
എമ്പുരാൻ ചിത്രത്തിന് ശേഷം വലിയ രീതിയിലുള്ള സെൻസർ ബോർഡിന്റെ വെട്ടിമാറ്റലിന് വിധേയമായിരിക്കുകയാണ് അവിഹിതം, പ്രൈവറ്റ്, ഹാൽ എന്നീ ചിത്രങ്ങൾ. അതും തീർത്തും വിചിത്രമായ കാരണങ്ങളാലാണെന്നത് മേഖലയിൽ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ കത്രിക വീഴുന്ന കാഴ്ച ഏറെ ആശങ്കയോടെയാണ് ചലച്ചിത്ര ലോകം കാണുന്നത്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാള സിനിമയിലേക്കും (മോളിവുഡ്) വലിയ രീതിയിലുള്ള കടന്നു കയറ്റമാണ് സെൻസർബോർഡിന്റെ ഭാഗത്തുനിന്നും ഉണ്ടായി കൊണ്ടിരിക്കുന്നത്. കോടികൾ മുടക്കി ചിത്രങ്ങൾ തിയേറ്ററുകളിലേക്കെത്തിക്കുന്ന നിർമ്മാതാക്കളുടെ അവസ്ഥ തീർത്തും നിരാശാജനകമാണ്. കേൾക്കുന്നവർക്കു പോലും അത്ഭുതപ്പെടുത്തുന്ന വിചിത്ര വാദങ്ങളാണ് കത്രികയുമായെത്തുന്ന സെൻസർ ബോർഡിൽ നിന്നും ലഭിക്കുന്നത്.
പുരാണ കഥാപാത്രങ്ങളുടെ പേരുകൾ, ബീഫ് ബിരിയാണി ഇവയെല്ലാം മാണ് സെൻസർ ബോർഡിന് ദഹിക്കാത്തതെന്നത് ഏറെ കൗതുകത്തിനും പ്രതിഷേധത്തിനും വഴിയൊരുക്കുന്നു. ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ തന്നെ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച് മുന്നേറുന്ന മോളിവുഡ് മേഖലയിൽ സംഘ്പരിവാർ അജണ്ട മറയില്ലാതെ സെൻസർ ബോർഡ് നടപ്പാക്കിത്തുടങ്ങുന്നു എന്ന് വ്യക്തമാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നതെന്ന് സംശമില്ലാതെ പറയാം. മലയാളത്തിൽ പ്രധാനമായും പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ തിയേറ്ററുകളിലെത്തിയ എമ്പുരാനിലൂടെയാണ് സെൻസർ ബോർഡിന്റെ കത്രികയുടെ കടന്നു കയറ്റത്തിനുള്ള തുടക്കം.
ചിത്രത്തിലെ 1.30 മിനിറ്റുകളോളം നീണ്ടുനിൽക്കുന്ന രംഗങ്ങൾ ഒഴിവാക്കാൻ ബോർഡ് അന്ന് നിർദേശിച്ചു. വില്ലൻ കഥാപാത്രത്തിന്റെ ബാബ ബജ്റംഗി എന്ന പേര് മാറ്റുക, ഗുജറാത്ത് കലാപത്തിന്റെ ചില രംഗങ്ങൾ ഉൾപ്പെടുത്തി എന്നൊക്കെയായിരുന്നു അന്നത്തെ സെൻസർ ബോർഡിന്റെ കണ്ടെത്തലുകൾ. ഇത് വലിയ വിമർശനങ്ങൾ വഴിയൊരുക്കി. നിയമ പോരാട്ടത്തിനൊടുവിൽ 24 മാറ്റങ്ങളോടെയായിരുന്നു എമ്പുരാൻ പുറത്തിറങ്ങിയത്. തുടർന്ന് സുരേഷ് ഗോപി നായകനായ ജെഎസ്കെ എന്ന ചിത്രത്തിലും സമാനമായ വെട്ടി തിരുത്തലുകൾ നിർദേശിച്ചു. സിനിമയുടെ പേരിലായിരുന്നു ഇത്തവണ പ്രശ്നം. സിനിമയുടെ ടൈറ്റിലും നായിക കഥാപാത്രത്തിന്റെ പേരുമായ ജാനകി ഹിന്ദു ദേവതയുടെ പേരാണെന്നും മാറ്റണമെന്നുമായിരുന്നു ആവശ്യം. പിന്നീട് സിനിമ പുറത്തിറങ്ങാതായതോടെ സമ്മർദത്തിലായ അണിയറ പ്രവർത്തകർ പേരിനൊപ്പം വി എന്ന ഇനിഷ്യൽ കൂടി ഉൾപ്പെടുത്താൻ നിർബന്ധിതരായി. ഇപ്പോഴിതാ ഷെയിൻ നിഗം നായകനായ ഹാൽ എന്ന ചിത്രവും ഇതേ പ്രതിസന്ധി നേരിടുന്നു. ബീഫ് ബിരിയാണി, രാഖി, പർദ്ദ, ഗണപതിവട്ടം, ധ്വജ പ്രണാമം എന്നീ പരാമർശങ്ങളുള്ള ഭാഗങ്ങൾ ഒഴിവാക്കാൻ റിവൈസിങ് കമ്മിറ്റി നിർദേശിച്ചിരിക്കുകയാണ്.
ഇന്ദ്രൻസ് പ്രധാന കഥാപാത്രമായി തിയേറ്ററിലെത്തിയ ചിത്രം ‘പ്രൈവറ്റ്’ പുറത്തിറങ്ങിയത് ഒമ്പത് ഇടങ്ങളിൽ മാറ്റം വരുത്തിയാണ്. ഹിന്ദി പറയുന്നവർ, രാമരാജ്യം, ബിഹാർ, പൗരത്വ ബില്ല് എന്നീ പ്രയോഗങ്ങൾ ഉൾപ്പെടെയാണ് വെട്ടിമാറ്റാൻ ബോർഡ് നിർദേശിച്ചത്. കഴിഞ്ഞ ദിവസം തിയേറ്ററിലെത്തിയ ഹെഗ്ഡെ സംവിധാനം ചെയ്ത ‘അവിഹിതം’ എന്ന സിനിമയിലും സെൻസർ ബോർഡ് കത്രികവച്ചു. പുരാണ കഥാപാത്രത്തിന്റെ പേര് ഉപയോഗിച്ചെന്നാരോപിച്ച് സെന്ന ചിത്രത്തിൽ നായികയെ സീത എന്ന് വിളിക്കുന്ന ഭാഗം സെൻസർ ബോർഡ് ഇടപെട്ട് ഒഴിവാക്കി. സീത വിളി ഒഴിവാക്കി നായികയെ അവൾ എന്ന് വിശേഷിപ്പിച്ചാണ് സിനിമ പ്രദർശനം തുടരുന്നത്. മറ്റ് ഭാഷകളിലും പ്രതിസന്ധികൾ രൂക്ഷമാണ്. യുകെയുടെ ഔദ്യോഗിക ഓസ്കർ എൻട്രി ആയിരുന്ന ഹിന്ദി ചിത്രം സന്തോഷിന് ഇന്ത്യയിൽ പ്രദർശനാനുമതി നിഷേധിച്ചു. സന്ധ്യ സൂരി ഒരുക്കിയ ചിത്രത്തിൽ ദളിത് പെൺകുട്ടിയുടെ മരണവും അതിന്റെ അന്വേഷണവുമാണ് ചിത്രീകരിച്ചിരുന്നത്. ‘പഞ്ചാബ് 95′, ‘ഹോംബൗണ്ട്’, ‘ഫൂലെ’ തുടങ്ങിയ ചിത്രങ്ങളും സമാന രീതിയിൽ പ്രദർശനം നടത്താൻ വലിയ കടമ്പകൾ കടക്കേണ്ടി വന്നു. രാഷ്ട്രീയം, ജാതി ചർച്ച ചെയ്ത ‘ദഡക് 2’ എന്ന ചിത്രം 16 വെട്ടുകളോടെയാണ് തിയേറ്ററുകളിലെത്തിയത്. മാത്രവുമല്ല ജാതി പരാമർശങ്ങൾ ഒഴിവാക്കേണ്ടിയും വന്നു. മോളിവുഡിൽ മാത്രമല്ല ബോളിവുഡ് ഏകദേശം മുഴുവനായും സംഘ്പരിവാർ കൈയടക്കി കഴിഞ്ഞിരിക്കുന്നു എന്നതും വ്യക്തമാണ്. രാഷ്ട്രീയം സംസാരിക്കുന്ന ചിത്രങ്ങൾ വളരെ കുറവാണ് ബോളിവുഡിൽ. ഇപ്പോൾ പലരും ശക്തമായ രാഷ്ട്രീയഭാഷ ഉപയോഗിച്ച് സിനിമ ചെയ്യാൻ മുതിരുന്നിലെന്നതാണ് സത്യം. കൂടുതലും മാസ് മസാല ചിത്രങ്ങളാണ്. കലാമൂല്യമുള്ള ചിത്രങ്ങളെ വെട്ടിനിരത്തുമ്പോൾ മറുവശത്ത് ഒരോ സിനിമാ പ്രേക്ഷകരും കാണുന്ന മറ്റൊന്നുണ്ട്. കേരളത്തെ കുറിച്ച് വ്യാജ സന്ദേശങ്ങളും വിരുദ്ധ പരാമർശങ്ങളും നൽകി ചിത്രീകരിച്ച കേരള സ്റ്റോറിക്ക് ഒരു പ്രശ്നവുമില്ലാതെ സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയതും ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നൽകിയതും ഇതിലൂടെ ബോർഡിന്റെ നിലപാട് എന്തെന്ന് പരസ്യമായി തന്നെ ഏവർക്കും മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. ഇത്തരം അടിച്ചമർത്തലുകൾക്ക്, കലാ ആസ്വാദകർക്ക് മേലുള്ള കടന്നു കയറ്റത്തിന്, ഒരു പ്രോപ്പഗണ്ട മുൻ നിർത്തിയുള്ള ബോർഡിന്റെ മുന്നോട്ടുള്ള നിലപാടുകൾക്കെതിരെ വരും ദിവസങ്ങൾ ശക്തമായ പ്രതിഷേധങ്ങൾ ഉയരും എന്നതിൽ തർക്കമില്ല. തങ്ങളുടെ നിലപാടുകൾ ഭയമില്ലാതെ തിയേറ്റർ സ്ക്രീനുകളിലെത്തിക്കാൻ കഴിയണമെന്ന ആവശ്യമായി നിരവധി പേരാണ് നിലവിൽ പ്രതിഷേധവുമായി എത്തിക്കൊണ്ടിരിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ പോരാട്ടങ്ങൾ വരും ദിവസങ്ങളിൽ ശക്തമായി ഉയരും.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി)
1951 ലാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെൻസറിങ് എന്ന സംവിധാനം ഇന്ത്യയിൽ നിലവിൽ വരുന്നത്. ഇതോടെ പൊതു ഇടങ്ങളിൽ സിനിമ പ്രദർശിപ്പിക്കണമെങ്കിൽ സിബിഎഫ്സി സർട്ടിഫിക്കേഷൻ നിർബന്ധമായി. തുടർന്ന് 1983ൽ ഇന്ത്യൻ സിനിമാറ്റോഗ്രാഫി ആക്ടിൽ നിയമഭേദഗതികൾ വരുത്തി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ എന്ന് പേര് മാറ്റി. ഇതോടെ കാഴ്ചക്കാർ ആര് എന്ന് മനസിലാക്കി പ്രദർശനാനുമതി നൽകുക എന്ന രീതിയിലേക്ക് മാറി. യു, യു/എ, എ, എസ്, എന്നീ നാല് വിഭാഗങ്ങളിലായാണ് സിനിമയ്ക്ക് സർട്ടിഫിക്കേഷൻ നൽകുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും തുടങ്ങി എല്ലാ വിഭാഗകാർക്കും ഒരു പോലെ കാണാൻ കഴിയുന്ന ചിത്രങ്ങളായിരിക്കും ‘യു’ സർട്ടിഫിക്കറ്റ് ചിത്രങ്ങൾ. ‘യു/എ’ എന്നാൽ രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ 16 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും കാണാൻ കഴിയുന്നവയും, ‘എ’ സർട്ടിഫൈഡ് ചിത്രങ്ങൾ 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് മാത്രം കാണാൻ കഴിയുന്നവയുമാണ്. ഗവേഷണത്തിനോ (ശാസ്ത്രജ്ഞർ, ഡോക്ടേഴ്സ്) മറ്റ് പഠനങ്ങൾക്കോ അല്ലെങ്കിൽ സ്പെഷ്യൽ വിഭാഗത്തിൽപ്പെടുന്ന ചിത്രങ്ങൾക്കാണ് ‘എസ്’ സർട്ടിഫിക്കറ്റ് നൽകുക. വാർത്താവിതരണ മന്ത്രാലയത്തിന് കീഴിലാണ് ബോർഡ് പ്രവർത്തിക്കുന്നത്. മുംബൈയിലാണ് സിബിഎഫ്സിയുടെ ആസ്ഥാനം. തിരുവനന്തപുരം ചിത്രാഞ്ജലിയാണ് കേരളത്തിലെ റീജിയണൽ ഓഫിസായി പ്രവർത്തിക്കുന്നത്. ഇ സിനി പ്രമാൺ പോർട്ടൽ വഴിയാണ് സർട്ടിഫിക്കേഷന് അപേക്ഷ നൽകുക. ഫീസ് അടച്ച് ഏഴുദിവസത്തിനകം നടപടികൾ ആരംഭിക്കും. തുടർന്ന് 15 ദിവസത്തിനുള്ള ചിത്രം കണ്ട് ബന്ധപ്പെട്ടവർ ചെയർമാന് റിപ്പോർട്ട് കൈമാറും തുടർന്ന് തീരുമാനങ്ങളും മറ്റും അപേക്ഷ നൽകിയ സിനിമാ പ്രവർത്തകനെ അറിയിക്കും. തുടർന്ന് അണിയറ പ്രവർത്തകർ ആവശ്യമായ മാറ്റങ്ങൾ വരുത്തി പരിശോധനയ്ക്കായി വീണ്ടും സമർപ്പിക്കും. ഇത്തരത്തിലാണ് സെൻസർ ബോർഡിന്റെ രീതികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള് ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.