5 December 2025, Friday

Related news

November 18, 2025
October 18, 2025
October 16, 2025
September 18, 2025
September 17, 2025
August 30, 2025
December 24, 2024
April 22, 2024

യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയില്‍ അതൃപ്തി പരസ്യമാക്കി ഓര്‍ത്തഡോക്സ് സഭ; അബിനെ തഴഞ്ഞത് ശരിയായില്ല, ചാണ്ടി ഉമ്മനോടും അനീതി കാട്ടി

Janayugom Webdesk
തിരുവനന്തപുരം
October 18, 2025 1:28 pm

യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയില്‍ അബിന്‍ വര്‍ക്കിയെ ഒഴിവാക്കിയതില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അതൃപ്തി.അബിന്‍വര്‍ക്കിയെ വെട്ടി ഒതുക്കിയെന്ന് കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയോസ് കോറസ് പറഞ്ഞു. അബിന്‍ വര്‍ക്കി മികച്ച നേതാവാണ്.കേരളത്തില്‍ നിറഞ്ഞ് നില്‍ക്കണമെന്നും ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് പറഞ്ഞു.

അബിന്‍ വര്‍ക്കിയെ പിന്തുണച്ച് കോട്ടയം ഭദ്രാസനാധിപന്‍ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു അബിനെ തഴഞ്ഞത് ശരിയായില്ല.ചാണ്ടി ഉമ്മനോടും അനീതി കാണിച്ചു. പ്രശ്നം ഉടൻ പരിഹരിക്കണം. നേതാക്കളോട് പറയാനുള്ളത് ഓർത്തഡോക്സ് സഭ പറയുമെന്നും കോട്ടയം ഭദ്രാസനാധിപൻ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട് അബിൻ വർക്കിയും ചാണ്ടി ഉമ്മനും അതൃപ്തിയിലാണ്. ഇരുവരും പരസ്യപ്രതികരണങ്ങളും നടത്തിയിരുന്നു. കെപിസിസി ഭാരവാഹിയാക്കത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കെപിസിസി മേഖലാ ജാഥയിൽ നിന്ന് ചാണ്ടി ഉമ്മൻ എംഎൽഎ വിട്ടു നിന്നിരുന്നു. 

താൻ നിര്‍ദ്ദേശിച്ചയാളെ കെപിസിസി ജനറൽ സെക്രട്ടറിയാക്കാത്തതിലും തൃശ്ശൂര്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനെ ഭാരവാഹിയാക്കിയതിലും കെ. മുരളീധരനും അതൃപ്തിയുണ്ട്. കെപിസിസി സെക്രട്ടറിമാരെ പ്രഖ്യാപിക്കാത്തതിൽ വിഷമം ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കാര്യമായ അതൃപ്തി ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്ന കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം.കെപിസിസി വൈസ് പ്രസിഡന്‍റ് അല്ലെങ്കിൽ ജനറൽ സെക്രട്ടറി സ്ഥാനം ചാണ്ടി ഉമ്മൻ പ്രതീക്ഷിച്ചു. എന്നാൽ യൂത്ത് കോണ്‍ഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയര്‍മാൻ സ്ഥാനത്ത് നിന്ന് അപമാനിച്ച് പുറത്താക്കിയെന്ന് തുറന്നടിച്ചതിന് പിന്നാലെ വന്ന കെപിസിസി ഭാരവാഹി പട്ടികയിൽ ചാണ്ടിയില്ല.

നിര്‍ദ്ദേശിച്ച പേരുകളും പരിഗണിച്ചില്ല. പരസ്യമായി പ്രതികരിച്ചില്ലെങ്കിലും കെപിസിസി മേഖലാ ജാഥയുടെ സ്വീകരണ പരിപാടിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധം പ്രകടമാക്കി.റാന്നിയിലെ പരിപാടി ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. പ്രധാന നേതാക്കള്‍ അടക്കം തനിക്കെതിരെ നീങ്ങുന്നുവെന്നാണ് ചാണ്ടി ഉമ്മൻ കരുതുന്നത്. നിര്‍ദ്ദേശിച്ച കെഎം ഹാരിസിനെ ഭാരാവാഹിയാക്കിയില്ല. അനുയായി ആയ മര്യാപുരം ശ്രീകുമാറിനെ ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കി. തൃശ്ശൂരിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോല്‍വിയുടെ ഉത്തരവാദിത്തമേറ്റ രാജിവച്ച ജോസ് വള്ളൂരിനെ ഭാരവാഹിയാക്കി. ഇതാണ് കെ മുരളീധരന്റെ കടുത്ത അതൃപ്തിക്ക് കാരണം. 

അനുനയ ചര്‍ച്ച നേതൃത്വം തുടങ്ങിയതോടെ അദ്ദേഹം പരസ്യ പ്രതികരണത്തിന് മുതിര്‍ന്നില്ല.കെപിസിസി സെക്രട്ടറിമാരുടെയും 8 ഡിസിസികളിൽ പുതിയ പ്രസിഡന്‍റുമാരെയും പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഭാരവാഹികള്‍ അടക്കം നീണ്ട നിര സെക്രട്ടറി പദം പ്രതീക്ഷിക്കുമ്പോഴാണ് പട്ടിക വരാത്തതിൽ വിഷമമുണ്ടെന്ന വിഡി സതീശന്റെ പ്രതികരണം. ഈ മാസം 30നകം പുതിയ ഡിസിസി പ്രസിഡന്‍റുമാരെയും തീരുമാനിക്കാമെന്നാണ് നേതൃതലത്തിൽ ഇപ്പോഴത്തെ ധാരണ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.