7 December 2025, Sunday

Related news

December 5, 2025
December 3, 2025
November 27, 2025
November 23, 2025
November 23, 2025
November 21, 2025
November 21, 2025
November 17, 2025
November 1, 2025
October 31, 2025

ഗാസയില്‍ വിടരും മുമ്പേ കൊഴിഞ്ഞത് 20,179 കുരുന്നുകള്‍

Janayugom Webdesk
ഗാസ സിറ്റി
October 8, 2025 10:15 pm

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 20,179 കുട്ടികള്‍. രണ്ട് വർഷത്തിനിടെ ബോംബുകൾ, വെടിയുണ്ടകൾ, ഷെല്ലുകൾ എന്നിവയാൽ ഓരോ മണിക്കൂറിലും ഒരു കുട്ടി കൊല്ലപ്പെടുന്നുണ്ടെന്നാണ് ഗാസ ആരോഗ്യ മന്ത്രാലത്തിന്റെ കണക്ക്. ഇതിൽ 1,029 കുട്ടികൾ ഒരു വയസിനും 5,031 പേര്‍ അഞ്ച് വയസിനുതാഴെയുള്ളവരും 420 കുട്ടികള്‍ ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ളവരുമാണ്. ഒളിസൈനികരോ ആളില്ലാ ഡ്രോണുകളോ വെടിവയ്ക്കുന്ന കുട്ടികളെ ചിലപ്പോൾ കൂട്ടമായി ആശുപത്രികളിലേക്ക് കൊണ്ടുവരാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. യുദ്ധത്തില്‍ മരിച്ചവരില്‍ മൂന്നിലൊന്നും കുട്ടികളാണ്. കുട്ടികളായതുകൊണ്ടുതന്നെ മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തുമ്പോള്‍ പേരുവിവരങ്ങള്‍ അധികൃതര്‍ ശേഖരിക്കും. ഗാസയിലെ ആരോഗ്യ അധികൃതർ സൂക്ഷിക്കുന്ന ഈ പട്ടിക, അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭയും ഇസ്രയേല്‍ സെെന്യവും ആധികാരികമായി അംഗീകരിച്ചിട്ടുണ്ട്. തീവ്ര വലതുപക്ഷ ഇസ്രയേലി രാഷ്ട്രീയ നേതാക്കള്‍ക്കുമാത്രമാണ് അത് വ്യാജകണക്കായി തോന്നുന്നത്.
വിശ്വാസ്യത ഉറപ്പാക്കുന്ന കര്‍ശന മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ പോലും ഗാസയിലെ കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സംഭവിച്ച ദുരന്തത്തിന്റെ പൂര്‍ണ വ്യാപ്തി പകര്‍ത്താന്‍ ഈ വിവരങ്ങള്‍ക്ക് കഴിയില്ല. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പേരെയും യുദ്ധത്തിന്റെ പരോക്ഷ ഇരകളെയും മരണസംഖ്യയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പട്ടിണി മൂലം കുറഞ്ഞത് 150 കുട്ടികൾ മരിച്ചു. 12 ലക്ഷത്തിലധികം കുഞ്ഞുങ്ങള്‍ ഭക്ഷണം ലഭിക്കാതെ വലയുന്നു. 58,554 കുട്ടികൾ അനാഥരാക്കപ്പെട്ടുവെന്നും യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ശുദ്ധജലം, ആന്റിബയോട്ടിക്കുകൾ പോലുള്ള അടിസ്ഥാന മരുന്നുകൾ, കാൻസർ ഉൾപ്പെടെ രോഗങ്ങൾക്കുള്ള വൈദ്യസഹായം എന്നിവയുടെ അഭാവം കൂടുതൽ മരണങ്ങൾക്ക് കാരണമായി. പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ ഇത്തരം മരണങ്ങളുടെ ശരിയായ കണക്കുകള്‍ തിട്ടപ്പെടുത്താന്‍ കഴിയില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു. ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെട്ട കുട്ടികളിൽ പലരുടെയും ജീവിതം കീഴ്മേല്‍ മറിഞ്ഞു. 9,14,102 കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. യുഎൻ കണക്കനുസരിച്ച്, യുദ്ധത്തിൽ 40,000ത്തിലധികം കുട്ടികൾക്ക് പരിക്കേറ്റു. ഇതില്‍ 1,102 പേര്‍ക്ക് അംഗവെെകല്യം സംഭവിച്ചു. ലോകത്തിലെ മറ്റേതൊരു സ്ഥലത്തേക്കാളും കൂടുതൽ അംഗവൈകല്യമുള്ള കുട്ടികൾ ഗാസയിലാണുള്ളത്. കുട്ടികളിലെ വാക്സിനേഷൻ നിരക്ക് 2022ല്‍ 98.7% ആയിരുന്നത് 2025ല്‍ 80% ആയി കുറഞ്ഞു. ഗാസയിലേയും അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെയും സംഘർഷങ്ങളിൽ സംഭവിച്ച കുട്ടികളുടെ മരണങ്ങളുടെ വ്യാപ്തി സമീപ ദശകങ്ങളിൽ ഉണ്ടായതിനേക്കാൾ വളരെ കൂടുതലാണ്. 2008ൽ ഇസ്രയേലിന്റെ ഓപ്പറേഷൻ കാസ്റ്റ് ലീഡ്, ഗാസയിൽ 22 ദിവസത്തിനുള്ളിൽ 345 കുട്ടികളെ കൊന്നൊടുക്കിയതായി അവകാശ സംഘടനയായ ബിറ്റ്സെലെം വ്യക്തമാക്കുന്നു. 2014ൽ ഓപ്പറേഷൻ പ്രൊട്ടക്റ്റീവ് എഡ്ജില്‍ 50 ദിവസത്തിനുള്ളിൽ 548 കുട്ടികളാണ് ഇസ്രയേല്‍ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. അതേസമയം, ഇറാനില്‍ 2008നും 2022നും ഇടയിൽ, ഇസ്ലാമിക് സ്റ്റേറ്റ് ഖിലാഫത്തിന്റെ ഉദയത്തിനും തകർച്ചയ്ക്കും ഇടയിലുള്ള 15 വർഷത്തെ കാലയളവിൽ, 3,119 കുട്ടികളാണ് മരിച്ചത്. 

സമീപ ദശകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനമായ ആക്രമണ സാഹചര്യങ്ങളിലൂടെയാണ് ഗാസയിലെ കുട്ടികൾ ജീവിക്കുന്നതെന്ന് യുദ്ധങ്ങളുടെ ആഗോള ആഘാതം നിരീക്ഷിക്കുന്ന പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓസ്ലോ ചൂണ്ടിക്കാട്ടുന്നു. സേവ് ദി ചിൽഡ്രന്റെ കണക്കുപ്രകാരം, യുദ്ധത്തിന് മുമ്പ് ഗാസയിൽ താമസിച്ചിരുന്ന ഓരോ 50 കുട്ടികളിൽ ഏകദേശം ഒരാൾ വീതം ഇസ്രയേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ടെന്ന് ഇസ്രയേല്‍ ജനറല്‍മാര്‍ക്കും സെെനികര്‍ക്കും അറിയാം. മരിച്ചവരിൽ കുട്ടികളുണ്ടോ എന്നത് നിലവിലെ പ്രശ്നമല്ലെന്നായിരുന്നു യുദ്ധത്തിന്റെ ഭൂരിഭാഗവും കൈകാര്യം ചെയ്ത മുൻ സൈ­നിക ഇന്റലിജൻസ് മേധാവി ഒരിക്കല്‍ പറഞ്ഞത്. കുട്ടികളെ മനുഷ്യകവചമായി ഉപയോഗിക്കുന്നതിനാലും ഗാസയിൽ നിരപരാധികളില്ല എന്ന പ്രയോഗം ഇസ്രയേലിൽ കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുന്നതിനാലും കുട്ടികള്‍ നിയമാനുസൃത ലക്ഷ്യങ്ങളാണെന്നാണ് പ്രതിരോധ മന്ത്രി­യുള്‍പ്പെടെ ചില തീവ്ര വലതുപക്ഷ നേതാക്കള്‍ വാദിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.