18 February 2026, Wednesday

ജനാധിപത്യവിരുദ്ധതയുടെ പുതിയ മുഖം

സഫി മോഹന്‍ എം ആര്‍
September 5, 2025 4:15 am

കേന്ദ്രസർക്കാരിന്റെ പുതിയ ഭരണഘടനാ ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്ന കള്ളക്കളികൾ എന്തെല്ലാമെന്ന് ഗൗരവപൂര്‍വം ചിന്തിക്കേണ്ടതുണ്ട്. പ്രധാനമായും ഈ ഭരണഘടനാഭേദഗതി ഉദ്ദേശിക്കുന്നത് ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിമാരെയോ മറ്റു മന്ത്രിമാരെയോ അറസ്റ്റ് ചെയ്യുകയാണെങ്കിൽ, 30 ദിവസത്തിനുള്ളിൽ ജാമ്യം ലഭിച്ചില്ലെങ്കിൽ അവരുടെ ഭരണഘടനാപരമായ സ്ഥാനം നഷ്ടപ്പെടുമെന്നാണ്. ഈ നിയമം ഭരണഘടനയുടെ അടിസ്ഥാനശിലകൾക്ക് എതിരാണ്. കേശവാനന്ദ ഭാരതി വിധിന്യായത്തിൽ സുപ്രീം കോടതി ഭരണഘടനയുടെ അടിസ്ഥാനശിലയെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ മനേകാ ഗാന്ധി വിധിന്യായത്തിൽ സുപ്രീം കോടതി പറഞ്ഞിട്ടുള്ളത് ഒരു നിയമം നിലവിൽ വരുമ്പോൾ അത് സുതാര്യവും നീതിയുക്തവും നിയമവാഴ്ചയെ മാനിക്കുന്നതും ആയിരിക്കണം എന്നാണ്. നിലവിൽ ഐക്യരാഷ്ട്രസംഘടന കൊണ്ടുവന്നിട്ടുള്ള എല്ലാ മനുഷ്യാവകാശ മാനദണ്ഡങ്ങൾക്കും എതിരാണ് ഈ ഭേദഗതി. പൗരൻമാരെ അറസ്റ്റ് ചെയ്താൽ 30 ദിവസം വരെ ജാമ്യം കിട്ടാത്ത നിയമം കൊണ്ടുവരികയാണ് കേന്ദ്രസർക്കാർ ആദ്യം ചെയ്തത്. ഭാരതീയ ന്യായ സന്‍ഹിതയിലെ കള്ളപ്പണം വെളുപ്പിക്കല്‍, ദേശവിരുദ്ധ കുറ്റകൃത്യങ്ങൾ തുടങ്ങിയവ ചില ഉദാഹരണം മാത്രം. ഈ നിയമങ്ങൾ ഭരണഘടനയിലെ ജനാധിപത്യ അവകാശങ്ങൾക്കും ഫെഡറൽ സ്വഭാവത്തിനും എതിരാണ്. ഈ രണ്ട് ആശയങ്ങളും അടിസ്ഥാനശിലയായി സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. കേസിൽ അകപ്പെട്ട വ്യക്തിക്ക് ഒരു സുതാര്യമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ ശി­ക്ഷിക്കുന്നതുവരെ നിയമത്തിന്റെ മുന്നിൽ അയാളെ നിരപരാധിയായാണ് കാണുന്നത്. ഇത് ക്രിമിനൽ നിയമങ്ങളുടെ അടിസ്ഥാനമായി അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിലവിലെ ഭേദഗതി, കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതിന് മുമ്പ് ഭരണകൂടം വിധിയെഴുതി ഒരു വ്യക്തിയുടെ ഭരണഘടനാപരമായ അവകാശത്തെ എടുത്തുകളയുവാനാണ് ലക്ഷ്യമിടുന്നത്. 

കേന്ദ്രസർക്കാരിന്റെ കയ്യിലെ കളിപ്പാവകളായ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കന്മാരെ അറസ്റ്റ് ചെയ്തു ജയിലിലടച്ച് സ്ഥാനഭ്രഷ്ടരാക്കുക എന്നതാണ് ഭേദഗതിയുടെ ഉദ്ദേശലക്ഷ്യം. റോമൻ സാമ്രാജ്യത്തിലെ ചക്രവർത്തിമാർ പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്യുവാൻ ഉപയോഗിച്ച തന്ത്രമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ സർക്കാർ പ്രതിപക്ഷത്തിനെതിരെ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഈ ഭരണഘടനാ ഭേദഗതി ഏകാധിപത്യവും ആസൂത്രിതവും ആണ്.
ഭരണഘടനയുടെ മുഴുവൻ അന്തഃസത്തയും ചോദ്യം ചെയ്യുന്ന ഭേദഗതിയാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് നിയമം അനുസരിച്ച് ഒരാൾ ഒരു കുറ്റം ചെയ്തു എന്ന് പൂർണമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ കോടതി അയാളെ കുറ്റക്കാരൻ എന്ന് വിധിച്ചാൽ മാത്രമേ ഏതെങ്കിലും രീതിയിലുള്ള അയോഗ്യത വരുന്നുള്ളൂ. എന്നാൽ ഭേദഗതിയനുസരിച്ച് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന മന്ത്രിമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് 30 ദിവസം കഴിയുമ്പോൾത്തന്നെ അയോഗ്യൻ ആയി മാറും. ഇത് മനുഷ്യാവകാശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. ഈ നിയമഭേദഗതികൾ നിയമനിർമ്മാണ സഭയിലും വിവേചനങ്ങൾ കൊണ്ടുവരാൻ ഇടയാക്കും. എംപിമാർക്കും എംഎൽഎമാർക്കും ഇല്ലാത്ത ഒരു പുതിയ അയോഗ്യത മന്ത്രിമാർക്ക് കൊണ്ടുവരുന്നു എന്നതാണ് വാസ്തവം. അതും തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണസംവിധാനത്തെ അസ്ഥിരപ്പെടുത്താൻ ആണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നത്. അഞ്ചുവർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾക്ക് ഈ നിയമം ബാധകമാക്കുന്നു. അതിലൂടെ സുപ്രീം കോടതിയുടെ മനുഷ്യാവകാശവുമായി ബന്ധപ്പെട്ട പല വിധിന്യായങ്ങള്‍ക്കും എതിരായ ഭേദഗതിയാണ് കൊണ്ടുവരുന്നത്. 

ഏഴുവർഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങൾക്ക് ആദ്യമേ അറസ്റ്റ് വേണ്ട എന്ന് അര്‍ണേഷ്‌കുമാര്‍ — ബിഹാര്‍ സര്‍ക്കാര്‍ കേസിലെ സുപ്രീം കോടതി വിധിന്യായത്തിലുണ്ട്. അതിലും കുറഞ്ഞ കുറ്റകൃത്യങ്ങൾക്ക് പോലും അറസ്റ്റ് സാധ്യതയാണ് കേന്ദ്രസർക്കാർ തേടുന്നത്. കൂടാതെ കുറ്റപത്രം കൊടുക്കുന്നതിനു മുമ്പേ ഒരാളെ അയോഗ്യനാക്കുന്ന വിചിത്രമായ സാഹചര്യമാണ് കാണാൻ കഴിയുന്നത്.
ജനാധിപത്യ ബോധമില്ലാത്ത ഇത്തരം ഭേദഗതികൾ ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ തന്നെ മാറ്റിമറിക്കും. ഈ ഭേദഗതികൾ നിയമമായി മാറുകയാണെങ്കിൽ സുപ്രീം കോടതിയുടെ ഇടപെടലിലൂടെ ഭരണഘടനാവിരുദ്ധമായി പ്ര­ഖ്യാപിക്കുവാൻ കഴിയും. ജനങ്ങളെ വിഡ്ഢികളാക്കി, ഇന്ത്യൻ ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ടും ഭരണഘടനാ മൂല്യങ്ങളെ ബലിയർപ്പിച്ചുകൊണ്ടും കേന്ദ്രസർക്കാർ കൊണ്ടുവരാൻ ശ്രമിക്കുന്ന നിയമങ്ങൾ ഉ­ണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം ചെറുതല്ല. ഭരണഘടനാവിരുദ്ധമായ ഈ ഭേദഗതിക്കെതിരെ രാജ്യത്തെ ജനങ്ങളുടെ ഇടയിൽ കൃത്യമായ അവബോധം ഉണ്ടാക്കേണ്ട ഉത്തരവാദിത്തം പ്രതിപക്ഷ പാർട്ടികൾക്കും ജനാധിപത്യ വിശ്വാസികൾക്കും ഉണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.