
വര്‍ധിച്ചുവരുന്ന ദുരഭിമാന ക്കൊലകൾക്കെതിരെ നിയമം രൂപീകരിക്കാൻ തമിഴ്നാട്. ജാതി, സമുദായ അടിസ്ഥാനത്തിലുള്ള ദുരഭിമാന കൊലപാതകങ്ങള്‍ തടയുന്നതിനായി ഒരു പ്രത്യേക നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനായി ഒരു കമ്മിഷൻ രൂപീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയില്‍ പ്രഖ്യാപിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജി കെ എം ബാഷയായിരിക്കും കമ്മിഷന് നേതൃത്വം നല്‍കുക.
ദുരഭിമാന കൊലപാതകങ്ങൾ ഭരണഘടനാപരമായ സമത്വത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന് നേരെയുള്ള ആക്രമണമാണെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടി. ദുരഭിമാനകൊലപാതകങ്ങളിലെ പ്രതികള്‍ക്കും അത്തരം കുറ്റകൃത്യങ്ങളെ സഹായിക്കുന്നവർക്കും വേഗത്തിലുള്ള അന്വേഷണം, വിചാരണ, കർശന ശിക്ഷ എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ജാതി, ദുരഭിമാന കൊലപാതകങ്ങളെക്കുറിച്ചുള്ള സമഗ്രമായ പഠനം നടത്തിയായിരിക്കും ശുപാര്‍ശകള്‍ സമര്‍പ്പിക്കുക. ഇരകളുടെ കുടുംബങ്ങൾ, സാമൂഹിക പ്രവർത്തകർ, നിയമ വിദഗ്ധർ എന്നിവരുമായി കമ്മിഷന് കൂടിയാലോചനകള്‍ നടത്തും. ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ബോധവൽക്കരണ പരിപാടികൾ, കമ്മ്യൂണിറ്റി സെൻസിറ്റൈസേഷൻ, പൊലീസ് ഉത്തരവാദിത്തം എന്നിവയുൾപ്പെടെയുള്ള പ്രതിരോധ നടപടികളും കമ്മിഷൻ പരിശോധിക്കും.
ജാതി, സമുദായ വ്യത്യാസങ്ങൾക്കപ്പുറം വ്യക്തികൾക്ക് ഭയമില്ലാതെ വിവാഹം കഴിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളതായിരിക്കും പുതിയ നിയമം. ജാതിയുടെയോ കുടുംബ ബഹുമാനത്തിന്റെയോ പേരിൽ നമ്മുടെ യുവാക്കളെ കൊല്ലാൻ അനുവദിക്കില്ലെന്ന് സംസ്ഥാനത്തിന്റെ സാമൂഹിക നീതി പ്രസ്ഥാനങ്ങളുടെ നീണ്ട ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട് സ്റ്റാലിൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.