22 January 2026, Thursday

അവകാശങ്ങള്‍ നല്‍കുക; പിഒകെയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം

Janayugom Webdesk
മുസാഫറാബാദ്
September 29, 2025 9:45 pm

പാക് അധിനിവേശ കശ്മീരില്‍ (പിഒകെ) അവാമി ആക്ഷന്‍ കമ്മിറ്റി (എഎസി) യുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തം. അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്ത് ആയിരങ്ങളാണ് കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയത്. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നിനാണ് പിഒകെ സാക്ഷ്യം വഹിക്കുന്നത്. അനിശ്ചിതകാലത്തേക്ക് നീണ്ടേക്കാവുന്ന ‘ഷട്ടര്‍-ഡൗണ്‍, വീല്‍-ജാം’ പണിമുടക്കിനുള്ള ആഹ്വാനം നേരത്തെ തന്നെ എഎസിയുടെ നേതൃത്വത്തില്‍ നടന്നിരുന്നു.
എഎസിയും പ്രാദേശിക ഭരണകൂടവും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധങ്ങള്‍ ശക്തമാക്കാനുള്ള തീരുമാനം. സർക്കാര്‍ അവകാശങ്ങൾ അനുവദിക്കണമെന്നും അല്ലെങ്കിൽ ജനങ്ങളുടെ രോക്ഷം നേരിടേണ്ടി വരുമെന്നും എഎസി പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും എഎസി അറിയിച്ചു. അഭിഭാഷകരും മറ്റ് പൗരാവകാശ സംഘടനകളും പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പാകിസ്ഥാനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ത്ഥികള്‍ക്കായി പിഒകെ അസംബ്ലിയില്‍ സംവരണം ചെയ്തിട്ടുള്ള 12 നിയമസഭാ സീറ്റുകള്‍ നിര്‍ത്തലാക്കണമെന്നും പാക് അധീന കശ്മീരില്‍ ഘടനാപരമായ പരിഷ്കാരങ്ങള്‍ വേണമെന്നുള്‍പ്പെടെ 38 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സബ്സിഡിയുള്ള ധാന്യപ്പൊടി, മംഗള ജലവെെദ്യുത പദ്ധതിയുമായി ബന്ധിപ്പിച്ച ന്യായമായ വെെദ്യുതി താരിഫ്, വാഗ്‍ദാനം ചെയ്തതും വെെകിയതുമായ പദ്ധതികള്‍ നടപ്പിലാക്കല്‍ എന്നിവയാണ് മറ്റ് മുന്‍ഗണനകള്‍.
അതേസമയം, പ്രതിഷേധം നേരിടാന്‍ കനത്ത സന്നാഹങ്ങളാണ് പാക് ഭരണകൂടം വിന്യസിച്ചത്. വന്‍തോതില്‍ സുരക്ഷാ സേനയെ വിന്യസിക്കുകയും ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തു. ആയുധങ്ങളുമായി സെെനിക വ്യൂഹങ്ങള്‍ ഫ്ലാഗ് മാര്‍ച്ചുകള്‍ നടത്തി. ആയിരക്കണക്കിന് സെെനികരെ പഞ്ചാബില്‍നിന്ന് പിഒകെയിലേക്ക് മാറ്റി. ഇതിന് പുറമെ ഇസ്ലാമാബാദില്‍നിന്ന് 1,000 അധിക പൊലീസ് ഉദ്യോഗസ്ഥരെയും അയച്ചിട്ടുണ്ട്. സമാധാനം ഉറപ്പുവരുത്താന്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് പ്രാദേശിക ഭരണകൂടം നല്‍കിയിട്ടുണ്ട്. പണിമുടക്കിന് മുമ്പ് ഭക്ഷണവും അവശ്യസാധനങ്ങളും സംഭരിക്കാന്‍ അവസരം നല്‍കുന്നതിനായി ഞായറാഴ്ച കടകള്‍ തുറന്നിരുന്നു. സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കിടയിലും, പ്രതിഷേധം സമാധാനപരവും എന്നാല്‍ വിട്ടുവീഴ്ചയില്ലാത്തതുമായിരിക്കുമെന്ന് എഎസി നേതാക്കള്‍ പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.