
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരും ജീവനക്കാരും നടത്തിവന്ന സമരം താല്കാലികമായി അവസാനിപ്പിച്ചു. ജില്ലാ കളക്ടറുമായും ഡിഎംഒയുമായും കെജിഎംഒ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാനുള്ള തീരുമാനം. ആശുപത്രിയിൽ 24 മണിക്കൂറും പൊലീസ് സംരക്ഷണമേർപ്പെടുത്തുമെന്നും സ്ഥിരം പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കുമെന്നും കളക്ടർ ചർച്ചയിൽ ഉറപ്പ് നൽകി. ആശുപത്രി അത്യാഹിത വിഭാഗത്തിൽ അടിയന്തരമായി ട്രയാജ് സംവിധാനങ്ങൾ ആരംഭിക്കാൻ ആശുപത്രി സൂപ്രണ്ടിന് ഡിഎംഒ നിർദേശം നൽകി.
താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ ഒഴിവുകളിൽ അഡ്ഹോക്ക് നിയമനം നടത്താൻ നടപടികൾ സ്വീകരിക്കും. ഒഴിഞ്ഞുകിടക്കുന്ന വിവിധ തസ്തികളിൽ നിയമനം, സുരക്ഷാ ജീവനക്കാരുടെ നിയമനം എന്നീ വിഷയങ്ങൾ രണ്ടാഴ്ചക്കുള്ളിൽ പരിഗണിക്കാൻ നടപടി സ്വീകരിക്കും. ഈ വ്യവസ്ഥകൾ അംഗീകരിച്ച് സമരപരിപാടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കെജിഎംഒഎ ജില്ലാ നേതൃത്വം താമരശ്ശേരി മേഖല യൂണിറ്റുമായി നടത്തിയ ചർച്ചയുടെ തീരുമാനത്തിലാണ് സമരപരിപാടികൾ താല്കാലികമായി നിർത്തിവെച്ചത്. ഡ്യൂട്ടിക്കിടെ വധശ്രമത്തിനിരയായ ഡോ. വിപിന്റെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഇതിനിടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെട്ടേറ്റ ഡോ. വിപിൻ ആശുപത്രി വിട്ടു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ ഉച്ചയോടെയാണ് ഡിസ്ചാർജ് ആയത്. തലയോട്ടിക്ക് വെട്ടേറ്റ വിപിനെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിന് കീഴിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നേരത്തെ മരിച്ച കുട്ടിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതി റിമാൻഡിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.