4 February 2026, Wednesday

മറാത്താ സംവരണം; നിരാഹാര സമരം കടുപ്പിച്ച് ജാരങ്കെ

ഉറപ്പ് ലഭിക്കുന്നതുവരെ മുംബൈയില്‍ തുടരും 
Janayugom Webdesk
മുംബൈ
August 31, 2025 9:55 pm

മറാത്താ സംവരണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റായ മനോജ് ജാരങ്കെ നടത്തുന്ന നിരാഹാര സമരം കടുപ്പിക്കുന്നു. നാലാം ദിവസമായ ഇന്ന് മുതല്‍ ജലപാനം ഒഴിവാക്കുമെന്നാണ് ജാരങ്കെയുടെ പ്രഖ്യാപനം. മറാത്തി വിഭാഗക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഉറപ്പുനല്‍കിയതിന് ശേഷമേ താന്‍ മുംബൈ വിട്ടുപോകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മറാത്ത സംവരണം ഭരണഘടനാ സാധുതയുള്ള ആവശ്യമാണ്. അത് ഉറപ്പ് നല്‍കാതെ സമരം അവസാനിപ്പിക്കില്ല. കുന്‍ബികളും മറാത്തികളും ഒരു ജാതിയില്‍ ഉള്‍പ്പെട്ടവരാണെന്നതിന്റെ തെളിവുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വേദനയോടെയെത്തുന്ന മറാത്തികളെ ജനക്കൂട്ടമായി കണ്ട് ക്രൂശിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാര്‍ക്ക് ഭക്ഷണം നല്‍കണം. പ്രതിഷേധക്കാര്‍ വാഹനവുമായ ആസാദ് മൈതാനത്തേക്ക് വരരുത്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ വാഷി, സെവരീ, മസ്ജിദ് ബണ്ടർ എന്നിവിടങ്ങളിൽ സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്. വാഹനങ്ങൾ അതാതിടങ്ങളിൽ നിർത്തി ട്രെയിനിൽ കേറി സമരമുഖത്തേക്ക് വരണമെന്നും അദ്ദേഹം പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചു. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യത്തിനായി വാങ്കഡെ പോലുള്ള സ്റ്റേഡിയങ്ങൾ തുറന്നു തരണമെന്ന് ജാരങ്കെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചയാണ് മനോജ് ജാരങ്കെ പാട്ടീൽ നിരാഹാരസമരം ആരംഭിച്ചത്. ഇതേ ആവശ്യമുന്നയിച്ച് മുമ്പ് പലതവണ ജാരങ്കെ നിരാഹാരം അനുഷ്ഠിച്ചിട്ടുണ്ട്. സർക്കാർ ആദ്യം സമരത്തിന് അനുമതി നിഷേധിച്ചെങ്കിലും പിന്നീട് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ ആറ് വരെ മാത്രം അനുമതി നൽകി. രാഷ്ട്രീയ ആധിപത്യവും ജനസംഖ്യയുമനുസരിച്ച് സംസ്ഥാനത്ത് ഏറെ നിര്‍ണായകഘടകമാണ് മറാത്താ സമൂഹം. ജനസംഖ്യയുടെ 30% പിന്നാക്കക്കാരാണെന്ന് സംസ്ഥാനത്തെ നിരവധി കമ്മിഷനുകൾ നടത്തിയ വിശകലനങ്ങളിലും കണ്ടെത്തിയിരുന്നു.
അതേസമയം സംവരണ പ്രക്ഷോഭത്തിനിടെ മൂന്ന് ദിവസത്തിനുള്ളില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലാത്തൂര്‍ ജില്ലയിലുള്ള അഹമ്മദ്പൂര്‍ തകല്‍ഗാവ് സ്വദേശി വിജയകുമാര്‍ ചന്ദ്രകാന്ത് ഗോഗ്രെയാണ് ഇന്നലെ ഹൃദയാഘാതം മൂലം മരിച്ചത്. പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുതിനിടെ ഗോഗ്രെയ്ക്ക് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുംബൈയിലേക്ക് മാര്‍ച്ച് നടത്തുന്നതിനിടെ ജുന്നയില്‍ വച്ച് ഹൃദയാഘാതമുണ്ടായി മറ്റൊരു മറാത്ത പ്രവര്‍ത്തകന്‍ മരണമടഞ്ഞിരുന്നു.

Kerala State - Students Savings Scheme

TOP NEWS

February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 4, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.