
കേന്ദ്രം തിടുക്കപ്പെട്ട് നടത്തുന്ന 130-ാം ഭരണഘടനാ ഭേദഗതിയുടെ ലക്ഷ്യം എന്ത് എന്നതിനെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ ദുരുപയോഗവും അതിലൂടെ സാധ്യമാകുന്ന രാഷ്ട്രീയ പകപോക്കലുകളും എന്നുചുരുക്കാം. മാധ്യമ പ്രവർത്തനങ്ങൾ വിവിധ അജണ്ടകളിൽ ചുറ്റിപ്പിണഞ്ഞതാണ്, പ്രത്യേകിച്ചും മോഡി ഭരണത്തിൽ. അന്യായമായ റിപ്പോർട്ടിങ്ങിലൂടെ ഒരു വ്യക്തിയുടെ ജീവിതം നശിപ്പിക്കാൻ അവയ്ക്ക് കഴിയും. സാധൂകരിക്കാൻ തെഹൽക ഉടമയുടെ ലൈംഗിക പീഡനക്കേസ് ഉൾപ്പെടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനാകും. മാധ്യമങ്ങൾ തെഹൽക ഉടമയുടെ ലൈംഗിക പീഡനക്കേസ് വലിയ വാർത്തയാക്കി ആഘോഷിച്ചു. അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ട വാർത്തയ്ക്ക് ഒരു പ്രാധാന്യവും ലഭിച്ചില്ല. നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടിട്ടും ഒരു വ്യക്തിയുടെ ജീവിതം തകർക്കാൻ കഴിഞ്ഞു.
രണ്ടാം യുപിഎ ഭരണകാലത്ത് കനിമൊഴി ഉൾപ്പെടെ നിരവധി രാഷ്ട്രീയ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവങ്ങളും ഇതോടൊപ്പം ചേർക്കാം. ഇത്തരം അറസ്റ്റുകൾ പലപ്പോഴും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയെങ്കിലും കുറ്റാരോപിതരായ പലരും പിന്നീട് കുറ്റവിമുക്തരാക്കപ്പെട്ടുവെന്നത് നിയമക്രമങ്ങളിലെ പോരായ്മകളിലേക്കും പ്രതികാര രാഷ്ട്രീയ ചെയ്തികളിലേക്കുമുള്ള ചൂണ്ടുപലകയാണ്. ഒരു വ്യക്തിയുടെ അറസ്റ്റും തുടർന്നുണ്ടായ മാധ്യമ വിചാരണയും അവരുടെ പൊതുജീവിതത്തെയും വ്യക്തിജീവിതത്തെയും മുച്ചൂടും ഉലച്ച സംഭവങ്ങള്‍ ധാരാളമാണ്. കുറ്റവിമുക്തരാക്കപ്പെട്ടതിന് ശേഷവും പലരുടെയും ജീവിതം പഴയനിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഈ സാഹചര്യങ്ങളെക്കൂടി കണക്കിലെടുത്തായിരിക്കണം 130-ാം ഭരണഘടനാ ഭേദഗതിയെ കാണേണ്ടത്.
1950 ജനുവരി 26ന് ഭരണഘടന നിലവിൽ വന്നത് സ്വതന്ത്രമായ ഒരു രാജ്യത്തിന് ശക്തവും സമഗ്രവുമായ ഒരു ചട്ടക്കൂട് നൽകുക എന്ന ലക്ഷ്യത്തോടെയാണ്. ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം പാർലമെന്റിന് നൽകുന്ന അനുച്ഛേദം 368 ഭാഗം 20ൽ ഉൾപ്പെടുത്തി. 129 ഭേദഗതികളിലൂടെ വളർന്ന ഭരണഘടന ഇന്ന് 130-ാം ഭേദഗതിയില്‍ എത്തി നിൽക്കുന്നു. ഗുരുതര ക്രിമിനൽ കുറ്റങ്ങളിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഉൾപ്പെടെ ഉന്നത പദവിയിലുള്ളവരെ അറസ്റ്റ് ചെയ്ത് തുടർച്ചയായി 30 ദിവസം തടങ്കലിൽവച്ചാൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള നിയമ നിർമ്മാണമാണ് പുതിയത്. സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയിലുള്ള ഈ ബിൽ, രാഷ്ട്രീയ ധാർമ്മികതയിലും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയിലും വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.
ഭരണഘടനയുടെ 75, 164, 239 എഎ എന്നീ മൂന്ന് അനുച്ഛേദങ്ങളാണ് മാറ്റങ്ങൾക്ക് വിധേയമാക്കാൻ നിർദേശിക്കപ്പെട്ടിട്ടുള്ളത്. അതുപ്രകാരം ഒരു മന്ത്രി, തന്റെ ഔദ്യോഗിക പദവിയിലിരിക്കെ, അഞ്ചോ അതിലധികമോ വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ആരോപിക്കപ്പെട്ട്, തുടർച്ചയായി 30 ദിവസം അറസ്റ്റ് ചെയ്യപ്പെടുകയോ തടങ്കലിൽ വയ്ക്കപ്പെടുകയോ ചെയ്താൽ, 31-ാം ദിവസം പ്രധാനമന്ത്രി നൽകുന്ന ഉപദേശപ്രകാരം രാഷ്ട്രപതി അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടതാണ്. നിര്‍ദിഷ്ട ദിവസം അത്തരം ഉപദേശം രാഷ്ട്രപതിക്ക് നൽകാത്തപക്ഷം തൊട്ടടുത്ത ദിവസം മുതൽ അദ്ദേഹം സ്വയമേവ മന്ത്രിയല്ലാതായിത്തീരും.
പ്രധാനമന്ത്രി, തന്റെ ഔദ്യോഗിക പദവിയിലിരിക്കെ സമാന രീതിയില്‍ അറസ്റ്റ് ചെയ്യപ്പെടുകയോ തടങ്കലിൽ വയ്ക്കപ്പെടുകയോ ചെയ്താൽ 31-ാം ദിവസം സ്ഥാനം രാജി വയ്ക്കണം. അല്ലെങ്കിൽ, അതിനുശേഷമുള്ള ദിവസം മുതൽ പ്രധാനമന്ത്രി അല്ലാതായിത്തീരും. അത്തരം പ്രധാനമന്ത്രിയെയോ മന്ത്രിയെയോ തടങ്കലിൽ നിന്ന് മോചിതനായ ശേഷം, (1)-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി വീണ്ടും നിയമിക്കുന്നതിൽ തടസമില്ല.
ഒറ്റനോട്ടത്തിൽ നിഷ്കളങ്കമെന്ന് തോന്നാവുന്ന ഈ ഭേദഗതിയിൽ ഒളിഞ്ഞിരിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ ദുരുപയോഗത്തിലൂടെ നടപ്പാക്കാൻ കഴിയുന്ന രാഷ്ട്രീയ പകപോക്കലുകൾക്കുള്ള അനന്തസാധ്യതകൾ തന്നെയാണ്. സ്വാഭാവിക നിലയിൽത്തന്നെ വളരെ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കാൻ സാധിക്കുന്നവയാണ്. കോടതിയിൽ കുറ്റം തെളിയിക്കപ്പെടുന്നതിന് മുമ്പുതന്നെ, അറസ്റ്റിന്റെയും തടങ്കലിന്റെയും മാത്രം അടിസ്ഥാനത്തിൽ ഒരാളെ നീക്കം ചെയ്യുന്നത്, അയാൾക്ക് ശിക്ഷ നൽകുന്നതിന് തുല്യമായിരിക്കും.
ഉന്നത പദവിയിലുള്ളയാൾ ജയിലിൽ നിന്ന് ഭരണം തുടരുന്നത് തടയാൻ ഈ ബിൽ അത്യാവശ്യമാണെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. ഉയർന്ന സ്ഥാനങ്ങളിലുള്ളവര്‍ക്ക് ഉന്നതമായ സത്യസന്ധത ഉണ്ടായിരിക്കണമെന്നും, ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ തടവിൽ കഴിയുന്നത് ജനങ്ങൾ അർപ്പിച്ച ഭരണഘടനാപരമായ വിശ്വാസത്തെ ഇല്ലാതാക്കുമെന്നും അവർ വാദിക്കുന്നു. ഗുരുതര കുറ്റങ്ങൾക്ക് തടവിലാക്കപ്പെട്ടാലും മന്ത്രിമാരും മുഖ്യമന്ത്രിമാരും രാജിവയ്ക്കാൻ വിസമ്മതിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്നുവെന്നും അനുകൂലികള്‍ വിശേഷിപ്പിക്കുന്നു. ഈ ബിൽ സർക്കാർ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസം ശക്തിപ്പെടുത്തുമെന്നും അവര്‍ ആശ്വസിക്കുന്നു.
എന്നാൽ ഇന്ത്യൻ നിയമത്തിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാന തത്വമായ ‘ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാൻ പാടില്ല’ എന്ന തത്വത്തിനെതിരാണ് ഈ ബില്ല്. ഒരു കുറ്റം ആരോപിക്കപ്പെടുന്ന ഏതൊരാളും, സംശയത്തിന് അതീതമായി കുറ്റക്കാരെന്ന് തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി കണക്കാക്കപ്പെടും എന്ന് രാജ്യത്തെ നിയമതത്വം അടിവരയിടുന്നുണ്ട്. ‘ദുർബല ആരോപണങ്ങൾ’ ഉന്നയിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കാനും അറസ്റ്റ് ചെയ്യാനും കേന്ദ്ര അന്വേഷണ ഏജൻസികൾ മുന്നിട്ടിറങ്ങുന്നതാണ് ഇന്നത്തെ സാഹചര്യം. ജുഡീഷ്യറിയുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റവുമാണ് ബിൽ. അറസ്റ്റിന്റെയും തടങ്കലിന്റെയും അടിസ്ഥാനത്തിൽ പദവി നീക്കം ചെയ്യാനുള്ള അധികാരം എക്സിക്യൂട്ടീവിന് നൽകുന്നതിലൂടെ ഏകാധിപത്യ രാഷ്ട്രനിർമ്മിതിയുടെ ചിത്രങ്ങളും തെളിഞ്ഞുതുടങ്ങും.
അവസാനിക്കുന്നില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.