീകൃത രാഷ്ട്രീയ പാർട്ടികൾ, സർക്കാർ അംഗീകരിച്ച സാമൂഹിക സംഘടനകൾ, രജിസ്റ്റർ ചെയ്ത സഹകരണ സംഘങ്ങൾ എന്നിവ ഉപയോഗിക്കുന്ന കെട്ടിടങ്ങൾ, സമയ പരിധി ലംഘിച്ചുകൊണ്ട് ഭൂമി കൈമാറ്റം ചെയ്ത കേസുകൾ എന്നിവയ്ക്ക് ഒരു ശതമാനം തുക ഈടാക്കും. ഏറ്റവും ചെറുകിട കച്ചവടക്കാർക്ക് 3,000 ചതുരശ്രയടി വിസ്തീർണമുള്ള ഭൂമിക്ക് പണം ഈടാക്കുന്നില്ല എന്നു മാത്രമല്ല, 3,000 മുതൽ 5,000 ചതുരശ്രയടി വരെ ഭൂമിക്ക് ന്യായവിലയുടെ അഞ്ച് ശതമാനം തുക മാത്രം അടച്ചാൽ മതി. ഇങ്ങനെ സാധാരണക്കാരായ മനുഷ്യരെ ഒരുവിധത്തിലും ബാധിക്കാത്ത വിധമാണ് ചട്ടത്തിലെ വ്യവസ്ഥ കൊണ്ടുവന്നിരിക്കുന്നത്. നിലവിലുള്ള 1960ലെ ഭൂപതിവ് നിയമത്തിന്റെ ഭാഗമായ 11 ചട്ടങ്ങളുണ്ടാക്കുന്ന പ്രശ്നങ്ങൾ കൂടി പരിഹരിക്കാൻ കഴിയുന്ന വിധത്തിലാണ് 13 വ്യവസ്ഥകളോടെ പുതിയ ചട്ടം നിർമ്മിച്ചിരിക്കുന്നത്. ഇനി ഏതെങ്കിലും വ്യവസ്ഥ കൂടി ചേർക്കേണ്ടതുണ്ടെങ്കിൽ അതിനുള്ള പ്രത്യേക അധികാരം സർക്കാരിന് നൽകിക്കൊണ്ടാണ് ഇതിലെ 13-ാമത്തെ വ്യവസ്ഥ തയ്യാറാക്കിയിരിക്കുന്നത്. മലയോര മേഖലയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ എല്ലാ ഭൂപ്രതിസന്ധികളെയും മറികടക്കാനുള്ള ആദ്യത്തെ തീരുമാനമായി ഇത് മാറും. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.