
താലിബാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുത്താഖിയുടെ വാർത്താസമ്മേളനത്തിന് അനുമതി നല്‍കാത്തതില്‍ കേന്ദ്രസർക്കാരിനെ പ്രതിഷേധം അറിയിച്ച് വനിതാ മാധ്യമപ്രവർത്തകർ. അഫ്ഗാൻ മന്ത്രിയുടെ ദില്ലിയിലെ വാർത്താസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയ സംഭവം ഞെട്ടിലുണ്ടാക്കുന്നുവെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എംപിയുമായ പി ചിദംബരം പ്രതികരിച്ചു. വനിതാ സഹപ്രവർത്തകരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പുരുഷ മാധ്യമപ്രവർത്തകർ പരിപാടി ബഹിഷ്‌കരിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “അഫ്ഗാനിസ്ഥാനിലെ മിസ്റ്റർ ആമിർ ഖാൻ മുത്തഖി നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതിൽ ഞാൻ ഞെട്ടിപ്പോയി. എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ, തങ്ങളുടെ വനിതാ സഹപ്രവർത്തകരെ ഒഴിവാക്കിയതായി കണ്ടെത്തിയപ്പോൾ പുരുഷ മാധ്യമപ്രവർത്തകർ ഇറങ്ങിപ്പോവേണ്ടതായിരുന്നു,” എന്നാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്. ഒക്ടോബർ 9 മുതൽ ഒക്ടോബർ 16 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിലാണ് താലിബാൻ മന്ത്രി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി പറയണമെന്നാണ് സംഭവത്തില്‍ പ്രിയങ്കാ ഗാന്ധി പ്രതികരിച്ചത്. അതേസമയം വനിതകളെ ക്ഷണിക്കാത്തതിൽ പങ്കില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. വാർത്താസമ്മേളനത്തിന് വിളിക്കേണ്ടവരെ തീരുമാനിച്ചത് അഫ്ഗാൻ അധികൃതരാണ് എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.“നമ്മുടെ രാജ്യത്ത്, അതും നമ്മുടെ മണ്ണിൽ, നമ്മുടെ രാഷ്ട്രത്തോട് വ്യവസ്ഥകൾ നിർദേശിക്കാനും സ്ത്രീകൾക്കെതിരായ വിവേചനപരമായ അജണ്ട അടിച്ചേൽപ്പിക്കാനും അവർ ആരാണ്?” എന്ന് ചോദിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് പ്രതിഷേധം രേഖപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.