18 January 2026, Sunday

Related news

January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇന്ത്യ‑യുഎസ് വ്യാപാര ചര്‍ച്ച തുടങ്ങി

Janayugom Webdesk
ന്യൂഡല്‍ഹി
September 16, 2025 11:15 pm

ട്രംപിന്റെ തീരുവ യുദ്ധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഇന്ത്യ‑യുഎസ് വ്യാപാര കരാര്‍ ചര്‍ച്ച വീണ്ടും തുടങ്ങി. 50% താരീഫ് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലെ കയറ്റുമതിക്കാര്‍, പ്രത്യേകിച്ച് വസ്ത്ര വ്യാപാരമേഖലയിലുള്ളവര്‍ വലിയ പ്രതിസന്ധിയിലാണ്.
ദക്ഷിണ, മധ്യേഷ്യന്‍ രാജ്യങ്ങളുമായി വ്യാപാര കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തുന്ന യുഎസ് പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ച് നയിക്കുന്ന സംഘം കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രത്യേക സെക്രട്ടറി രാജേഷ് അഗര്‍വാള്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരുമായാണ് ചര്‍ച്ച ആരംഭിച്ചത്. അമേരിക്കന്‍ പ്രതിനിധികള്‍ തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയിരുന്നു. 50% താരിഫ് അന്യായവും യുക്തിക്ക് നിരക്കാത്തതുമാണെന്ന നിലപാടിലാണ് ഇന്ത്യ. 

ഉഭയകക്ഷി വ്യാപാര കരാര്‍ (ബിടിഎ) സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ ഒക്ടോബറോടെ കരാറിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. ഇതുവരെ അഞ്ച് തവണ ചര്‍ച്ചകള്‍ നടന്നിരുന്നു. അതിനിടെയാണ് ട്രംപ് ഉയര്‍ന്ന തീരുവ അടിച്ചേല്‍പ്പിച്ചത്. തുടര്‍ന്ന് ഓഗസ്റ്റ് 25 മുതല്‍ 29 വരെ നിശ്ചയിച്ചിരുന്ന ആറാം വട്ട ചര്‍ച്ച മാറ്റിവയ്ക്കുകയായിരുന്നു. ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിലാണ് ട്രംപ് 25% പിഴ താരിഫ് ഏര്‍പ്പെടുത്തിയത്.

അതേസമയം ഇന്നലെ നടന്നത് ആറാം വട്ട ചര്‍ച്ചയല്ലെന്നും അതിന് മുന്നോടിയായുള്ള കാര്യങ്ങളാണെന്നും വാണിജ്യ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും ആഴ്ചയില്‍ ഒരിക്കല്‍ ഓണ്‍ലൈനായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും വ്യക്തമാക്കി.
ചര്‍ച്ച പുനഃരാരംഭിക്കാനുള്ള ട്രംപിന്റെ തീരുമാനം വലിയ പ്രതീക്ഷയോടെയാണ് പ്രധാനമന്ത്രി കാണുന്നത്. റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ ഊര്‍ജ സംഭരണം ശക്തമാക്കുന്നതിനും ദേശീയ താല്പര്യവും വിപണിയിലെ ചലനാത്മകതയും അനുസരിച്ചാണെന്നും ഇന്ത്യ വാദിക്കുന്നു. എല്ലാ വ്യാപാര ഇടപാടുകളിലും കര്‍ഷകരുടെയും ക്ഷീര ഉല്പാദകരുടെയും ചെറുകിട ചെറുകിട‑ഇടത്തരം നിര്‍മ്മാതാക്കളുടെയും താല്പര്യങ്ങള്‍ സംരക്ഷിച്ചായിരിക്കുമെന്നും ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.