5 December 2025, Friday

പോയകാലം

ലക്ഷ്മി എസ് വിശ്വനാഥ് 
September 14, 2025 11:57 am

പണ്ടെന്റെയുമ്മറക്കോലായിലൊത്തിരി
ബന്ധുക്കളുണ്ടായിരുന്നു
മുറ്റത്തു തേന്മാവുതിർക്കുന്ന തേൻകനി -
യെത്ര പേർ പങ്കിട്ടെടുത്തു
ബാല്യം നടന്നു മതിവരാതെത്രയോ
വഴി ബാക്കിയുണ്ടായിരുന്നു
തൊടിയും കുളങ്ങളും വലിയൊരാലും
ആരുമന്യരല്ലാത്തൊരൻ ബാല്യം
ഒരുമിച്ചുപങ്കിട്ട ഞാവൽപ്പഴങ്ങളാ
നിറമുള്ള നാവുനീട്ടുന്നു
കാരയ്ക്കാ, ചാമ്പയ്ക്ക, കാണാതൊളിപ്പിച്ച
നേരിന്റെ കൽക്കണ്ടക്കഷ്ണം
തീർന്നുവോ നിന്നുടെ കല്ലുപെൻസിൽ;
ഇതാ പാതിയെന്റെതെടുത്തോളൂ
സൂക്ഷിച്ചുവച്ച മഷിത്തണ്ടുരച്ചു ഞാൻ
സ്ലേറ്റൊന്നു വൃത്തിയാക്കട്ടെ
എഴുതാനൊരുകടൽ ബാക്കിയുണ്ടാ ബാല്യ-
മിനിയൊന്നുവന്നുചേർന്നെങ്കിൽ
ഊടുവഴികളിൽ പാക്കാന്തയുണ്ടെന്ന്
മുത്തശ്ശി കള്ളം പറഞ്ഞോ?
അരുതു നീ വീഴുമെന്നെല്ലാക്കയങ്ങൾക്കു -
മശരീരി തന്നെന്റെ ബാല്യം
വഴിനീളെ തണലും തണുപ്പുമായൊരുപാടു -
വടവൃക്ഷമുണ്ടായിരുന്നു
ഇരുൾതിന്നവഴിപോലുമൊരു കൊച്ചുമൺചെരാ -
തല്പം വെളിച്ചം തളിച്ചു
ഞാനെന്റെയമ്മയ്ക്ക് മാത്രമല്ലെത്രയോ
അമ്മമാർക്കുയിരായിരുന്നു
നാരകത്തിലചേർത്തരച്ചചമ്മന്തി പോൽ
ഹൃദ്യം, സുഗന്ധിതം ബാല്യം
ഒരുപാടുദൂരം കഴിഞ്ഞു ഞാ-
നാരുമേയൊപ്പമില്ലെന്നോ
പരിചിതയല്ലാത്ത ഞാനേകകയായെങ്ങ്
നീ പെരുവഴിതാണ്ടിയങ്ങെത്തും?
വഴിയിലിരുട്ടത്തിരിപ്പുണ്ടു പാക്കാന്ത
മൺചെരാതെന്നേയണഞ്ഞു
കോലായിലേതോ കരിമ്പൻ തുണിക്കുരു -
ക്കെന്നോ ഞെരിച്ചുപോയ് സ്നേഹം കരുതലും
കരുണയും കൊന്നുതിന്നിട്ടുപോ-
ന്നിട്ടുപോയൊരുപാടുപാക്കാന്തയായി
മുത്തശ്ശിയെന്നോ പറഞ്ഞിട്ടു പോയെത്ര
വാസ്തവം വാക്കാണ് സത്യം
കാവലും കരുതലും കരുണയോലും മന -
സെല്ലാം കടംകഥ മാത്രം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.