
ചുമ മരുന്ന് കഴിച്ചതിനെത്തുടർന്ന് കുട്ടികൾ മരിച്ച സംഭവം വൻ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇന്നലെ വരെ 19 കുട്ടികളാണ് മരിച്ചത്. ഓഗസ്റ്റ് ആദ്യവാരം മുതലാണ് പ്രത്യേക ഇനത്തിൽപ്പെട്ട ചുമ മരുന്ന് ഉപയോഗിച്ച കുട്ടികൾ മരിക്കുന്ന ദാരുണ സംഭവങ്ങള്‍ക്ക് തുടക്കം. ആദ്യഘട്ടത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഗൗരവത്തോടെയുള്ള സമീപനങ്ങൾ ഉണ്ടായില്ലെന്നതാണ് മരണനിരക്ക് ഉയരുന്നതിന് കാരണമായത്. ഇന്ത്യയിലെ ചില കമ്പനികൾ ഉല്പാദിപ്പിക്കുന്ന ചുമ മരുന്നുകളിൽ വിഷാംശം ചേർന്നിട്ടുണ്ട് എന്ന ആരോപണം നേരത്തെയും വിവിധ വിദേശരാജ്യങ്ങളിൽ നിന്നുണ്ടായിരുന്നതാണ്. 2022 ഒക്ടോബറിൽ ഗാംബിയയിൽ 70 കുട്ടികളുടെ മരണത്തിന് കാരണമായത് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ചില ചുമ മരുന്നുകൾ കഴിച്ചതിനെത്തുടർന്നാണെന്ന കണ്ടെത്തലുണ്ടായിരുന്നു. ഇന്ത്യൻ നിർമ്മാതാക്കളായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് കയറ്റുമതി ചെയ്ത നാല് കഫ് സിറപ്പുകളുമായി ബന്ധമുണ്ടെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു. ഗാംബിയൻ സർക്കാരിന്റെ പാർലമെന്ററി സമിതിയുടെ അന്വേഷണ റിപ്പോർട്ടും നാല് ചുമ മരുന്നുകളില്‍ ഡൈ എത്തിലീൻ ഗ്ലൈക്കോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് മാരകമായ പാർശ്വഫലങ്ങൾക്ക് കാരണമായേക്കാവുന്ന ഘടകമാണ്. ഡൈഎത്തിലീൻ ഗ്ലൈക്കോൾ ചേർത്ത മരുന്ന് കഴിച്ചതിന്റെ ഫലമായി ഇന്ത്യയിൽതന്നെ മുൻവർഷം ജമ്മുവിൽ 12 കുട്ടികൾ മരിച്ച സംഭവമുണ്ടായി. 2022ൽ ഗാംബിയയിലെ കുട്ടികളുടെ മരണം വാർത്തയായതിനെയും ഇന്ത്യൻ മരുന്നു കമ്പനികൾക്കെതിരെ ആരോപണമുയർന്നതിനെയും തുടർന്ന് ഒക്ടോബറിൽ മഹാരാഷ്ട്ര സർക്കാരിന്റെ ഡ്രഗ് ഇൻസ്പെക്ടർമാർ കഫ് സിറപ്പുകൾ ഉൾപ്പെടെ മരുന്നുകൾ നിർമ്മിക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി സന്ദർശിക്കുകയും ആശങ്കയ്ക്ക് കാരണമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തതാണ്.
2022ലും 23ലും ഇന്ത്യയിലെ ചില കമ്പനികൾ നിർമ്മിക്കുന്ന ചുമ മരുന്നുകൾ സംബന്ധിച്ച ആരോപണമുയർന്ന വേളയിലും അതിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് വിവിധ കോണുകളിൽ നിന്നും വിദഗ്ധരിൽ നിന്നും മുന്നറിയിപ്പുകൾ ഉണ്ടായിരുന്നു. അകത്ത് കഴിക്കുന്ന മരുന്നുകളിൽ ഉപയോഗിക്കുന്ന ഗ്ലിസറിൻ ഫാർമക്കോപ്പിയ ഗ്രേഡ് (ഔഷധ ആവശ്യങ്ങൾക്കുപയോഗിക്കുന്ന രാസവസ്തുവിന്റെ ഗുണനിലവാരം, ശുദ്ധത, ശക്തി എന്നിവയുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന) ആയിരിക്കണമെന്നും ബാഹ്യ ഉപയോഗത്തിനുള്ളത് വ്യാവസായിക ഗ്രേഡ് ആയിരിക്കണമെന്നുമാണ് വിദഗ്ധർ നിർദേശിച്ചിരുന്നത്. ലോകാരോഗ്യ സംഘടന രൂപപ്പെടുത്തിയതും രാജ്യങ്ങൾ സ്വീകരിച്ചതുമായ നിർമ്മാണ രീതികളനുസരിച്ച്, വ്യാവസായിക ഗ്രേഡ് വേരിയന്റിൽ ഡൈ എത്തിലീൻ ഗ്ലൈക്കോളും എത്തിലീൻ ഗ്ലൈക്കോളും അടങ്ങിയിരിക്കാമെന്നതിനാൽ, ചുമ സിറപ്പ് നിർമ്മിക്കാൻ ഗ്ലിസറിൻ ഐപിയാണ് ഉപയോഗിക്കേണ്ടത്. എന്നാൽ വ്യാവസായിക ഗ്ലിസറിൻ വില കുറഞ്ഞതായതിനാൽ പല കമ്പനികളും ഇത് ഉപയോഗിക്കുന്ന പ്രവണതയുണ്ടെന്നും മുന്നറിയിപ്പുണ്ടായി. പല കമ്പനികളും സാമ്പത്തിക നേട്ടങ്ങള്‍ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും ഗുണനിലവാരം നോക്കുന്നില്ലെന്നും അന്ന് വിലയിരുത്തലുണ്ടായിരുന്നു. തമിഴ്‌നാട് സർക്കാർ കോൾഡ്രിഫ് കഫ് സിറപ്പിന്റെ ചില ബാച്ചുകളിൽ 48.6% ഡൈ എത്തിലീൻ ഗ്ലൈക്കോൾ എന്ന രാസവസ്തു ചേർത്തതായി കണ്ടെത്തിയതോടെ വിദഗ്ധരുടെ സംശയങ്ങൾ സ്ഥിരീകരിക്കപ്പെടുകയും ചെയ്തിരുന്നു. യഥാർത്ഥത്തിൽ ഇത് മരുന്നുകളിലെ മായം ചേർക്കലാണ്. ഇത്തരം മരുന്നുകൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പാർശ്വഫലങ്ങളുടെ സമാനത അതാണ് വ്യക്തമാക്കുന്നത്. ഇതെല്ലാമായിട്ടും ഫലപ്രദമായ പരിശോധനാ സംവിധാനമോ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നിരീക്ഷണമോ ഇല്ലാത്തതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമായത്.
പർശ്വഫലങ്ങൾ പരിഗണിക്കാതെയുള്ള മരുന്നുകളുടെ ഉപയോഗകാര്യത്തിൽ കേന്ദ്രസർക്കാർ വേണ്ടത്ര ഗൗരവം പുലർത്തുന്നില്ലെന്ന് പല തവണ തെളിഞ്ഞിട്ടുള്ളതാണ്. പ്രധാനമായും ഇത് നാം കണ്ടത് കോവിഡ് കാലത്തായിരുന്നു. മതിയായ പരീക്ഷണങ്ങളൊന്നുമില്ലാതെ കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നതിന് നിർബന്ധിക്കുകയും അതിന്റെ പേരിൽ മേനി നടിക്കുകയും ചെയ്യുകയായിരുന്നു. പ്രസ്തുത വാക്സിന്റെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിക്കുന്നതിന് ഇതുവരെ സാധ്യമായിട്ടുമില്ല. ഇപ്പോൾ കുട്ടികളുടെ മരണകാരണമായതുൾപ്പെടെ ചുമ മരുന്നുകളുടെ അപകട സാധ്യതകളെക്കുറിച്ച് ലോകാരോഗ്യ സംഘടന ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിട്ടും ആവശ്യമായ നടപടി സ്വീകരിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറായതുമില്ല. എന്നുമാത്രമല്ല ചില സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് അധികൃതർ വിഷയത്തെ ഗൗരവത്തോടെ കാണുന്നതിന് പകരം വിദഗ്ധ സമിതികളുടേത് എന്ന പേരിൽ ചില റിപ്പോർട്ടുകൾ പുറത്തുവിട്ട് ലഘൂകരിക്കുന്നതിനും ശ്രമിക്കുകയാണ്. മരുന്ന് ഉപയോഗിച്ചതിന്റെ പാർശ്വഫലമായുണ്ടായ രോഗം കാരണമുള്ള മരണങ്ങളെ അതിന്റെ ഗണത്തിൽപ്പെടുത്തി കമ്പനികളെ വെള്ളപൂശുന്നതിനും ശ്രമമുണ്ടാകുന്നു. ഇതെല്ലാം കൊണ്ടുതന്നെ ഇപ്പോഴുണ്ടായിരിക്കുന്ന മരണങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര അനാസ്ഥയുടെ ഫലമാണെന്നതിൽ തർക്കമില്ല. ഇനിയെങ്കിലും ഇത്തരം വീഴ്ചകളുണ്ടാകാതിരിക്കാനുള്ള കർശന നടപടികൾ അനിവാര്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.