18 December 2025, Thursday

Related news

December 17, 2025
December 17, 2025
December 16, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025

വോട്ടര്‍ പട്ടിക വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് ; തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി വിവാദത്തില്‍

Janayugom Webdesk
ന്യൂഡല്‍ഹി
September 28, 2025 10:43 pm

വോട്ടര്‍ പട്ടിക ഡാറ്റ സ്വകാര്യ കമ്പനികള്‍ക്ക് ലഭ്യമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കിയത് വിവാദത്തിലേക്ക്. റിപ്പോര്‍ട്ടേഴ‍്സ് കളക്ടീവാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. രാജ്യത്തെ എല്ലാ വോട്ടര്‍മാരുടെയും ജനസംഖ്യാപരമായ വിശദാംശങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, വിലാസങ്ങള്‍, ഫോണ്‍ നമ്പരുകള്‍ എന്നിവയടങ്ങിയ വിവരങ്ങളിലേക്ക് സ്വകാര്യ കമ്പനിക്കും തെലങ്കാന സര്‍ക്കാരിനും പ്രവേശിക്കാന്‍ കമ്മിഷന്‍ അനുമതി നല്‍കി. ഈ വിവരങ്ങളെല്ലാം സൂക്ഷിക്കുന്നത് കമ്മിഷനാണ്. തെരഞ്ഞെടുപ്പുകള്‍ സുതാര്യമായും കാര്യക്ഷമമായും നടത്താന്‍ മാത്രമേ ഇവ ഉപയോഗിക്കാവൂ എന്നാണ് നിയമം.
വനിതാ വോട്ടര്‍മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി വീഡിയോ റെക്കോഡിങ്ങുകള്‍ പങ്കിടില്ലെന്ന് അടുത്തിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പ്രസ്താവിച്ചിരുന്നു. അതേ കമ്മിഷനാണ് ഫോട്ടോ അടക്കമുള്ള വോട്ടര്‍ ഡാറ്റ തെലങ്കാന സര്‍ക്കാരുമായി പങ്കിട്ടത്. തെലങ്കാന രാഷ്ട്ര സമിതി സര്‍ക്കാര്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെ നിയമിച്ചെന്നും റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് കണ്ടെത്തി. 

ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായിരുന്ന 2019ല്‍ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിശദാംശങ്ങളും ഫോട്ടോഗ്രാഫുകളും പരിശോധിക്കുന്നതിന് ഒരു സോഫ്റ്റ്‌വേര്‍ സംവിധാനം ആരംഭിച്ചു. സോഫ്റ്റ്‌വേര്‍ വികസിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനും സ്വകാര്യ കമ്പനികള്‍ക്ക് കരാറും നല്‍കി. സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന പദ്ധതിക്കായി വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ പങ്കിട്ട ആദ്യത്തെ കേസാണിതെന്ന് റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് പറയുന്നു. 

സ്വകാര്യ കമ്പനിയുമായി വിവരങ്ങള്‍ പങ്കിട്ടതിന്റെ നിബന്ധനകള്‍ കമ്മിഷന്‍ വെളിപ്പെടുത്തിയിട്ടില്ല. കമ്മിഷന്‍ മേല്‍നോട്ടം വഹിക്കുന്ന കേന്ദ്രീകൃത ഡാറ്റാബേസായ വോട്ടര്‍ പട്ടികയില്‍ അവരുടെ അനുമതിയോടെ മാത്രമേ പ്രവേശിക്കാനാകൂ. ഹൈദരാബാദ് ആസ്ഥാനമായ ടെക് സ്ഥാപനം പോസിഡെക‍്സ് ടെക‍്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് തത്സമയ പെന്‍ഷന്‍ പരിശോധനാ പദ്ധതിയില്‍ 2019ല്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഡിജിറ്റല്‍ അവകാശ പ്രവര്‍ത്തകനായ എസ് ക്യൂ മസൂദ് തെലങ്കാന ഇന്‍ഫര്‍മേഷന്‍ ആന്റ് ടെക‍്നോളജി വകുപ്പിന് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് ഈ വിവരം ലഭിച്ചത്.
പെന്‍ഷന്‍ ലഭിക്കാന്‍ ഗുണഭോക്താവ് ജീവിച്ചിരിപ്പുണ്ടോ എന്ന് സ്ഥിരീകരിക്കുന്ന സംവിധാനം ഉള്‍പ്പെടെ വിവിധ സംസ്ഥാന സര്‍ക്കാര്‍ സോഫ‍്റ്റ്‌വേര്‍ പദ്ധതികളിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പോസിഡെക്സില്‍ നിന്നുള്ള ഇന്‍വോയിസും വിവരാവകാശ നിയമപ്രകാരം ലഭിച്ചു. എന്നാല്‍ ഉപയോഗിക്കുന്ന എല്ലാ ഡാറ്റാ സെെറ്റുകളും തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചതാണെന്നും അതിലേക്ക് തങ്ങള്‍ക്ക് പ്രവേശനമില്ലെന്നും പോസിഡെക്സ് മാനേജിങ് ഡയറക്ടറും മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനുമായ ജി ടി വെങ്കിടേശ്വര റാവു പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഡാറ്റ ഉപയോഗിക്കുന്നില്ലെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ വെങ്കട് റെഡ്ഡി അവകാശപ്പെട്ടു.
തെലങ്കാന സര്‍ക്കാര്‍ അപേക്ഷകരുടെ മുഖം തിരിച്ചറിയാനായി വോട്ടര്‍ പട്ടികയിലെ ഫോട്ടോഗ്രാഫുകളും പേരുകളും നിയമവിരുദ്ധമായി സ്വകാര്യ കമ്പനിയുമായി പങ്കിടുകയും ദുരുപയോഗം ചെയ്യുകയും ചെയ്തെന്ന് ആരോപിച്ച് സ്വകാര്യതാ പ്രവര്‍ത്തകനായ ശ്രീനിവാസ് കോഡാലി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.