22 January 2026, Thursday

Related news

January 18, 2026
January 14, 2026
January 11, 2026
January 10, 2026
January 6, 2026
December 31, 2025
December 30, 2025
December 24, 2025
December 23, 2025
December 23, 2025

‘മലയാളം വാനോളം, ലാൽസലാം’ നാളെ

Janayugom Webdesk
തിരുവനന്തപുരം
October 3, 2025 9:26 pm

ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന മഹനീയമായ ചടങ്ങ് ശനിയാഴ്ച വൈകുന്നേരം അഞ്ചിന് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖർ ചടങ്ങിൽ അതിഥികളായി എത്തും.

മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകുന്ന ഉദ്ഘാടനചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ, ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ, ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എ എ റഹീം, ജോൺ ബ്രിട്ടാസ്, ആന്റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, അടൂർ ഗോപാലകൃഷ്ണൻ, ജോഷി, ഉർവശി, മീന, മീര ജാസ്മിൻ, രഞ്ജിനി തുടങ്ങിയവർ പങ്കെടുക്കും.

മോഹൻലാലിനുള്ള കലാസമർപ്പണമായ ‘രാഗം മോഹനം’ ടി കെ രാജീവ് കുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. മോഹൻലാലിന്റെ നടനചാതുരിക്ക് സമർപ്പണമായി കഥകളി ആചാര്യൻ കലാമണ്ഡലം ബാലസുബ്രഹ്‌മണ്യൻ ആശാന്‍ ‘തിരനോട്ടം’ അവതരിപ്പിക്കും. കലാമണ്ഡലം വിനോദിന്റെ ആലാപനത്തിന് കലാമണ്ഡലം പ്രശാന്ത് മദ്ദളവും കലാമണ്ഡലം വേണു മോഹൻ ചെണ്ടയും വായിക്കും. തുടര്‍ന്ന് മോഹൻലാൽ ചിത്രങ്ങളിലെ അവിസ്മരണീയ ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിക്കുന്ന പിന്നണി ഗായകരുടെ സംഗീതാർച്ചന ‘രാഗം മോഹനം’ അരങ്ങേറും.

മോഹൻലാലിന് ആശംസകൾ അർപ്പിക്കാൻ അദ്ദേഹത്തിന്റെ നായികമാരായി വെള്ളിത്തിരയിൽ മിന്നിത്തിളങ്ങിയ അഭിനേത്രിമാരായ ശോഭന, മീന, ഉർവശി, മേനക, മാളവിക മോഹൻ, രഞ്ജിനി, അംബിക എന്നിവരും ‘ലാൽ സലാമിൽ’ പങ്കെടുക്കും. കേരള സർക്കാരിനുവേണ്ടി കവി പ്രഭാ വർമ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് സമർപ്പിക്കും. ഗായിക ലക്ഷ്മി ദാസ് പ്രശസ്തിപത്രം കവിത ചൊല്ലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.