5 December 2025, Friday

Related news

November 26, 2025
November 18, 2025
November 15, 2025
November 4, 2025
October 31, 2025
October 28, 2025
October 26, 2025
October 18, 2025
October 18, 2025
October 17, 2025

വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിതള്ളണമെന്നാവശ്യപ്പെട്ട്‌ ഹർജി

Janayugom Webdesk
കൊച്ചി
October 7, 2025 10:11 pm

വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പകൾ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് ‘വിമൻ ഫോർ ലോൺ റിലീഫ്’ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. വായ്പകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് പ്രതികരണം ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഏറ്റവും കൂടുതൽ ദുരിതം ബാധിച്ച മേപ്പാടി പഞ്ചായത്തിലെ 10, 11,12 വാർഡുകളിലെ സ്ത്രീകൾ ഉൾപ്പെടുന്ന വിമൻ ഫോർ ലോൺ റിലീഫ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
മൂന്നു വാർഡുകളിലെയും 69 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലായി 700ഓളം സ്ത്രീകളാണ് വിവിധ ബാങ്കുകളിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കായി വായ്പകളടുത്തത്. ഈ വാർഡുകളിലെ ദുരിതബാധിതരായ സ്ത്രീകളുടെ വായ്പ കണക്കാക്കിയാൽ ആകെ 4.10 കോടി രൂപയുടെ ലിങ്കേജ് വായ്പ നിലവിലുണ്ട്. അതിനോടൊപ്പം, അയൽക്കൂട്ടങ്ങളുടെ സമ്പാദ്യത്തിൽ നിന്നു 1.44 കോടി രൂപയുടെ വായ്പയും നിലനിൽക്കുന്നുണ്ട്. ഇതിൽ 50% ലിങ്കേജ് ലോൺ തിരിച്ചടച്ചെങ്കിലും 95 ലക്ഷം രൂപ ഇനിയും ബാക്കിയാണ്. ദുരന്തത്തിൽ കുടംബശ്രീ അയൽക്കൂട്ടങ്ങളിലെ 47ഓളം സ്ത്രീകൾക്ക് ജീവൻ നഷ്ടമായിരുന്നു. ഇവരുടെ വായ്പ ഭാരം കൂടി ദുരന്തം മൂലം ജീവിതം താളംതെറ്റിയ അയൽക്കൂട്ടങ്ങളിലെ സഹപ്രവർത്തകർ ഏറ്റെടുക്കേണ്ട സ്ഥിതിയാണെന്ന് കൂട്ടായ്മയിലെ അംഗങ്ങളായ എസ് സബിത, വിനിത കെ ആർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നേരത്തെ വായ്പകൾ എഴുതി തള്ളണം എന്ന പ്രദേശവാസികളുടെ ആവശ്യപ്രകാരം കേരള ബാങ്കും ഏതാനും ചില ബാങ്കുകളും മാത്രമാണ് അനുകൂലമായ തീരുമാനം കൈക്കൊണ്ടത്. സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതിയിൽ സർക്കാർ നിലപാട് അറിയിച്ചെങ്കിലും ബാങ്കുകൾ ഒരു വർഷത്തെ പലിശ രഹിത മൊറട്ടോറിയം നൽകി ചർച്ച അവസാനിപ്പിക്കുകയായിരുന്നുവെന്നും ഭാരവാഹികൾ പറഞ്ഞു. ദുരന്തം മൂലം സകലതും നഷ്ടപ്പെട്ടവർക്ക് പുതിയ വായ്പകളും ബാങ്കുകളിൽ നിന്നും ലഭിക്കുന്നില്ല. കടക്കെണിയിലായ സ്ത്രീകളുടെ ലോണുകൾ എഴുതി തള്ളാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും ഹൈക്കോടതിയും ധനകാര്യ സ്ഥാപനങ്ങളും നടപടി സ്വീകരിക്കണമെന്നും ബാങ്കുകൾ പലിശരഹിത വായ്പകൾ നൽകാൻ തയ്യാറാകണമെന്നും വനിത കൂട്ടായ്മ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.