
തിരുവനന്തപുരം: ദേശീയ സീനിയർ വനിതാ ടി20 ടൂർണമെന്റിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒമ്പത് വിക്കറ്റ് വിജയം. ടൂർണമെന്റിൽ കേരളത്തിന്റെ മൂന്നാം വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീർ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 16.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ടോസ് നേടിയ കേരളം ജമ്മു കശ്മീരിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബവൻദീപ് കൗറും രുഖിയ അമീനും ചേർന്ന് മികച്ച തുടക്കമാണ് കശ്മീരിന് നല്‍കിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടരെയുള്ള ഓവറുകളിൽ ഇരുവരെയും പുറത്താക്കി എസ് ആശയാണ് മത്സരത്തിന്റെ ഗതി കേരളത്തിന് അനുകൂലമാക്കിയത്. ബവൻദീപ് കൗർ 34ഉം റഉഖിയ അമീൻ 16ഉം റൺസ് നേടി. തുടർന്നെത്തിയ ക്യാപ്റ്റൻ ജസിയയെ സജന സജീവൻ റണ്ണൗട്ടാക്കിയപ്പോൾ റുബിയ സയ്യദിനെ ആശയും പുറത്താക്കി. അവസാന ഓവറുകളിൽ 14 പന്തുകളിൽ 20 റൺസെടുത്ത ചിത്ര സിങ്ങാണ് കശ്മീരിന്റെ സ്കോർ 100 കടത്തിയത്. കേരളത്തിന് വേണ്ടി എസ് ആശ മൂന്നും സലോണി ഡങ്കോര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. നാലോവറിൽ വെറും ഒമ്പത് റൺസ് മാത്രം വിട്ടു കൊടുത്താണ് ആശ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ഷാനിയും പ്രണവി ചന്ദ്രയും ചേർന്ന് തകർപ്പൻ തുടക്കമാണ് നല്‍കിയത്. അനായാസം സ്കോർ മുന്നോട്ടു നീക്കിയ ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 93 റൺസ് കൂട്ടിച്ചേർത്തു. വിജയത്തിന് ഒമ്പത് റൺസകലെ 51 റൺസെടുത്ത പ്രണവി പുറത്തായി. തുടർന്ന് 37 റൺസുമായി പുറത്താകാതെ നിന്ന ഷാനിയും അക്ഷയയും ചേർന്ന് കേരളത്തെ വിജയത്തിലെത്തിച്ചു. 48 പന്തുകളിൽ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കമാണ് പ്രണവി 51 റൺസ് നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.