
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം മന്ത്രി വി എൻ വാസവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പമ്പാ മണപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നാളെ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30ന് സമാപിക്കും. ശബരിമലയെ ലോക നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾക്കാവശ്യമായ നിക്ഷേപ സാധ്യതയും കണക്കിലെടുത്താണ് സംഗമം. രാജ്യത്ത് ഇതാദ്യമാണ് ഒരു തീർത്ഥാന കേന്ദ്രത്തിന്റെ വികസന ചർച്ചകളിൽ ഭക്തർ നേരിട്ട് പങ്കാളികളാകുന്നത്. ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിച്ച് തീര്‍ത്ഥാടന ടൂറിസം സാധ്യതകൾ കണ്ടത്തുകയാണ് പ്രധാന ലക്ഷ്യം. സംഗമത്തിൽ മൂന്ന് സമാന്തര സെഷനുകൾ നടക്കും. ആദ്യ സെഷൻ ശബരിമല മാസ്റ്റർപ്ലാനിനെ കുറിച്ച് ചർച്ച ചെയ്യും. ഹൈപവർ കമ്മിറ്റി അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ, നയരൂപീകരണ വിദഗ്ധർ എന്നിവർ ഇതിൽ പങ്കെടുക്കും. അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, തീർത്ഥാടകരുടെ ക്ഷേമം തുടങ്ങി ദീർഘകാല പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യും. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനാണ് മുഖ്യ ചുമതല.
ആത്മീയ ടൂറിസം സർക്യൂട്ടുകൾ എന്ന രണ്ടാമത്തെ സെഷൻ ആത്മീയ ടൂറിസം വിഷയത്തെക്കുറിച്ചാണ്. കേരളത്തിലെ മറ്റ് സാംസ്കാരിക, ആത്മീയ കേന്ദ്രങ്ങളുമായി ശബരിമലയെ ബന്ധിപ്പിക്കുന്നത് ചർച്ച ചെയ്യും. ടൂറിസം-വ്യവസായ മേഖലയിലെ പ്രമുഖർ തീർത്ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും ചുറ്റുമുള്ള പ്രദേശങ്ങൾക്ക് സാമൂഹിക‑സാമ്പത്തിക നേട്ടങ്ങൾ നൽകുന്നതിനുമുള്ള വഴികൾ അവതരിപ്പിക്കും. മുന്‍ പ്രധാനമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ടി കെ എ നായർക്കായിരിക്കും ഇതിന്റെ ചുമതല. മൂന്നാമത്തെ സെഷൻ ‘തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും’ എന്ന വിഷയെക്കുറിച്ചാണ്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വിദഗ്ധർ, സാങ്കേതിക പങ്കാളികൾ എന്നിവർ ഇതിൽ പങ്കെടുക്കും. ഡിജിപിക്കായിരിക്കും ചുമതല. ചർച്ചകളിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക ചോദ്യാവലികൾ പൂരിപ്പിച്ച് നൽകാം. ചർച്ചകളിൽ ഉയരുന്ന വിഷയങ്ങൾ വിദഗ്ധർ പരിശോധിച്ച് റിപ്പോർട്ട് സര്‍ക്കാരിന് നൽകും. സംഗമ ദിവസം സന്നിധാനത്ത് പ്രത്യേക നിയന്ത്രണങ്ങൾ ഉണ്ടാകില്ല. മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിമാരായ പി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവർക്കൊപ്പം സംസ്ഥാന മന്ത്രിമാരും വിവിധ സമുദായ പ്രതിനിധികളും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗങ്ങളായ അഡ്വ. അജികുമാർ, സന്തോഷ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.