
സിബിഐ അന്വേഷണം നടത്തിയ 7,072 അഴിമതി കേസുകൾ വിവിധ കോടതികളിലായി വിചാരണ കാത്തുകിടക്കുകയാണെന്നും ഇതിൽ 379 എണ്ണം 20 വർഷത്തിലേറെ പഴക്കമുള്ളതാണെന്നും കേന്ദ്ര വിജിലൻസ് കമ്മിഷന്റെ വാർഷിക റിപ്പോർട്ട്. 1,506 കേസുകൾ മൂന്ന് വർഷത്തിൽ താഴെയും 791 കേസുകൾ അഞ്ച് വർഷം വരെയും, 2,115 കേസുകൾ 10 വർഷം വരെയും കെട്ടിക്കിടക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 2,281 അഴിമതി കേസുകൾ 20 വർഷം വരെ വിചാരണ മുടങ്ങി. 379 കേസുകൾ 20 വർഷത്തിലധികവും കെട്ടിക്കിടക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സിബിഎെയും പ്രതികളും സമർപ്പിച്ച 13,100 അപ്പീലുകളും പുനരവലോകന ഹർജികളും വിവിധ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും കെട്ടിക്കിടക്കുന്നുണ്ട്. ഇതിൽ 606 എണ്ണം 20 വർഷത്തിലധികമായി കെട്ടിക്കിടക്കുന്നു. 1,227 എണ്ണം 15 വർഷത്തിൽ കൂടുതലും 2,989 എണ്ണം 10 വർഷത്തിൽ കൂടുതലും 4,059 എണ്ണം അഞ്ച് വർഷത്തിൽ കൂടുതലും 1,778 എണ്ണം രണ്ട് വർഷത്തിൽ കൂടുതലും 2,441 എണ്ണം രണ്ട് വർഷത്തിൽ താഴെയുമായി കെട്ടിക്കിടക്കുന്നു. 2024ൽ 644 കേസുകളിൽ വിധികളുണ്ടായി. ഇതിൽ 392 എണ്ണം ശിക്ഷിക്കപ്പെട്ടു, 154 എണ്ണം കുറ്റവിമുക്തമാക്കി. 21 എണ്ണം അവസാനിപ്പിച്ചു, 77 എണ്ണം മറ്റ് കാരണങ്ങളാൽ തീർപ്പാക്കി എന്നും സിവിസി പറയുന്നു. 2023 ൽ ഇത് 71.47 ശതമാനമായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം അത് 69.14 ശതമാനമായി.
2024 അവസാനത്തോടെ 11,384 കേസുകൾ വിവിധ കോടതികളിൽ വിചാരണ ഘട്ടത്തിലാണ്. 2024ൽ സിബിഐ 807 കേസുകൾ രജിസ്റ്റർ ചെയ്തു. അതിൽ 674 സാധാരണ കേസുകളും 133 പ്രാഥമിക അന്വേഷണങ്ങളും ഉൾപ്പെടുന്നു. ആനുപാതികമല്ലാത്ത സ്വത്ത് കൈവശം വച്ചതിന് 43 കേസുകളും ഈ വർഷം രജിസ്റ്റർ ചെയ്തു. 807 കേസുകളിൽ 111 കേസുകൾ ഭരണഘടനാ കോടതികളുടെ ഉത്തരവുകൾ അനുസരിച്ചും 61 കേസുകൾ സംസ്ഥാന സർക്കാരുകളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ലഭിച്ച റഫറൻസുകൾ അനുസരിച്ചും എടുത്തതായി സിവിസിയുടെ റിപ്പോർട്ടിലുണ്ട്.
2024ൽ, 1,005 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി, അതിൽ 856 സാധാരണ കേസുകളും 149 പ്രാഥമിക അന്വേഷണങ്ങളും ഉൾപ്പെടുന്നു. അഴിമതി നിരോധന നിയമപ്രകാരം 502 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 859 പൊതുപ്രവർത്തകർ ഉൾപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് സിബിഐ ചട്ടം. എന്നാൽ ആവശ്യമായ തുടർ അനുമതി ലഭിച്ചാൽ അന്വേഷണം നീട്ടാനാകും. എന്നാൽ പല കേസുകളിലും സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കാൻ സിബിഐക്ക് കഴിയുന്നില്ലെന്നും സിവിസി റിപ്പോർട്ടിൽ പറയുന്നു. അമിത ജോലി, അപര്യാപ്തമായ മനുഷ്യശക്തി, വിദേശ കോടതികളില്‍ നിന്ന് നിയമപരമായ സഹായം ലഭിക്കുന്നതിൽ കാലതാമസം, യോഗ്യതയുള്ള അധികാരികളിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി നൽകുന്നതിൽ കാലതാമസം എന്നിവ അന്വേഷണം പൂർത്തിയാക്കുന്നത് വെെകാനുള്ള കാരണങ്ങളിൽ ഉൾപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.