
രണ്ടാം ലോകമഹായുദ്ധ കാലത്ത് 40 കോടിയിലേറെ വരുന്ന ഇന്ത്യക്കാരുടെ താല്പര്യങ്ങളെ പരിഗണിക്കാതെ ബ്രിട്ടീഷ് സാമ്രാജ്യത്വം രാജ്യത്തെ യുദ്ധത്തിൽ പങ്കാളിയാക്കിയതായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ അറിവോ അനുമതിയോ കൂടാതെ രാജ്യത്തെ യുദ്ധത്തിലേക്ക് വലിച്ചതിനെതിരെ പ്രതിഷേധിക്കാൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അന്ന് ഇടതുപക്ഷത്തിന്റെ കയ്യിലായിരുന്നു. സംസ്ഥാനത്താകെ പ്രതിഷേധം സംഘടിപ്പിക്കാൻ കേരളഘടകവും തീരുമാനിച്ചു. അതേത്തുടർന്ന് 1940 സപ്തംബർ 15 മർദനപ്രതിഷേധ ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തു. പ്രതിഷേധങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനാണ് പൊലീസും പട്ടാളവും സന്നദ്ധമായത്. അതിന്റെ ഫലമായി പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. സെക്രട്ടറിയായിരുന്ന കെ ദാമോദരൻ നിരോധനാജ്ഞ ലംഘിക്കാൻ ആഹ്വാനം ചെയ്തു. പ്രസ്തുത ആഹ്വാനം അനുസരിച്ച് നടന്ന പ്രതിഷേധങ്ങളെ പൊലീസും പട്ടാളവും രംഗത്തിറങ്ങിയപ്പോൾ പലയിടങ്ങളിലും വെടിവയ്പും സംഘർഷങ്ങളുമുണ്ടായി. തലശേരി ജവഹർഘട്ട് കടപ്പുറത്ത് വെടിവയ്പിൽ രണ്ടുപേർ രക്തസാക്ഷികളായി.
അബു, ചാത്തുക്കുട്ടി രക്തസാക്ഷിത്വം
1940 സെപ്റ്റംബർ 15ന് തലശേരിയിൽ കോരിച്ചൊരിയുന്ന മഴയായിരുന്നു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചുകൊണ്ട് കർഷകരും തൊഴിലാളികളും ചെറുജാഥകളായി പ്രതിഷേധയോഗം ചേരാൻ നിശ്ചയിച്ചിരുന്ന തലശേരി ജവർഘട്ട് കടപ്പുറത്തേക്ക് ഒഴുകിയെത്തി. ഈ ജോയിന്റ് മജിസ്ട്രേറ്റും പൊലീസും നിരോധനാജ്ഞയുള്ളതിനാൽ പൊതുയോഗം നടത്തരുതെന്ന് നിർദേശിച്ചു. എന്നാൽ പൊതുയോഗം ചേരുകതന്നെ ചെയ്യുമെന്ന് നേതാക്കൾ മറുപടി നൽകി. ക്ഷുഭിതരായ പൊലീസ്, ഓഫിസിലുണ്ടായിരുന്ന നേതാക്കളെ മുഴുവൻ അറസ്റ്റ് ചെയ്ത് കൂത്തുപറമ്പിലേക്ക് കൊണ്ടുപോയി റിമാന്റ് ചെയ്ത് തടങ്കലിലടച്ചു. ഓഫിസിലെത്തി പോലീസ് സംസാരിക്കുന്നതിനിടയിൽ പി കെ മാധവൻ പി കെ കൃഷ്ണൻ എന്നിവർ പിറകുവശത്തെ മതിൽചാടി ജവഹർഘട്ടിലേക്ക് പോയിരുന്നു. അവിടെ തിങ്ങിക്കൂടിയ ജനങ്ങളോട് പി കെ മാധവൻ പ്രസംഗിച്ചു. ഈ സമയമാകുമ്പോഴേക്കും പൊലീസെത്തി യോഗം നടത്തരുതെന്ന് ആവശ്യപ്പെട്ടു. നടത്തുമെന്ന് പ്രകടനക്കാർ വിളിച്ചുപറഞ്ഞപ്പോൾ പൊലീസ് ലാത്തിവീശി. പലരും അടിയേറ്റ് വീണു. പ്രകടനത്തിന് എത്തിയവർ പൊലീസിനുനേരെ തിരിഞ്ഞു. തുടർന്ന് പൊലീസ് വെടിവയ്പ് ആരംഭിച്ചു. അധ്യാപകനായ അബുവും ബീഡിത്തൊഴിലാളിയായ ചാത്തുക്കുട്ടിയും ജവഹർഘട്ടിൽ തന്നെ മരിച്ചുവീണു. ടി വി അച്ചുതൻനായർ തലനാരിഴയ്ക്കാണ് മരണത്തിൽ നിന്നും രക്ഷപെട്ടത്.
21-ാം വയസിലാണ് അബു രാജ്യവിമോചന പോരാട്ടത്തിൽ രക്തസാക്ഷിയായത്. വളരെ പാവപ്പെട്ട കുടുംബാംഗമായിരുന്നു. കഷ്ടപ്പാടുകളുടെ നടുവിൽ പാതിരിയാട് ഹയർ എലിമെന്ററി സ്കൂളിൽ നിന്നും എട്ടാംതരം പാസായി. സ്കൂളിൽ നന്നായി പഠിക്കുന്ന വിദ്യാർത്ഥിയും പ്രാസംഗികനുമായിരുന്ന അബു വിദ്യാഭ്യാസം കഴിഞ്ഞ് ഓടക്കാട് മാപ്പിള സ്കൂളിൽ അധ്യാപകനായി ചേർന്നു. കൂത്തുപറമ്പിന് അടുത്തായിരുന്നെങ്കിലും പാർട്ടി നിർദേശമനുസരിച്ചാണ് അബു 1940 സപ്റ്റംബർ 15ന്റെ തലശേരി പ്രതിഷേധ യോഗത്തിൽ പങ്കെടുത്തത്. ധർമ്മടം വില്ലേജിൽ പാലയാട് പുതിയപറമ്പൻ കുഞ്ഞിരാമന്റെയും മുളിയിൽ താലയുടെയും മൂന്നാമത്തെ മകനായ ചാത്തുക്കുട്ടി പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പത്രം വിൽപ്പനക്കാനും പിന്നീട് ബീഡിത്തൊഴിലാളിയുമായി. പ്രതിഷേധദിനത്തിന്റെ തലേന്ന് ധർമ്മടത്തുനടന്ന പ്രചരണജാഥയിലെ അംഗമായിരുന്നു ചാത്തുക്കുട്ടി. 18-ാം വയസിലാണ് ജവഹർഘട്ടിൽ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് രക്തസാക്ഷിയായത്. തലശേരി സംഭവത്തെ തുടർന്ന് നിരവധി പേർക്ക് ഗുരുതരമായ പരിക്കേറ്റു. പൊലീസ് ഇവരെയടക്കം പ്രതിചേർത്ത് പ്രമാദമായൊരു കേസും ചാർജ്ജുചെയ്യുകയുണ്ടായി. ഇരുപതോളംപേരെ ആറുമാസം മുതൽ മൂന്നുകൊല്ലം വരെ ശിക്ഷിക്കുകുകയും ചെയ്തു.
ഇതേദിനത്തിൽ നടന്ന മറ്റൊരു പ്രതിഷധമാണ് മോറാഴ സംഭവമെന്ന് അറിയപ്പെടുന്നത്. 1940 മേയ് 20ന് നിശ്ചയിച്ച മർദന പ്രതിഷേധദിനം ജൂലായ് 21ലേക്ക് മാറ്റി. അന്ന് മലബാറിലാകെ പ്രതിഷേധമിരമ്പി. പിന്നീട് ഓഗസ്റ്റ് 18ന് പൗരസ്വാതന്ത്യ്രദിനമാചരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം നടത്തിയെങ്കിലും അതിന് ജില്ലാ മജിസ്ട്രേറ്റ് നിരോധനം ഏർപ്പെടുത്തി.
മൊറാഴ സംഭവം
സെപ്റ്റംബർ 15ന് കെപിസിസി ആഹ്വാനപ്രകാരം രാവിലെ മുതൽതന്നെ ചെറുജാഥകൾ കീച്ചേരിയിലേക്ക് പുറപ്പെട്ടു. വളപട്ടണം പൊലീസ് എസ്ഐ കുട്ടികൃഷ്ണമേനോനും സംഘവും കീച്ചേരിയിലെത്തി, തുടർന്ന് നിരോധന ഉത്തരവുണ്ടായി. നേതാക്കൾ ഉത്തരവ് ബാധകമല്ലാത്ത മോറാഴ വില്ലേജിലെ അഞ്ചാം പീടികയിലേക്ക് പ്രകടനവും സമ്മേളനവും മാറ്റി. വിഷ്ണുഭാരതീയന്റെ അധ്യക്ഷതയിൽ നാലു മണിയോടെ അഞ്ചാംപീടികയിൽ പൊതുയോഗം ആരംഭിച്ചു. ഈ സമയം എസ്ഐ കുട്ടികൃഷ്ണമേനോൻ തളിപ്പറമ്പ് മജിസ്ട്രേറ്റിനെയും കൂട്ടി അവിടെയെത്തി. പ്രകടനവും പൊതുയോഗവും നിരോധിച്ചതായി പ്രഖ്യാപിച്ചു. ജനം പിരിഞ്ഞുപോകാതെ വന്നപ്പോൾ ലാത്തിചാർജ്ജ് തുടങ്ങി. പൊറുതിമുട്ടിയ ജനം കയ്യിൽ കിട്ടിയ കല്ലും വടികളുമായി ചെറുത്തുനിന്നു. ജനങ്ങൾക്കുനേരെ രണ്ടുതവണ പൊലീസ് വെടിവച്ചു. ജനം പിരിഞ്ഞുപോകാതെ ഉറച്ചുനിന്നു. ഇതിനിടയിൽ കല്ലേറുകൊണ്ട് കുഴഞ്ഞുവീണ എസ്ഐ കുട്ടികൃഷ്ണമേനോൻ മരിച്ചു. പരിക്കേറ്റ ഹെഡ് കോൺസ്റ്റബിൾ ഗോപാലൻ നമ്പ്യാർ പിന്നീട് ആശുപത്രിയിൽവെച്ചും മരിച്ചു. 40 പേരെ പ്രതിചേർത്താണ് കേസ് ഫയൽ ചെയ്തത്. ഒരു കൊല്ലത്തോളം നീണ്ടുനിന്ന കേസിൽ മദ്രാസ് ഹൈക്കോടതി 14 പേരൊഴികെ എല്ലാവരെയും വിട്ടയച്ചു. കെ പി ആർ ഗോപാലനെ വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ജനകീയ സമ്മർദത്തെ തുടർന്ന് ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. സംഘബോധവും ഇച്ഛാശക്തിയുമായി ഒത്തുചേരുന്നവർ ഏത് മർദനമുറകളിലും തളരില്ലെന്ന് തെളിയിച്ച സംഭവമായിരുന്നു മോറാഴയിൽ നടന്നത്.
മട്ടനൂര്‍, കൂത്തുപറമ്പ്
ഇതേ ദിവസംതന്നെ മട്ടനൂരിലെ മൈതാനിയിൽ പലഭാഗത്തുനിന്നുള്ളവർ ഒത്തുകൂടി. നിരോധനം ഉണ്ടായിരുന്നുവെങ്കിലും പി ശങ്കരൻനമ്പ്യാർ പ്രസംഗം തുടങ്ങി. ഉടൻ തന്നെ പൊലീസ് ലാത്തിചാർജ് ആരംഭിച്ചെങ്കിലും ജനം പിരിഞ്ഞുപോയില്ല. തുടർന്ന് പൊലീസ് ജനങ്ങൾക്കുനേരെ നിറയൊഴിച്ചു. സഹികെട്ട ജനങ്ങൾ പൊലീസിനുനേരെ കല്ലെറിഞ്ഞു. ആ ഏറ്റുമുട്ടലിൽ പരുക്കേറ്റ പൊലീസുകാരൻ പിന്നീട് ആശുപത്രിയിൽ മരിച്ചു.
60 പേരെ പ്രതിചേർത്ത് ഈ സംഭവത്തിൽ കേസെടുത്തു. ഇവരിൽ ഏഴു പേരെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. തലശേരിയിൽ അബുവും ചാത്തുക്കുട്ടിയും രക്തസാക്ഷികളായ വാർത്തയറിഞ്ഞ് പ്രക്ഷുബ്ധാവസ്ഥയിലായിരുന്നു കൂത്തുപറമ്പിൽ ജനങ്ങൾ ഒത്തുചേർന്നത്. പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും യോഗം തടഞ്ഞില്ല. പത്തലായി കുഞ്ഞിക്കണ്ണൻ, ഗോപാലൻ നമ്പ്യാർ, കെ ടി മാധവൻ എന്നിവർ പ്രസംഗിച്ചു. യോഗാനന്തരം നടത്തിയ ജാഥയുടെ ഒടുവിലാണ് പൊലീസ് ലാത്തിചാർജും മർദനവുമുണ്ടായത്. കുറേപേരെ അറസ്റ്റുചെയ്യുകയുമുണ്ടായി. ഏഴുപേരെ പ്രതിചേർത്ത് കേസെടുത്തു. ഒളിവിൽപോയി പിടികൊടുക്കാതിരുന്ന ടി കെ രാജു ഒഴികെ മറ്റുള്ളവരെ ഒമ്പത് മാസം തടവിന് ശിക്ഷിച്ചു. വടകരയിലും വൻ പ്രതിഷേധവും പൊലീസ് നടപടികളുമുണ്ടായി.
1939ൽ സിപിഐ കേരള ഘടകം രൂപീകരിക്കപ്പെട്ടതിനുശേഷമായിരുന്നു 1940 സെപ്റ്റംബർ 15ലെ പ്രതിഷേധം നടന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ ഒന്നടങ്കം സാമ്രാജ്യത്ത വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്നണിയിൽ അണിനിരന്നതായിരുന്നു ഈ പ്രതിഷേധം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.