
“പാരതന്ത്ര്യം മൃതിയെക്കാൾ ഭയാനകം” എന്ന് മലയാള കവിയും, “പാരതന്ത്ര്യത്തിൽ ആരാണ് ജീവിക്കാൻ ഇഷ്ടപ്പെടുക” എന്ന് ബംഗാളി കവിയും പറഞ്ഞതുപോലെ ഇരുപതാം നൂറ്റാണ്ടിന്റെ ഭാരതീയ യുവഹൃദയങ്ങൾക്ക് അടിമത്തത്തിന്റെ അപമാനഭാരം തീവ്രതയോടെ അനുഭവപ്പെട്ടിരുന്നു. ദേശീയ പ്രസ്ഥാനം ആരംഭിച്ച നിവേദനങ്ങളുടെയും അഭ്യർത്ഥനകളുടെയും രാഷ്ട്രീയം ഭാരതത്തിലെ പ്രക്ഷുബ്ധ ഹൃദയങ്ങളെ സംതൃപ്തമാക്കിയിരുന്നില്ല. അവർ നിവേദന രാഷ്ട്രീയത്തെ എതിർത്തു. വിപ്ലവകാരികൾ സാധാരണക്കാരുടെ ആശയുടെയും ആകാംക്ഷയുടെയും രാഷ്ട്രീയബോധത്തിന്റെ പ്രതീകവുമായിത്തീരണം എന്ന് ചെങ്കൊടി പഠിപ്പിക്കുന്നു. ചെങ്കൊടി ഉതിർക്കുന്ന ചിന്ത, മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ ചിന്തകളാൽ മനുഷ്യന് മനുഷ്യനെപ്പോലെ തലയുയർത്തി ജീവിക്കുവാൻ ശക്തി നൽകും. ലാഹോർ ഗൂഢാലോചന കേസ് വിചാരണ ചെയ്തുകൊണ്ടിരുന്നപ്പോൾ ഇന്ത്യയിലെ എല്ലാ തുറകളിലുംപെട്ട മനുഷ്യർ ബ്രിട്ടീഷ് കോടതി മുറിയിൽ ആ വിപ്ലവകാരികളുടെ ധീരമായ പെരുമാറ്റത്തിൽ മുഗ്ധരാകകയാണ് ചെയ്തത്. 1929ൽ ഭഗത് സിങ്ങും ബടുകേശ്വർ ദത്തും പാർലമെന്റിൽ ബോബെറിഞ്ഞതിനു ശേഷം ഉയർത്തിയ സമരകാഹളം ഭാരതത്തിലെ സാധാരണക്കാരായ ജനങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ ഒരു പുതിയ അധ്യായത്തിലേക്ക് ആനയിച്ചു. ആ സമരകാഹളമാണ് ‘ഇൻക്വിലാബ് സിന്ദാബാദ്’. ഇതേ സമരകാഹളം ആദ്യമായി ഉയർത്തിയത് കമ്മ്യൂണിസ്റ്റുകാരായിരുന്നു. 1931 മാർച്ച് 23ന് ഭഗത് സിങ്ങിനെയും രാജ്ഗുരുവിനെയും സുഖ്ദേവിനേയും തൂക്കിലേറ്റി. അവരുടെ വധത്തിൽ പ്രതിഷേധിച്ച് രാജ്യത്തുടനീളം പ്രക്ഷോഭക്കൊടുങ്കാറ്റുയർന്നു. വൈസ്രോയി ഇർവിൻ പ്രഭുവുമായി സന്ധിയുണ്ടാക്കിയ കോൺഗ്രസ് നേതാക്കളെ കറാച്ചിയിൽ ചേർന്ന കോൺഗ്രസ് സമ്മേളനം പോലും അപലപിച്ചു. ഗാന്ധി — ഇർവിൻ സന്ധിയെ വിശ്വാസവഞ്ചന എന്ന് പലരും വിശേഷിപ്പിച്ചു. കാരണം വിപ്ലവകാരികളായ യുവാക്കളോടുള്ള സഹാനുഭൂതിയാൽ ഭാരതം ഉയർത്തെഴുന്നേറ്റു കഴിഞ്ഞിരുന്നു.
ഭഗത് സിങ്ങും കൂട്ടരും മാർക്സിസം ലെനിനിസത്തെ ആദർശം എന്ന നിലയ്ക്ക് മുന്നോട്ടുവച്ചു. ലാഹോറിലെ കാരാഗൃഹത്തിൽ നിന്ന് മാർക്സിസം — ലെനിനിസം പ്രചരിപ്പിച്ചു. രാജ്യത്തെ പല വിപ്ലവകാരികളുടെ ഹൃദയത്തിലും മാർക്സിസ്റ്റ് ലെനിനിസ്റ്റ് ചിന്താധാര ഉദയം കൊണ്ടത് ജയിലറകളിൽ വച്ചായിരുന്നു. മീററ്റ് ഗൂഢാലോചന കേസിലും പെഷവാർ ഗൂഢാലോചന, കാൺപൂർ ഗൂഢാലോചന കേസുകളിലെല്ലാം അനിഷേധ്യരായ കമ്മ്യൂണിസ്റ്റ് നേതാക്കളാണുണ്ടായിരുന്നത്. സാമ്രാജ്യത്വ വിരുദ്ധ, കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളിൽ നെഞ്ചുവിരിച്ച്, തലയുയർത്തിപ്പിടിച്ച് അവർക്ക് നിൽക്കാൻ ശക്തി നൽകിയത് മാർക്സിസ്റ്റ് പ്രത്യയശാസ്ത്രമാണ്.
ജയിലുകളിലും തടങ്കൽപ്പാളയങ്ങളിലും നടത്തിയ പഠനങ്ങളിലൂടെയും ആത്മാന്വേഷണത്തിലൂടെയും കമ്മ്യൂണിസ്റ്റ് ആദർശം സ്വീകരിച്ച വിപ്ലവകാരികൾ എല്ലായ്പ്പോഴും തങ്ങളുടെ ജീവിതത്തിൽ പുതിയ പരീക്ഷകൾ നൽകാൻ തയ്യാറായിരുന്നു. തങ്ങളുടെ പഴയ സംസ്കാരവും ആചാരങ്ങളും അനുഷ്ഠാനങ്ങളും വിസ്മരിക്കുന്നതിൽ അവർ വിജയം വരിച്ചു. തൽഫലമായി അവർക്ക് പാർട്ടി പ്രവർത്തനങ്ങളുടെ പരീക്ഷയിൽ വിജയിക്കുവാൻ സാധിച്ചു. കമ്മ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തു. ആ കഥ അവരുടെ മാത്രം ചരിത്രമല്ല, അത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രമാണ്. ബ്രിട്ടീഷ് ഭരണം ഭാരതത്തിന്റെ മനസിൽ കാട്ടിക്കൂട്ടാത്ത നികൃഷ്ട കൃത്യങ്ങളില്ല. അവർ നമ്മുടെ വ്യക്തിത്വത്തെ നഗ്നമാക്കി. അവർ നമ്മുടെ ശരീരത്തിലെ രക്തം മുഴുവൻ ഊറ്റിക്കുടിച്ചു. രാഷ്ട്രമെന്ന നിലയ്ക്കും മനുഷ്യനെന്ന നിലയ്ക്കും ഇത് അപമാനകരമാണെന്ന് വിപ്ലവകാരികൾ പറഞ്ഞു. അവർ ഇന്‍ക്വിലാബ് വിളിച്ചു. അക്രമകാരികളായ ഭരണാധികാരികൾക്കതിരായി ശക്തമായ പോരാട്ടം നടത്തി. ആ പോരാട്ടം നയിച്ചത് ചെങ്കൊടിയാണ്. സൗരഭ്യമുള്ള പൂമാല കഴുത്തിൽ അണിയുന്ന അതേ അനുഭൂതിയോടെ കൊലക്കയർ കഴുത്തിൽക്കുരുക്കി അവസാന നിമിഷം ഇൻക്വിലാബ് സിന്ദാബാദ് മുഴക്കി തൂക്കുമരത്തിൽ ഏറുന്നതിന് തങ്ങൾക്ക് ഭയമില്ല എന്ന് നിരവധി സഖാക്കൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാണിച്ചുകൊടുത്തു. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന ബ്രിട്ടീഷ് ഭരണം എന്നെന്നേക്കുമായി മായ്ച്ചുകളയാനുള്ള വിപ്ലവ പോരാട്ടങ്ങൾ എത്രയോ നടന്നു. ചെങ്കൊടിയുടെ ശക്തിയാണത്.
ഒരുപാട് മനുഷ്യർ ജീവത്യാഗം ചെയ്ത് വളർത്തിയതാണ് ഈ പ്രസ്ഥാനം. അത്തരം പോരാട്ടത്തിലൂടെ വാനിലുയർത്തിയതാണ് ചെങ്കൊടി. ആ ചെങ്കൊടി മനുഷ്യന്റെ അഭിമാനത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമാണ്. ഇന്ന് ജനാധിപത്യത്തിന്റെ, നന്മയുടെ കണികകൾ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന കാലം. ഇന്ന് രാജ്യത്തെ ഒരു പാവപ്പെട്ട പൗരന്, ഉടനടിയുള്ള നീതിയും സമാധാനവും തേടി ഏത് ജനാധിപത്യ സംവിധാനത്തെയാണ് സമീപിക്കുവാൻ കഴിയുക. ദളിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും തൊഴിലില്ലാത്തവർക്കും കർഷകത്തൊഴിലാളിക്കും മത്സ്യത്തൊഴിലാളികൾക്കും അസംഘടിത തൊഴിലാളികൾക്കും യുവതീ യുവാക്കൾക്കും നീതി ലഭിക്കുന്നുണ്ടോ? അവർക്ക് നീതി ലഭിക്കാൻ വേണ്ടി പോരാടാനുള്ള ശക്തിയാണ് ചെങ്കൊടി. രാജ്യത്ത് നീതിബോധം അരക്കിട്ടുറപ്പിക്കുകയാണ് കമ്മ്യൂണിസ്റ്റിന്റെ കടമ. ജനാധിപത്യം ആവശ്യപ്പെടുന്നത് സമൂഹത്തിന്റെ ഭൗതികവും സാംസ്കാരികവുമായ സമ്പത്ത് തുറന്ന മനസോടെ, ആദരവോടെ, സ്നേഹത്തോടെ പങ്കിടണമെന്നാണ്. അതിന് അനുതാപം വേണം, കേവലമായ സഹിഷ്ണുത പോരാ. ആലിംഗനം വേണം, ആളെ വിളിച്ചുകൂട്ടിയാൽ പോരാ. മനുഷ്യരെ ആലിംഗനം ചെയ്യുന്ന, അനുകമ്പയുള്ളവരാക്കുന്ന പ്രസ്ഥാനത്തിന്റെ കൊടിയാണ് ചെങ്കൊടി.
ഇന്ന് ഈ രാജ്യത്ത് ഭയം നിറഞ്ഞിരിക്കുമ്പോൾ, അജ്ഞാതമായ കോണുകളിൽ ദുർഘടങ്ങൾ പതിയിരിക്കുമ്പോൾ, മനുഷ്യരിൽ ഭൂരിഭാഗവും ദുസഹമായ ജീവിതം നയിക്കുമ്പോൾ മാർക്സിസത്തിന് പ്രസക്തിയുണ്ട്. ചെങ്കൊടി കൂടുതൽ ഉയരത്തിൽ ഉയർന്നു പറക്കേണ്ടതുണ്ട്. ചരിത്രം നമ്മെ മഹത്തായ പല കാര്യങ്ങളും ഓർമ്മിപ്പിക്കും. അതുകൊണ്ട് സഖാക്കൾ ചരിത്രം പഠിക്കണം. നീതിയിലും ധാർമ്മികതയിലും അധിഷ്ഠിതമായി, സാധ്യമായ ഇടങ്ങളിലെല്ലാം നാം മുൻകാലങ്ങളിലെടുത്ത തീരുമാനങ്ങൾ ചരിത്രം നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും. തെറ്റുകൾ തിരിച്ചറിഞ്ഞുകൊണ്ട് ചീത്തയായതിനെ ഒഴിവാക്കിക്കൊണ്ട് പുതിയതിലേക്ക് മാറാനുള്ള നിതാന്ത ശ്രമം വേണം.
ചിന്തയുടെ പ്രവാഹം സൃഷ്ടിക്കുന്ന പതാകയാണ് ചെം നിറമുള്ള പതാക. അനീതികൾ അരങ്ങേറുന്ന സന്ദർഭങ്ങളിൽ, നിങ്ങൾ നിഷ്പക്ഷനോ നിഷ്ക്രിയനോ ആയിരിക്കുകയാണെങ്കിൽ നിങ്ങൾ പീഡകരുടെ പക്ഷത്താണ് നിലയുറപ്പിക്കുക എന്നാണ് പൂർവസൂരികൾ പഠിപ്പിച്ചത്. സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാരെ പലരും ചോദ്യം ചെയ്തു. സ്വാതന്ത്ര്യത്തിനു ശേഷം പലർക്കും പലരെയും അറിയാതെ പോയി. ഇപ്പോൾ ചരിത്രം ദുർവ്യാഖ്യാനിക്കുന്നു, വികൃതമാക്കുന്നു, മാറ്റിയെഴുതുന്നു. രാജ്യത്ത് പലരും നിശബ്ദരാകുന്നു. മൗനം സർവവ്യാപിയാകുന്നു. ആ മൗനം ഭഞ്ജിക്കാനും, അനീതി ചോദ്യം ചെയ്യാനും ആണ് ചെങ്കൊടി പഠിപ്പിച്ചിട്ടുള്ളത്. സർഗാത്മകത എന്നത് മനോഹരമായ പദമാണ്. അതുല്യമായ പ്രകടനമാണ്. സുന്ദരമായ ആശയമാണ്. അഗ്നിയുള്ള ചിന്തകളാണ്. ഇന്ന് കാര്യങ്ങൾ അപ്പാടെ മാറി. ഇന്നത്തെ സർഗാത്മകത ഫാസിസ്റ്റുകളുടെ വിക്രിയയായി. അവരുടെ നുണ പറച്ചിലുകൾ സർഗാത്മകതയായ കാലം. ഇന്ത്യയിലെ യഥാർത്ഥ പകർച്ചവ്യാധി ഭയമാണ്. ഭയചകിതരായവരുടെ റിപ്പബ്ലിക് ആയിരിക്കുന്നു രാജ്യം. ആ ഭയത്തിൽ നിന്നുള്ള മോചനത്തിന്റെ വഴികാട്ടിയാണ് ചെങ്കൊടി. അനീതീയും അധർമ്മവും ചോദ്യം ചെയ്യുന്ന പതാകയാണത്. അങ്ങനെയുള്ള പതാകയാകണം എന്നും. ഭൂരിഭാഗം ജനങ്ങളും അന്തസുകെട്ട ജീവിതം നയിക്കുന്ന രാജ്യമല്ല ദേശീയ പ്രസ്ഥാനവും നേതാക്കളും കമ്മ്യൂണിസ്റ്റ് പൂർവസൂരികളും സ്വപ്നം കണ്ടത്. ജീവിതത്തിന്റെ ആത്മാഭിമാനം നഷ്ടപ്പെടുത്തുന്ന ചേരികളല്ല അവർ സ്വപ്നം കണ്ടത്. ഇന്ന് സ്വപ്നങ്ങൾ കാണാൻ പോലും നാം മറന്നുപോയോ? ബഹുസ്വരത, ജനാധിപത്യം, സാഹോദര്യം, സാമൂഹ്യനീതി, അനീതിക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളിൽ വിശ്വാസം ഉണ്ടാക്കണം. സാമൂഹ്യ സമത്വം നേടാനുള്ള പോരാട്ടത്തിന് ചെങ്കൊടി ഊർജം നൽകും. ഫാസിസത്തിനെതിരായുള്ള പോരാട്ടത്തിൽ ജനങ്ങളെ അണിനിരത്താൻ ചെങ്കൊടിക്ക് കഴിയും. ആത്മവിശ്വാസവും ആശയദൃഢതയും കൈമുതലാക്കി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുമ്പോൾ, മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം പേറുന്ന സഖാക്കൾക്ക് മാറ്റത്തിന്റെ ചാലകശക്തിയാകാൻ സാധിക്കും. ചെങ്കൊടിയുടെ ശക്തി അപാരമാണ്. അത് മനുഷ്യ സ്നേഹമാണ്.
(അവസാനിച്ചു)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.