22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 15, 2026
January 14, 2026
January 12, 2026
January 12, 2026

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

Janayugom Webdesk
ആലപ്പുഴ
September 12, 2025 1:03 pm

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ വീണ്ടും ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത സംസ്ഥാന കൗൺസിൽ യോഗത്തിൽ സത്യൻ മൊകേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡി രാജ, ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ നാരായണ, രാമകൃഷ്ണ പാണ്ഡ, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു, കെ പി രാജേന്ദ്രൻ, പി സന്തോഷ് കുമാർ എംപി എന്നിവരും പങ്കെടുത്തു. 

2023 ഡിസംബർ മുതൽ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച് വരികയായിരുന്നു. നവോത്ഥാന പോരാട്ടത്തിന്റെയും തൊഴിലാളി മുന്നേറ്റത്തിന്റെയും ഭൂമികയായ കോട്ടയം വൈക്കത്ത് മുൻ എംഎൽഎയും കമ്മ്യൂണിസ്റ്റ് നേതാവുമായ സി കെ വിശ്വനാഥൻ, സി കെ ഓമന ദമ്പതികളുടെ മകനായി 1955 നവംബർ 25ന് ജനിച്ച ബിനോയ് വിശ്വം ബാലവേദി സംഘടിപ്പിച്ചാണ് പൊതു പ്രവർത്തനം ആരംഭിക്കുന്നത്. പിന്നീട് എഐഎസ്എഫ്, എഐവൈഎഫ് യൂണിറ്റ് സെക്രട്ടറി മുതൽ വിവിധ ഘടകങ്ങളുടെ നേതൃസ്ഥാനത്ത് പ്രവർത്തിച്ചു. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി, ദേശീയ സെക്രട്ടറി, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, ലോക ജനാധിപത്യ യുവജന ഫെഡറേഷൻ വൈസ് പ്രസിഡന്റ്, ഏഷ്യ പസഫിക് കമ്മിഷൻ ചെയർമാൻ തുടങ്ങിയ വിവിധ ചുമതലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തിനുടമയാണ് അദ്ദേഹം. നിരവധി വിദ്യാർത്ഥി യുവജന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ബിനോയ് വിശ്വം പല തവണ ക്രൂരമർദനത്തിനുമിരയായി. പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം, എഐടിയുസി വർക്കിങ് പ്രസിഡന്റ്, സിപിഐ മുഖപത്രമായ ന്യൂ ഏജ് പത്രാധിപർ തുടങ്ങിയ ചുമതലകളും വഹിക്കുന്നു. 

ആറുവർഷം രാജ്യസഭാംഗവും രണ്ട് തവണ നാദാപുരത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗവും 2006-11 കാലയളവിൽ എൽഡിഎഫ് സർക്കാരിൽ വനം, ഭവന നിർമ്മാണ വകുപ്പ് മന്ത്രിയുമെന്ന നിലയിൽ മികച്ച പാർലമെന്റേറിയനും ഭരണാധികാരിയുമാണെന്ന് അടയാളപ്പെട്ടു. രാജ്യസഭാംഗമായിരിക്കെ വിവിധ സാർവദേശീയ സമ്മേളനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചു. ജനയുഗം ദിനപത്രം, ട്രേഡ് യൂണിയൻ മാസിക എന്നിവയുടെ പത്രാധിപരായിരുന്നു. ബിഎ, എൽഎൽബി ബിരുദധാരി. കമ്മ്യൂണിസ്റ്റ് പോരാളിയായിരുന്ന കൂത്താട്ടുകുളം മേരിയുടെ മകൾ ഷൈല പി ജോർജാണ് ജീവിത പങ്കാളി. മക്കൾ: രശ്മി ബിനോയ് (മാധ്യമപ്രവർത്തക), സൂര്യ ബിനോയ് (ഹൈക്കോടതി അഭിഭാഷക).
രാവിലെ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ മറുപടിക്ക് ശേഷം രാഷ്ട്രീയ, സംഘടനാ റിപ്പോർട്ടുകളും വരവ് ചെലവ് കണക്കുകളും സമ്മേളനം ഏകകണ്ഠമായി അംഗീകരിച്ചു. തുടര്‍ന്ന് ഒമ്പത് കാന്‍ഡിഡേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ 114 പേരടങ്ങുന്ന സംസ്ഥാന കൗണ്‍സിലിനെയും ഒമ്പത് അംഗ കണ്‍ട്രോള്‍ കമ്മിഷനെയും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും തെരഞ്ഞെടുത്ത ശേഷം ഇന്റര്‍നാഷണല്‍ ഗാനത്തോടെ പ്രതിനിധി സമ്മേളനത്തിന് സമാപനമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.