11 December 2025, Thursday

Related news

December 10, 2025
December 7, 2025
December 5, 2025
December 4, 2025
December 2, 2025
November 28, 2025
November 27, 2025
November 23, 2025
November 23, 2025
November 22, 2025

‘പ്രത്യാശയുടെ പുലരി’; വെടിനിർത്തൽ കരാറിൽ ഒപ്പുവയ്ക്കല്‍ നാളെ

Janayugom Webdesk
കയ്‌റോ
October 11, 2025 9:56 am

പിറന്ന മണ്ണില്‍ നിന്നും ജീവന്‍ കയ്യിലെടുത്ത് ഓടിയ നിസഹായതയില്‍ ഉരുകിയവര്‍ നല്ല നാളെയുടെ പ്രതീക്ഷകളുമായി തിരിച്ചെത്തിതുടങ്ങി. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഗാസയിൽനിന്നും ഇസ്രയേൽ സൈന്യം പിന്മാറിത്തുടങ്ങി. ഇസ്രയേൽ ആക്രമണങ്ങളെ തുടർന്ന് ഗാസയിൽനിന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ആയിരങ്ങളാണ് ജന്മനാട്ടിലേക്ക് മടങ്ങിയെത്താന്‍ തുടങ്ങിയത്. കരാറിന്റെ ഭാഗമായി പലസ്തീന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഗാസയിലെ ചില ഇടങ്ങളിൽ സാന്നിധ്യം തുടരുമെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. ഈ സ്ഥലങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണമെന്ന് ഗാസയിലെ ജനങ്ങളോട് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് ആവശ്യപ്പെട്ടു.

ഏറെ നാളത്തെ കാത്തിരിപ്പിനും അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് ഹമാസും ഇസ്രയേലും ഗാസയിലെ സമാധാന പദ്ധതി അംഗീകരിച്ചിരിക്കുന്നത്. മണിക്കൂറുകൾ ദൈര്‍ഘ്യമേറിയ ചർച്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഇസ്രയേൽ മന്ത്രിസഭ പദ്ധതിയുടെ ആദ്യഘട്ടത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. അറിയിപ്പിന് പിന്നാലെ ഗാസ സമയം ഉച്ചയ്ക്ക് 12ന് വെടിനിർത്തൽ നിലവിൽവന്നു. 

24 മണിക്കൂറിനുള്ളിൽ എല്ലാ ആക്രമണങ്ങളും നിർത്താനുള്ള കരാറിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഇത് കൂടാതെ 72 മണിക്കൂറിനകം ഹമാസ് ബന്ദികളാക്കിയ ഇസ്രയേലുകാരെയും ഇസ്രയേൽ തടവറയിൽ കഴിയുന്ന പലസ്തീനികളേയും മോചിപ്പിക്കണമെന്ന് കരാറിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആദ്യഘട്ട ധാരണയുടെ ഭാഗമായുള്ള ബന്ധികൈമാറ്റം ഉടനുണ്ടാകുമെന്നാണ് സൂചന. ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ കരാറിന്റെ ഒപ്പിടൽ ചടങ്ങ് നാളെ ഈജിപ്തിൽ നടക്കും. സമാധാന കരാറിന് ചുക്കാൻപിടിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചടങ്ങില്‍ പങ്കെടുക്കും. സമാധാന കരാർ നിലവിൽവന്നതിന് ശേഷവും ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്നലെ മാത്രം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 17 പേരാണ് കൊല്ലപ്പെട്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.