13 January 2026, Tuesday

Related news

January 13, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026
January 9, 2026
January 8, 2026
January 7, 2026
January 7, 2026

ജനാധിപത്യ സംരക്ഷണത്തിന് ബിഹാര്‍ നല്‍കുന്ന പ്രത്യാശ

Janayugom Webdesk
September 1, 2025 4:55 am

ദേശീയ രാഷ്ട്രീയ രംഗത്ത് വലിയൊരു മാറ്റത്തിനുള്ള നാന്ദിയാവുകയാണ് ബിഹാര്‍. 11 വര്‍ഷമായി കേന്ദ്രഭരണാധികാരം കയ്യാളുന്ന ബിജെപിയുടെ ജനാധിപത്യ ധ്വംസനത്തെ ജനസമക്ഷം തുറന്നുകാട്ടാനും പുതിയൊരു രാഷ്ട്രീയ സംസ്കാരം രൂപപ്പെടാനും കളമൊരുക്കുകയാണ് മാഗധദേശം. ലക്ഷക്കണക്കിന് വോട്ടർമാരുടെ സമ്മതിദാനാവകാശം നിഷേധിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനെ ചെറുക്കാന്‍ ഇന്ത്യ സഖ്യം സംഘടിപ്പിച്ച ‘വോട്ട് അധികാർ യാത്ര’ ഇന്ന് സമാപിക്കുമ്പോള്‍ അത്, പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനമാകുമെന്നാണ് വിലയിരുത്തല്‍. 2024ലെ തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ പ്രതിപക്ഷ ഐക്യം പിന്നീട് ദുര്‍ബലമാകുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയുണ്ടായി. എന്നാല്‍ മഹാരാഷ്ട്രയിലെ വോട്ട് അട്ടിമറിയെക്കുറിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെളിവുകള്‍ പുറത്തുവിട്ടതോടെ ബിജെപിക്കെതിരെയുള്ള രാഷ്ട്രീയ നിര കൂടുതല്‍ സംഘടിതമായി. രാഹുലിന്റെ നേതൃത്വത്തില്‍ നടന്ന ‘വോട്ട് അധികാർ യാത്ര’ ജനാധിപത്യ — മതേതര പാര്‍ട്ടികളെ കൂടുതല്‍ ഒന്നിപ്പിച്ചു. സിപിഐ, സിപിഐ(എം) ഉള്‍പ്പെടെ ഇടതുപക്ഷ നേതാക്കളും യാത്രയില്‍ സജീവ സാന്നിധ്യമായി. ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ ദൃശ്യമായിരുന്നു സിപിഐ നേതാവ് ആനി രാജയുടെ പങ്കാളിത്തം. വെസ്റ്റ് ചമ്പാരൻ ജില്ലയിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ആനി രാജ പങ്കെടുത്തത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന രാഹുൽ ഗാന്ധിയുടെ എതിരാളിയായിരുന്നു ആനിരാജ. അതുകൊണ്ടുതന്നെ ഫാസിസത്തിനെതിരെ മതേതര രാഷ്ട്രീയം കെെകോര്‍ക്കുന്ന മഹനീയ ചിത്രമായി ഇരുവരും ഒരേ ആവശ്യത്തിലേക്കായി വേദി പങ്കിട്ട കാഴ്ച. “വോട്ടവകാശം ഏറ്റവും പ്രധാനമാണ്. നമ്മുടെ സർക്കാരിനെ തെരഞ്ഞെടുക്കാൻ അത് നമ്മെ പ്രാപ്തരാക്കുന്നു. പണക്കാരനായാലും ദരിദ്രനായാലും ഓരോ വോട്ടിനും ഒരേ മൂല്യം നൽകുന്ന നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പുകൾ യഥാർത്ഥ സമത്വത്തെ പ്രതിഫലിപ്പിക്കുന്നു. ഈ അവകാശം കവർന്നെടുക്കാനുള്ള ഏതൊരു ശ്രമത്തെയും ഞങ്ങൾ ശക്തമായി എതിർക്കു“മെന്നാണ് ആനി രാ­ജ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞത്.
ഒ‌ാഗസ്റ്റ് 17ന് ബിഹാറിലെ സസാറാമിൽ നിന്നാണ് വോട്ട് അധികാർ യാത്ര തുടങ്ങിയത്. സംസ്ഥാനത്തെ 25 ജില്ലകളിലായി 110 നിയമസഭാ മണ്ഡലങ്ങളിലൂടെ 1,300 കിലോമീറ്റർ താണ്ടിയാണ് ഇന്ന് പട്നയിൽ സമാപിക്കുക. രാഹുലും ബിഹാർ പ്രതിപക്ഷ നേ­താവ് തേജസ്വി യാദവും ചേർന്ന് നയിക്കുന്ന യാത്രയില്‍ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അ­ഖിലേഷ് പങ്കുചേർന്നു. മുതിർന്ന സിപിഐ(എം) നേതാവ് സുഭാഷിണി അലി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ നീലോല്പൽ ബസു, അശോക് ധാവ്‌ളെ എന്നിവരും പങ്കെടുത്തു. സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടക്കം മുതൽ യാത്രയിലുണ്ട്. തമിഴ്‌നാട്, കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിപക്ഷ നേതാക്കൾ യാത്രയുടെ ഭാഗമാകാനെത്തി. നേരത്തെ ഇന്ത്യ സഖ്യത്തില്‍ നിന്ന് വിട്ടുനിന്ന നിന്ന തൃണമൂല്‍ കോണ്‍ഗ്രസിനെയും ആം ആദ്‌മി പാർട്ടിയെയും സഖ്യത്തിലേക്ക് തിരികെ അടുപ്പിക്കാനും ‘വോട്ട് കൊള്ള’ കാരണമായി. ബിഹാറിലെ ജെഡിയു — ബിജെപി സർക്കാരിനെതിരായ കടുത്ത ജനരോഷത്തിന്റെ തെളിവ് കൂടിയായി യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യത. വോട്ട് മോഷണം കയ്യോടെ പിടികൂടിയതിലെ ജാള്യതയിലാണ് ബിജെപിയും തെരഞ്ഞെടുപ്പ് കമ്മിഷനും. രാഹുലിന്റെ ആരോപണങ്ങള്‍ക്ക് കമ്മിഷന്‍ നല്‍കിയ വിചിത്രമായ മറുപടി അവരുടെ വീഴ്ച ഉറപ്പാക്കുന്നതാണ്. പ്രധാനമന്ത്രിയുടെ മാതാവിനെ അവഹേളിക്കുന്ന മുദ്രാവാക്യമുണ്ടായി എന്ന് ആരോപിച്ചുകൊണ്ട് യാത്ര തടസപ്പെടുത്താന്‍ ബിജെപി നടത്തിയ പ്രതിഷേധം വോട്ട് കൊള്ളയിലെ അവരുടെ മറുപടിയില്ലായ്മ‌ വ്യക്തമാക്കുന്നു.
നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഇതുവരെ പോളിങ് ശതമാനം 60 തികഞ്ഞിട്ടില്ലാത്ത സംസ്ഥാനത്തെ ജനങ്ങളെ വോട്ടവകാശത്തെക്കുറിച്ച് ബോധവാന്മാരാക്കാനായി എന്നതാണ് യാത്രയെ സ്വീകരിക്കാന്‍ മണിക്കൂറുകളോളം നീണ്ട ക്യൂ തെളിയിക്കുന്നത്. രണ്ടുമാസത്തിനകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്ന് നേതാക്കൾക്ക് ആത്മവിശ്വാസമുണ്ട്. ഇന്ന് നടക്കുന്ന സമാപനസമ്മേളനത്തിൽ പ്രതിപക്ഷ നിരയിലെ ഉന്നതരും നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കലാസാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അണിനിരക്കും. വോട്ട് അധികാർ യാത്ര വിജയമായതോടെ വോട്ട് കൊള്ളയ്ക്കെതിരായ പ്രതിഷേധം രാജ്യവ്യാപകമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. പട്‌നയിലെ മഹാറാലിക്കും സമാപന സമ്മേളനത്തിനും ശേഷം പ്രതിഷേധം വ്യാപിപ്പിക്കാന്‍ ധാരണയുണ്ടാക്കും. സിപിഐ ജനറല്‍ സെക്രട്ടി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി എന്നിവരുള്‍പ്പെടെ പങ്കടുക്കുന്ന സമ്മേളനത്തില്‍ ദേശവ്യാപക പ്രക്ഷോഭങ്ങളുടെ പ്രഖ്യാപനത്തിനും സാധ്യതയുണ്ട്. ഫാസിസത്തിന്റെ ഇരുട്ടറ ഭേദിക്കുന്ന വജ്രകിരണമായി പ്രതിപക്ഷ ഐക്യം മാറുമെന്നാണ് ജനാധിപത്യ വിശ്വാസികള്‍ പ്രത്യാശിക്കുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.