
കിളിമാനൂരിൽ വയോധികന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ വാഹനമോടിച്ചത് പാറശ്ശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ സിഐ പി അനിൽകുമാര്‍ തന്നെയെന്ന് സ്ഥിരീകരണം. ഞായറാഴ്ച മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പാറശ്ശാല സ്റ്റേഷൻ വിട്ട് അനിൽകുമാര്‍ തട്ടത്തുമലയിലെ വീട്ടിൽ പോയിരുന്നു. അനുമതിയില്ലാതെ പോയതുകൊണ്ടാണ് അപകടം ഉണ്ടായിട്ടും നിർത്താതെ പോയതെന്നാണ് വിവരം.
അപകടമുണ്ടാക്കിയ അനിൽകുമാറിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പാറശ്ശാല സിഐ പി അനിൽകുമാറിനെതിരെ നടപടിയെടുക്കും സംഭവത്തിൽ റൂറൽ എസ്പി റെയിഞ്ച് ഐജിക്ക് രാവിലെ റിപ്പോർട്ട് നൽകും. സി ഐയുടെ ഭാഗത്തു ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്നാണ് കണ്ടെത്തൽ. അപകടമുണ്ടാക്കി എന്ന കുറ്റം എസ്എച്ച്ഒ അനിൽകുമാര്‍ പൊലീസിനോട് സമ്മതിച്ചു. ഒരാൾ വാഹനത്തിന്റെ സൈഡിൽ ഇടിച്ചുവീണുവെന്ന് അനിൽകുമാർ പറഞ്ഞു. ഇതിനുശേഷം അയാള്‍ എഴുന്നേറ്റത് കണ്ടെന്നും കുഴപ്പമൊന്നും കാണില്ലെന്നു വിചാരിച്ചു എന്നുമാണ് അനിൽകുമാര്‍ പറയുന്നത്. അപകടത്തിന്റെ അന്വേഷണം ആറ്റിങ്ങൽ ഡിവൈഎസ്‍പി മഞ്ചുലാലിന് കൈമാറി.
കഴിഞ്ഞ പത്താം തീയതി പുലര്‍ച്ചെ അഞ്ചിനാണ് കിളമാനൂരിൽ വാഹനാപകടമുണ്ടായത്. വയോധികനെ ഇടിച്ചത് അറിഞ്ഞിട്ടും കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. വയോധികൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അപകടശഷം കാര്‍ സ്വകാര്യ വർക്ക് ഷോപ്പിൽ കൊണ്ട് പോയി അറ്റകുറ്റപണി നടത്തി തെളിവ് നശിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.