5 December 2025, Friday

മണ്ടേലയുടെ മലയാളി സഖാക്കള്‍

ജി ഷഹീദ്
September 28, 2025 6:00 am

നാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി ഐതിഹാസികമായ പോരാട്ടം നടത്തിയ കറുത്ത വര്‍ഗക്കാരനായ ജയില്‍പ്പുള്ളിയുമായി സൗഹൃദം പങ്കിടാന്‍ വെള്ളക്കാരനായ ജയില്‍ വകുപ്പ് മന്ത്രി അപ്രതീക്ഷിതമായി എത്തി. ലോകരാഷ്ട്രീയ ചരിത്രത്തിലെ അസാധാരണമായ സംഭവം. മന്ത്രിയുടെ കയ്യില്‍ ഒരു കുപ്പി വീഞ്ഞ്. ഉത്സാഹഭരിതനായ മന്ത്രി ജയില്‍പുള്ളിയോട് മന്ത്രിച്ചു, ”പുതിയ അന്തരീക്ഷമല്ലേ? ഗൃഹപ്രവേശം പോലെ നമുക്കൊന്ന് ആഘോഷിക്കാം.” ജയില്‍പ്പുള്ളിക്ക് മുന്തിയ വീഞ്ഞ് കുപ്പി മന്ത്രി കൈമാറി. നെപ്പോളിയന്‍ ചക്രവര്‍ത്തി ആസ്വദിച്ചിരുന്നത് ഇതേ വീഞ്ഞാണെന്ന് വിശേഷണവും. ജയില്‍പ്പുള്ളിയെ മന്ത്രി ആശ്ലേഷിച്ചു. അദ്ദേഹം ആഹ്ലാദത്തിന്റെ കൊടുമുടിയിലായിരുന്നു. മുമ്പ് കറുത്തവനെ വെള്ളക്കാർ അകറ്റി നിര്‍ത്തിയിരുന്നു. ഇരുട്ടറ പോലെയുള്ള ജയിലിലെ ഏകാന്ത തടവില്‍ നിന്നാണ് കറുത്ത വര്‍ഗക്കാരന്‍ പുതിയ ആകാശവും പുതിയ ഭൂമിയും പോലുള്ള ജയില്‍ മുറിയില്‍ എത്തിയത്. അവിശ്വസനീയമായ അന്തരീക്ഷം. ഔദ്യോഗിക രേഖകളില്‍ മാത്രം അതൊരു ജയില്‍. ജനലുകള്‍ക്കും വാതിലിനും ഇരുമ്പഴികള്‍ ഇല്ല. അവ അടയക്കാനോ തുറക്കാനോ താക്കോല്‍ കൂട്ടങ്ങള്‍ കിലുക്കുന്ന വെള്ളക്കാരന്‍ വാര്‍ഡന്‍ ഇല്ല. കുളിക്കാന്‍ നീല ജലാശയം പോലുള്ള നീന്തല്‍ക്കുളം. രാത്രി നിശ്ചലമാകുമ്പോള്‍ സാഗരസംഗീതം കേള്‍ക്കാം. ഉച്ചയ്ക്കു വീശുന്ന തണുത്ത കാറ്റ്. ഇഷ്ടമുളള ഭക്ഷണം തടവുകാരന് കിട്ടും. കിടക്കാന്‍ പൂമെത്ത. നിലത്ത് പരവതാനി. വായിക്കാന്‍ പത്ര‑മാസികകള്‍. ടെലിവിഷനും റേഡിയോയും പാട്ടും മേളവും. ജയില്‍ യൂണിഫോം ഇല്ല. തടവുകാരന്‍ ഇഷ്ടപ്പെട്ട നിറത്തിലുള്ള പാന്റും ഷര്‍ട്ടും. മുഖം നോക്കാന്‍ ആള്‍ക്കണ്ണാടി. നീണ്ട കാല്‍നൂറ്റാണ്ടിന് ശേഷം തടവുകാരന്‍ കണ്ണാടിയില്‍ തന്റെ മുഖം കണ്ടപ്പോള്‍ പൊട്ടിച്ചിരിച്ചു. പുറത്തു പോകാന്‍ മാത്രം അനുമതി തടവുകാരനില്ല. സന്ദര്‍ശകരെ സ്വീകരിക്കാം. ക്യാരംസോ ചീട്ടോ കളിക്കാം. ചായയും കാപ്പിയും യഥേഷ്ടം. വീഞ്ഞ് വേണ്ടവര്‍ക്ക് അതും നല്‍കും. തികച്ചും കാല്പനിക അന്തരീക്ഷം. ജനല്‍ തുറന്നാല്‍ മുന്തിരിക്കുലകള്‍ കൈവെള്ളയില്‍ വയ്ക്കാം. ഹൃദയഹാരിയായ ഉദ്യാനം. പ്രഭാതം വിടരുമ്പോള്‍ പക്ഷിയുടെ സംഗീതം. നോക്കെത്താ ദൂരം തണല്‍ മരങ്ങള്‍. ഇരുണ്ട ഭൂഖണ്ഡമെന്ന് വിശേഷണമുള്ള ദക്ഷിണാഫ്രിക്കയിലെ ഒരു ജയിലാണ് രംഗം. സ്‌നേഹസമ്പന്നനായ മന്ത്രിപറഞ്ഞു, ”അല്പം വീഞ്ഞ് നമുക്ക് രുചിക്കാം, നല്ല ദിവസമല്ലേ?”
”വീഞ്ഞും മദ്യവും ഞാന്‍ ശീലിച്ചിട്ടില്ല”
തടവുകാരന്‍ പറഞ്ഞു. പക്ഷെ മന്ത്രിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ചൂണ്ടുവിരല്‍ കൊണ്ട് ഒരു തുള്ളി വീഞ്ഞെടുത്ത് രുചിച്ചു. അത്രമാത്രം. മന്ത്രിയും അല്പം വീഞ്ഞ് രുചിച്ചു. മദ്യപാനവും പുകവലിയും നിരോധിച്ചിട്ടുള്ള തടവറ ആദ്യമായി കറുത്ത വര്‍ഗക്കാരനുവേണ്ടി വഴിമാറിയപ്പോള്‍ അത് ലോകചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമായി മാറി. തടവുകാരനും മന്ത്രിയും ഹൃദ്യമായ സംഭാഷണത്തില്‍ ലയിച്ചു. നീണ്ട 27 വര്‍ഷമാണ് ആ തടവുകാരൻ ശിക്ഷ അനുഭവിച്ചത്. അവസാനത്തെ ഒന്നരവര്‍ഷം മാത്രം ഈ പുതിയ ജയിലില്‍.

യുഗപ്രഭാവനായ പോരാളി

ആരായിരുന്നു ആ തടവുകാരന്‍? മന്ത്രിയോ? തടവുകാരന്‍ ഇതിഹാസ തുല്യനായ പോരാളി. യുഗപ്രഭാവനായ നെല്‍സണ്‍ മണ്ടേല. ദക്ഷിണാഫ്രിക്ക ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍ നിന്ന് സ്വതന്ത്രമായപ്പോള്‍ കറുത്ത വര്‍ഗക്കാരനായ ആദ്യത്തെ പ്രസിഡണ്ടായി 1994 മെയ് 10ന് സ്ഥാനമേറ്റു. ഭാരതീയ കീര്‍ത്തനങ്ങളും ക്രിസ്ത്യന്‍ വചനങ്ങളും മുസ്ലീം തക്ബീര്‍ ധ്വനികളും അന്ന് വേദിയില്‍ മുഴങ്ങി. ചടങ്ങില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടിയ ക്യൂബന്‍ പ്രസിഡണ്ട് ഫിദല്‍കാസ്‌ട്രോ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

ജയിൽ മന്ത്രി കൊബേ കെറ്റ്‌സേ വേദിയില്‍ മണ്ടേലക്കൊപ്പം സന്നിഹിതനായിരുന്നു. ദക്ഷിണാഫ്രിക്കയെ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് മോചിപ്പിച്ച് സ്വാതന്ത്ര്യം നേടാന്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ നയിച്ചത് നെല്‍സണ്‍ മണ്ടേലയായിരുന്നു. കറുത്തവരെ ബ്രിട്ടീഷ് പൊലീസും പട്ടാളവും എക്കാലവും അമര്‍ച്ച ചെയ്തു. ജനാധിപത്യ അവകാശങ്ങള്‍ നിഷേധിച്ച് അവരെ അടിമകളായി കണക്കാക്കി തല്ലിച്ചതച്ചു. കള്ളക്കേസുകളില്‍ പ്രതികളാക്കി. വെള്ളക്കാരായ ജഡ്ജിമാര്‍ പ്രതികളെ ശിക്ഷിച്ചു. സ്വാതന്ത്ര്യ സമരം അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് ഭരണാധികാരികള്‍ കിരാതന്മാരായിരുന്നു. ഒടുവില്‍ സമരങ്ങള്‍ ജയിച്ചു. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കറുത്തവര്‍ക്കും ദക്ഷിണാഫ്രിക്കയില്‍ കുടിയേറിയിരുന്ന ഇന്ത്യാക്കാര്‍ക്കും ആദ്യമായി വോട്ടവകാശം കിട്ടി. ദക്ഷിണാഫ്രിക്ക സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക് ആയി.

റോബൻ ദ്വീപിലെ ഏകാന്ത തടവറ

1912ല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിതമായെങ്കിലും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരങ്ങള്‍ മന്ദഗതിയിലായിരുന്നു. 1860 മുതല്‍ ആയിരക്കണക്കിന് ഇന്ത്യാക്കാരെ പല ജോലിക്കുമായി ബ്രിട്ടീഷ് ഭരണാധികാരികള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയിരുന്നു. ഗുജറാത്തികളായിരുന്നു കൂടുതലും. വക്കീലായി അവിടെ എത്തിയ ഗാന്ധിജി 1893ല്‍ നേറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് സ്ഥാപിച്ചു. നാട്ടുകാരായ കറുത്തവരെയും ഇന്ത്യാക്കാരെയും ബ്രിട്ടീഷ് ഭരണാധികാരികള്‍ അകറ്റി നിര്‍ത്തി. വര്‍ണവിവേചന നയം നടപ്പിലാക്കി. കറുത്തവര്‍ക്ക് അവകാശങ്ങള്‍ നിഷേധിച്ചു. ഇതിനെതിരെ സത്യഗ്രഹ സമരം തുടങ്ങിയ ഗാന്ധിജിയെയും അനുയായികളെയും പൊലീസ് മര്‍ദിച്ച് തുരത്തി. ട്രെയിനില്‍ വെള്ളക്കാരുടെ കമ്പാര്‍ട്ടുമെന്റില്‍ കയറിയ ഗാന്ധിജിയെ തള്ളി താഴെയിട്ടു. സമരങ്ങള്‍ തുടര്‍ന്നുവെങ്കിലും 1915ല്‍ ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങി. അദ്ദേഹം തുടര്‍ന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തു.

1960ല്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നിരോധിച്ചു. മണ്ടേല ഉള്‍പ്പെടെ ആയിരക്കണക്കിന് നേതാക്കള്‍ ഒളിവിലായി. കിട്ടിയവരെ ലോക്കപ്പിലിട്ട് മര്‍ദിച്ചു. കള്ളക്കേസുകളിൽ അവരെ പ്രതികളാക്കി. തെളിവില്ലെങ്കിലും വെള്ളക്കാരായ ജഡ്ജിമാര്‍ പ്രതികളെ വധശിക്ഷയ്ക്കും ജീവപര്യന്തത്തിനുമൊക്കെ ശിക്ഷിച്ചു. എന്നാല്‍ വേറിട്ട ശബ്ദം മുഴക്കിയ ജഡ്ജിമാരും ഉണ്ടായിരുന്നു. അവര്‍ പ്രതികളില്‍ ചിലരെ വെറുതെ വിട്ടു.
1962ല്‍ നെല്‍സണ്‍ മണ്ടേലയെയും അനുയായികളെയും പൊലീസ് പിടികൂടി. 1964ല്‍ മണ്ടേലക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. അദ്ദേഹത്തെ കുപ്രസിദ്ധമായ റോബന്‍ദ്വീപ് ജയിലിലടച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രാകൃത ദ്വീപ്. ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് ചിത്രത്തിലെ പ്രേതകഥകളെ ഓര്‍മ്മിപ്പിക്കുന്ന കരിങ്കല്‍ കെട്ടിടമാണ് ജയില്‍. കേപ്പ്ടൗണ്‍ നഗരത്തില്‍ നിന്ന് അരമണിക്കൂര്‍ ബോട്ടില്‍ യാത്ര ചെയ്താല്‍ ജയിലിലെത്തും. തടവുകാരെ കൊടിയ മര്‍ദനത്തിന് വിധേയമാക്കിയ കിരാതന്മാരായ വെള്ളക്കാര്‍ ജയില്‍ വാര്‍ഡന്‍മാര്‍ ആയിരുന്നു. തടവുകാരെ മര്‍ദിച്ച് ആത്മനിര്‍വൃതി കൊള്ളുന്ന കിരാതന്മാരെ ഈ ജയിലില്‍ പ്രത്യേകമായി തിരഞ്ഞെടുത്ത് നിയോഗിച്ചിരുന്നു. നൂറ് കണക്കിന് തടവുകാര്‍ മര്‍ദനമേറ്റ് അന്ത്യശ്വാസം വലിച്ചു. 1964 ജൂണ്‍ 13നാണ് മണ്ടേലയെ റോബന്‍ ദ്വീപ് ജയിലില്‍ ആദ്യമായി കൊണ്ടുവന്നത്. അന്ന് തന്നെ വാര്‍ഡന്‍മാര്‍ ലാത്തിക്കടിച്ച് സ്വാഗതമരുളി. കാറ്റും വെളിച്ചവുമില്ലാത്ത ചെറിയ മുറിയില്‍ മണ്ടേല ഏകാന്ത തടവില്‍ കിടന്നു. രാവിലെ എട്ടു മുതല്‍ വൈകിട്ട് നാല് വരെ വലിയ ചുറ്റിക കൊണ്ട് പാറയും ഉപ്പു കല്ലും തടവുകാര്‍ പൊട്ടിക്കണം. കഴിക്കാന്‍ പേരിന് മാത്രം ഭക്ഷണം. കുടിക്കാന്‍ കടലിലെ ഉപ്പുവെള്ളം. ഇരുട്ടറ പോലെയായിരുന്നു മുറി.

 

ജയിൽപ്പുള്ളികളിൽ ഒരു മലയാളിയും

ആയിരത്തോളം തടവുകാര്‍ റോബന്‍ദ്വീപ് ജയിലില്‍ ഉണ്ടായിരുന്നു. ജൊഹന്നാസ്ബര്‍ഗിലും പ്രിട്ടോറിയയിലും ഡര്‍ബനിലും മറ്റ് നഗരങ്ങളിലും ജയിലുകള്‍ നിറഞ്ഞിരുന്നു. റോബന്‍ദ്വീപ് ജയിലില്‍ തടവുകാരുടെ പേരുകള്‍ മതിലില്‍ എഴുതി വച്ചിരുന്നു. അതില്‍ ഒന്നായിരുന്നു ബില്ലിനായര്‍. മണ്ടേല കിടന്ന മുറിയില്‍ നിന്ന് അല്പം അകലെയായിരുന്നു ആ തടവറ. 20 വര്‍ഷം ശിക്ഷ അനുഭവിച്ചു. ദക്ഷിണാഫ്രിക്ക സ്വതന്ത്രമായപ്പോള്‍ കുപ്രസിദ്ധമായ ഈ ജയില്‍ ചരിത്ര മ്യൂസിയമാക്കി. ടൂറിസ്റ്റുകള്‍ നിരവധി എത്തുന്നു. മ്യൂസിയം സന്ദര്‍ശിക്കാന്‍ ചെന്ന തൃപ്പൂണിത്തുറ സ്വദേശിയും എല്‍ഐസി മുംബൈ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സുധാകരന്‍ രവീന്ദ്രനാഥിന്റെ മനസിൽ ബില്ലി നായർ പതിഞ്ഞു. ബില്ലിനായര്‍ എന്നൊരു തടവുകാരന്‍ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം മലയാളിയാണോ? അന്വേഷണം നീണ്ടു. പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. രണ്ട് തവണ എം പിയായി. മണ്ടേലയുടെ ആത്മസുഹൃത്ത്. 2008ല്‍ അന്തരിച്ചു. ഫിദല്‍കാസ്‌ട്രോ, ജൂലിയസ് നേരേരെ, ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു, ക്വാമി നക്രൂമ തുടങ്ങിയ നേതാക്കള്‍ക്ക് ബില്ലിനായരുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നു. ആഫ്രിക്കയിലെങ്ങും അറിയപ്പെടുന്ന നേതാവ്. ഗാന്ധിജിയുടെ കൊച്ചുമകളും മുന്‍ ദക്ഷിണാഫ്രിക്കന്‍ എംപി യുമായ ഇളാഗാന്ധി ഡര്‍ബന്‍ നഗരത്തില്‍ താമസിക്കുന്നു. വയസ് 86. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍ വൈസ്പ്രസിഡണ്ട്.

ഇളാഗാന്ധിയുമായി ഇ‑മെയിലില്‍ ബന്ധപ്പെട്ട് ചോദിച്ചു. ബില്ലിനായര്‍ മലയാളിയാണോ ?

മറുപടി ഇങ്ങനെയായിരുന്നു, ”ഇന്ത്യന്‍ വംശജന്‍ ആണെന്ന് മാത്രമെ അറിയൂ. ഏത് സംസ്ഥാനത്ത് നിന്നുള്ളതാണെന്ന് അറിയില്ല. സമര്‍ത്ഥനായ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. ചെറുപ്പം മുതല്‍ക്കേ ഡര്‍ബനില്‍ തൊഴിലാളികളെ സംഘടിപ്പിച്ചു. സത്യസന്ധനായ നേതാവ്. 1964 മുതല്‍ 1984 വരെ ജയില്‍ ശിക്ഷ അനുഭവിച്ചു. 1994 ല്‍ തന്നോടൊപ്പം എം പി യായി. പക്ഷെ മലയാളിയാണോ എന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ ചേച്ചി കല്ലാണി നായര്‍ ജര്‍മ്മനിയിലുണ്ട്. വയസ് 95. അന്വേഷിക്കാം”ഗാന്ധിജിയുടെ കൊച്ചുമകനും ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ ഇന്ത്യന്‍ സ്ഥാനപതിയുമായ ഗോപാലകൃഷ്ണ ഗാന്ധിയോട് തിരക്കി, അദ്ദേഹം പറഞ്ഞു: ”ബില്ലിനായരെ പലതവണ പാര്‍ലമെന്റില്‍ വച്ച് കണ്ടിട്ടുണ്ട്. മികച്ച പ്രാസംഗികന്‍. തീപ്പൊരി നേതാവ്. കരുത്തുറ്റ സംഘാടകന്‍. പക്ഷെ ഒരിക്കല്‍ പോലും അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.” ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഗോപാൽകൃഷ്ണഗാന്ധി ബിഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങളിൽ ഗവര്‍ണര്‍ ആയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ പത്ത് വര്‍ഷം ‘ഹിന്ദു’ പത്രത്തിന്റെ ലേഖകനായിരുന്ന എം എസ് പ്രഭാകരനോട് ചോദിച്ചു, ബില്ലിനായര്‍ മലയാളിയാണോ? കര്‍ണാടകക്കാരനായ അദ്ദേഹത്തിനും വലിയ ഉറപ്പില്ല. ബില്ലിനായരുടെ ചേച്ചിയെ അന്വേഷിക്കുന്നുണ്ടെന്ന് ഇതിനിടെ ഇളാ ഗാന്ധി പറഞ്ഞത് പ്രതീക്ഷയ്ക്ക് വക നൽകി. അന്വേഷണം തുടരാൻ ദക്ഷിണാഫ്രിക്ക സന്ദര്‍ശിക്കാന്‍ ഈ ലേഖകൻ തീരുമാനിച്ചതായിരുന്നു. പക്ഷെ അവിടെ 2020 മെയ് മുതല്‍ കോവിഡ് പടര്‍ന്നതിനാല്‍ യാത്ര മുടങ്ങി. പല നേതാക്കളെയും പ്രൊഫസര്‍മാരെയും മുന്‍മന്ത്രിമാരെയും പത്രപ്രവര്‍ത്തകരെയും പലപ്പോഴായി ബന്ധപ്പെട്ടു. പക്ഷെ ബില്ലിനായര്‍ മലയാളിയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല.

കുറച്ചുനാള്‍ കഴിഞ്ഞ് ബില്ലിനായരുടെ ജര്‍മ്മനിയിലുള്ള 94 കാരിയായ ചേച്ചി കല്യാണി നായരുമായി ഇളാഗാന്ധി വഴി ബന്ധപ്പെട്ടപ്പോൾ കുറെ വിവരങ്ങൾ കിട്ടി. ”എന്റെ അച്ഛന്റെ പേര് കൃഷ്ണന്‍നായര്‍. പാലക്കാട് കുണ്ടളശേരിയാണ് ജന്മദേശം. 1920ല്‍ ജോലി തേടി പാലക്കാട്ട് നിന്ന് ഡര്‍ബന്‍ നഗരത്തില്‍ എത്തി. പാര്‍വതിയാണ് ഭാര്യ. ഞങ്ങള്‍ അഞ്ച് മക്കൾ. 1929ല്‍ ബില്ലിനായര്‍ ജനിച്ചു. അച്ഛന്‍ കൃഷ്ണന്‍ നായര്‍ ഒരു കപ്പലില്‍ ജോലിക്കാരനായിരുന്നു. രണ്ട് മാസത്തില്‍ ഒരിക്കല്‍ വരും. അച്ഛനുമായി ബന്ധമുണ്ടായിരുന്നത് എനിക്ക് മാത്രമായിരുന്നു. അങ്ങനെയാണ് കുണ്ടളശേരിക്കാരനാണെന്ന് ഞാന്‍ അറിഞ്ഞത്. ഞങ്ങള്‍ മക്കള്‍ക്കാര്‍ക്കും മലയാളം അറിയില്ല. ബില്ലിനായര്‍ ട്രേഡ് യൂണിയന്‍ നേതാവായിരുന്നു.”
കൃഷ്ണന്‍ നായര്‍ കുണ്ടളശേരിക്കാരന്‍ ആണെന്നറിഞ്ഞപ്പോള്‍ കൂടുതൽ വേരുകൾ തേടി പാലക്കാട്ടും മറ്റും സുഹൃത്തുക്കള്‍ വഴി അന്വേഷണം നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഏതാണ്ട് 100 വര്‍ഷം പഴക്കമുള്ള കഥയായതിനാൽ എന്തെങ്കിലും സൂചന നല്‍കാന്‍ കഴിയുന്നവര്‍ ഇല്ലെന്നാണ് സുഹൃത്തുക്കൾ മറുപടി പറഞ്ഞത്. ബില്ലി നായർക്ക് അന്ന് കളക്ടർ കൊടുത്ത പേപ്പറിൽ വിലാസം കണ്ടേക്കാം. പക്ഷേ ആ രേഖ ദക്ഷിണാഫ്രിക്കയില്‍ കപ്പല്‍ ഇറങ്ങിയപ്പോൾ നൽകിയിട്ടുണ്ടാകും. ആ വഴിക്കുള്ള അന്വേഷണവും വഴിമുട്ടി.

 

ബില്ലനായര്‍ക്ക് ഇന്ത്യയുടെ ബഹുമതി

ബില്ലിനായര്‍ക്ക് 2007ൽ ഇന്ത്യാ ഗവൺമെന്റിന്റെ പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ചു. വിദേശത്തുള്ള ഇന്ത്യാക്കാര്‍ക്ക് വിലപ്പെട്ട സേവനങ്ങള്‍ക്ക് നല്‍കുന്നതാണ് അവാര്‍ഡ്. ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തിന് എതിരെ ധീരമായി പോരാടിയ നേതാവ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അവാര്‍ഡ് നല്‍കിയത്. രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ അന്നദ്ദേഹം ഇന്ത്യയിൽ വന്നിരുന്നു. അന്ന് കേന്ദ്ര പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയായിരുന്നു. ബില്ലിനായര്‍ മലയാളി ആണെന്ന് അറിഞ്ഞിരുന്നോയെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ വയലാർ രവിക്കും തീർച്ചയില്ല. അദ്ദേഹം മലയാളിയാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ വലിയ സ്വീകരണങ്ങള്‍ കേരളത്തില്‍ നല്‍കാമായിരുന്നുവെന്നായിരുന്നു അന്നത്തെ പ്രതികരണം.

 

കേരളം ഇതുവരെ അറിയപ്പെടാതെ കിടന്നിരുന്ന ഒരു പോരാളിയുടെ ചിത്രമാണ് ഇള ഗാന്ധിയുടെ ഇടപെടലിലൂടെ ലഭ്യമായത്. മണ്ടേലയോടൊപ്പം പോരാടിയ നേതാവായിരുന്നു ബില്ലിനായര്‍ എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മാറ്റുകൂട്ടുന്നു. 1955 മുതൽ മണ്ടേലയോടൊപ്പം എല്ലാ സമരമുഖങ്ങളിലും ബില്ലിനായരുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്ന ബില്ലി പിന്നീട് മണ്ടേലയുടെ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ടനായി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തുടർന്നു കൊണ്ടു തന്നെ മണ്ടേലയ്ക്കൊപ്പം പോരാട്ടം തുടര്‍ന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരോധിച്ചപ്പോള്‍ ഒളിപ്പോര്‍ സേന രൂപീകരിച്ചു. ബില്ലിനായര്‍ നേറ്റാളില്‍ ഒളിപ്പോര്‍ കമാണ്ടറായിരുന്നു. ജയിലില്‍ കിടന്ന നാളുകളിൽ കൊടിയ മര്‍ദനത്തിനും ഇരയായി. കുണ്ടളശേരി എന്ന ചെറുഗ്രാമം വരെ അന്വേഷണം എത്തിയെങ്കിലും അതിനപ്പുറത്തെ വേരുകൾ തിരയും മുമ്പേ ബില്ലി 2008 ൽ 89-ാം വയസിൽ വിടപറഞ്ഞു. ഭാര്യ എല്‍സി കറുത്ത വര്‍ഗക്കാരിയായിരുന്നു. 2011ല്‍ അവരും അന്തരിച്ചു. ഏക മകള്‍ ലണ്ടനിലാണ്. ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഉജ്വല പോരാളിയായിരുന്ന ബില്ലിയുടെ ബന്ധുക്കളാരെങ്കിലും ഇപ്പോഴും കുണ്ടളശേരിയിൽ ഉണ്ടാകാതിരിക്കില്ല.

 

മണ്ടേല മറക്കാത്ത മൂവാറ്റുപുഴക്കാരൻ

ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യചരിത്ര ഗ്രന്ഥങ്ങളില്‍ മണ്ടേലയുടെ ഇന്ത്യന്‍ സുഹൃത്ത് എന്ന് പോള്‍ ജോസഫ് എന്നൊരാളെ വിശേഷിപ്പിക്കുന്നുണ്ട്. മലയാളി ഛായ തോന്നി അതിനു പിന്നാലെയും നീങ്ങി. ദക്ഷിണാഫ്രിക്കയിലുള്ള പലരോടും അന്വേഷിച്ചു. ഇളാഗാന്ധി അദ്ദേഹത്തെക്കുറിച്ച് കേട്ടിട്ടു പോലുമില്ല. ഗ്രന്ഥകാരന്മാരെ തേടിപ്പിടിച്ചു. ”ഇന്ത്യാക്കാരന്‍ ആണെന്നറിയാം അത്രമാത്രം.”
ചരിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ ഡേവിഡ് ജയിംസ് സ്മിത്ത് നിര്‍ണായക വിവരം നല്‍കി, ”പോള്‍ ജോസഫ് ഇപ്പോള്‍ ലണ്ടനിലാണ്. 1962ല്‍ മണ്ടേല അറസ്റ്റ് ചെയ്യപ്പെട്ടതോടെ അദ്ദേഹത്തെ പൊലീസ് തിരയാന്‍ തുടങ്ങി. ചെറുപ്പം മുതലേ പാര്‍ട്ടിയില്‍ തളരാത്ത പോരാളിയായിരുന്നു. ജൊഹന്നസ്ബര്‍ഗില്‍ വര്‍ണവിവേചനത്തിന് എതിരായ സമരങ്ങളില്‍ എന്നും പങ്കെടുത്തു. പൊലീസ് വേട്ടയിൽ നിന്ന് രക്ഷതേടി ബോട്ട്‌സ്‌വാനയില്‍ അഭയം തേടി. പിന്നീട് 1965ല്‍ ലണ്ടനില്‍ എത്തി. അതിന് മുമ്പു തന്നെ അദ്ദേഹത്തിന്റെ അമ്മയെയും ഭാര്യയെയും കുട്ടികളെയും പാര്‍ട്ടിക്കാര്‍ ലണ്ടനില്‍ എത്തിച്ചിരുന്നു. ലണ്ടനില്‍ അദ്ദേഹത്തെ എങ്ങനെ തേടിപ്പിടിക്കും? പല സുഹൃത്തുക്കള്‍ വഴി അന്വേഷിച്ചു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ലണ്ടന്‍ ഓഫീസില്‍ നിന്ന് കിട്ടിയ സൂചന വഴിത്തിരിവായി. പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് 1999ല്‍ വിരമിച്ച മണ്ടേല 2008ല്‍ ലണ്ടനിൽ തന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയിട്ടുണ്ട്. ലണ്ടന്‍ നഗരത്തില്‍ നിന്ന് 60 കിലോമീറ്റർ അകലെ മില്‍ഹില്‍സിലാണ് ആ വീട്. അന്വേഷണം ലക്ഷ്യത്തിലേയ്ക്ക് അടുത്തു.

 

ലണ്ടനിൽ ‘കേരളാ ലിങ്ക്’ എന്ന ഒരു ഇംഗ്ലീഷ് വാരിക നടത്തിവന്ന പത്തനംതിട്ടക്കാരൻ ഫിലിപ്പ് എബ്രഹാം മുഖേനയാണ് പിന്നീട് പോൾ ജോസഫിനെ തേടിയിറങ്ങിയത്. അദ്ദേഹം പോള്‍ ജോസഫിനെ മൂന്ന് വര്‍ഷം മുമ്പ് കണ്ടെത്തി. പോള്‍ ജോസഫ് ജനിച്ചു വളര്‍ന്നത് ജൊഹന്നസ്ബര്‍ഗിലാണ്. അമ്മ അന്നമ്മ മൂവാറ്റുപുഴ സ്വദേശിയാണ്. പക്ഷേ അവിടുത്തെ വീട്ടുപേരോ ബന്ധുക്കളെയോ അറിയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോള്‍ ജോസഫ് മൂവാറ്റുപുഴയില്‍ പോയിട്ടുണ്ട്. അമ്മ നല്‍കിയ സൂചന അനുസരിച്ച് ഒന്ന് രണ്ട് ബന്ധുക്കളെ കണ്ടു. അത്രമാത്രം.അമ്മ 1985ല്‍ ലണ്ടനില്‍ വച്ച് അന്തരിച്ചു. പിന്നീട് അന്വേഷണം മൂവാറ്റുപുഴ കേന്ദ്രീകരിച്ചു തുടങ്ങി. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂവാറ്റുപുഴയിലെ ചിലര്‍ ദക്ഷിണാഫ്രിക്കയില്‍ പോയിട്ടുണ്ടെന്ന വിവരം സ്ഥിരീകരിക്കപ്പെട്ടു. ഇതിനിടെ മഞ്ഞള്ളൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും മുൻ ഹെഡ്മിസ്ട്രസുമായ ആന്‍സി ജോസ് ചില നിർണായക വിവരങ്ങൾ നൽകി. ”വാഴക്കുളത്ത് ഒരു ആഫ്രിക്ക വീടുണ്ട്. അല്‍പം അകലെ താമസിക്കുന്ന റീത്താമ്മ ടീച്ചറുടെ പിതാവ് പണിതീര്‍ത്ത വീടാണത്. നാട്ടുകാര്‍ ആഫ്രിക്ക വീട് എന്ന് വിളിക്കുന്നു. അരനൂറ്റാണ്ട് പഴക്കമുള്ള ചെറിയ വീട്.”
റീത്താമ്മ ടീച്ചറുമായി ബന്ധപ്പെട്ടപ്പോള്‍ സംഭവങ്ങളുടെ ചുരുള്‍ വിടർന്നു. ”എന്റെ അപ്പൂപ്പന്‍ വര്‍ക്കി വളരെ മുമ്പ് ദക്ഷിണാഫ്രിക്കയില്‍ പോയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. പത്ത് വയസുകാരിയായ അന്നമ്മയെ കൂടെ കൊണ്ടുപോയി. അപ്പൂപ്പന്റെ അടുത്ത ബന്ധുവിന്റെ മകളായിരുന്നു അന്നമ്മ. എന്റെ പിതാവ് ജോര്‍ജും മരിച്ചു പോയി. മറ്റാര്‍ക്കും വര്‍ക്കിയെക്കുറിച്ച് അറിയില്ല. അന്നമ്മ പതിറ്റാണ്ടുകൾക്കു മുമ്പ് വാഴക്കുളത്ത് വന്നതോർമ്മയുണ്ട്.” ദക്ഷിണാഫ്രിക്കയിൽ നിന്ന് മുമ്പൊരിക്കൽ വാഴക്കുളത്ത് എത്തിയ വർക്കി കോട്ടും സ്യൂട്ടുമണിഞ്ഞ് പൈപ്പ് വലിച്ച് വീടിനു മുന്നിൽ നിൽക്കുന്നതു കണ്ടതോടെയാണ് നാട്ടുകാർക്ക് അത് ആഫ്രിക്ക വീടായത്. റീത്താമ്മ ടീച്ചറുടെ സംസാരം കഴിഞ്ഞയുടനെ പോൾ ജോസഫിനെ വിളിച്ചപ്പോൾ ജീവിത കഥ അദ്ദേഹം വിവരിച്ചു.

”അന്നമ്മ എന്റെ അമ്മ. പിതാവ് പോണ്ടിച്ചേരിക്കാരന്‍ വീരസ്വാമി. ഞങ്ങള്‍ അഞ്ച് മക്കള്‍. എന്റെ ഭാര്യ പോണ്ടിച്ചേരിക്കാരി അഡലൈഡ് രണ്ട് വർഷം മുമ്പ് മരിച്ചു.” ദക്ഷിണാഫ്രിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച പോള്‍ജോസഫ് പിന്നീട് മണ്ടേലയുടെ അനുയായിയായി മാറി. പലവട്ടം ജയില്‍ ശിക്ഷ അനുഭവിച്ചു. പിന്നീട് ലണ്ടനിലേക്കു പോയ 95 കാരനായ അദ്ദേഹം ഇപ്പോൾ അവിടെ വിശ്രമജീവിതം നയിക്കുന്നു.
ദക്ഷിണാഫ്രിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തുടരുമ്പോൾ തന്നെ നെൽസൻ മണ്ടേലയുടെ സവിശേഷ വ്യക്തിത്വത്തിൽ ആകൃഷ്ടരായി അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരായി മാറിയ സഖാക്കളായിരുന്നു പോൾ ജോസഫും ബില്ലി നായരും. ഇരുവരും ഉറച്ച കമ്മ്യൂണിസ്റ്റുകാരാണെന്ന് അറിയാമായിരുന്നതിനാൽ കോമ്രേഡ്സ് എന്നാണ് മണ്ടേല അവരെ വിശേഷിപ്പിച്ചിരുന്നത്. മലയാളികൾക്ക് അഭിമാനിക്കാം. കറുത്ത വർഗക്കാരുടെ മോചനത്തിനായി പോരാടി ദക്ഷിണാഫ്രിക്കയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തതിന് മണ്ടേലക്കൊപ്പം നിന്നതിൽ. റെഡ് സല്യൂട്ട്… ബില്ലി നായർ, പോൾ ജോസഫ്.

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.