
ആമസോൺ വെബ് സർവീസസിൽ (എഡബ്ല്യുഎസ്) ഉണ്ടായ സാങ്കേതിക തകരാർ കാരണം ലോകമെമ്പാടുമുള്ള നിരവധി പേർക്ക് ജനപ്രിയ ആപ്പുകൾ അടക്കം ഉപയോഗിക്കാൻ സാധിക്കാതെ വന്നു. 15,000ത്തിലധികം ഉപയോക്താക്കൾക്കാണ് ഈ തടസ്സം നേരിട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്നാപ്പ് ചാറ്റ്, ഫോർട്ട്‌നൈറ്റ്, റോബ്ലോക്സ്, ഡുവോലിംഗോ, റിഗം തുടങ്ങിയ നിരവധി ആപ്ലിക്കേഷനുകളുടെ ബാക്ക് എൻഡുകൾ കൈകാര്യം ചെയ്യുന്നത് എഡബ്ല്യുഎസ് ആണ്. ഇന്റർനെറ്റിലെ തടസ്സങ്ങൾ ട്രാക്ക് ചെയ്യുന്ന ഡൗൺ ഡിറ്റക്ടർ റിപ്പോർട്ട് ചെയ്തതനുസരിച്ച്, അമേരിക്കയിൽ മാത്രം ആറായിരത്തോളം കേസുകളാണ് ആപ്പുകൾ ഉപയോഗിക്കാൻ കഴിയാതെയായതിനെ തുടർന്ന് റിപ്പോർട്ട് ചെയ്തത്.
നോർത്ത് വെർജീനിയയിലെ ആമസോണിന്റെ ഒരു ഡാറ്റാ സെന്ററിലുണ്ടായ സാങ്കേതിക തകരാറാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണമായിരിക്കുന്നത്. നിരവധി കമ്പനി വെബ്‌സൈറ്റുകളുടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയുമെല്ലാം ബാക്ക് എൻഡുകൾ ഹോസ്റ്റ് ചെയ്യുന്നത് ആമസോൺ ക്ലൗഡ് വിഭാഗത്തിലാണ്. തകരാറ് കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉപയോക്താക്കൾക്ക് ആപ്പുകളിൽ ലോഗിൻ ചെയ്യാൻ പോലും സാധിക്കാത്ത സ്ഥിതിയുണ്ടായി. പല വെബ്‌സൈറ്റുകളുടെയും ഹോം പേജുകൾ പ്രവർത്തനരഹിതമായി. ആമസോൺ.കോം, പ്രൈം വീഡിയോ, അലക്സ, ക്ലാഷ് ഓഫ് ക്ലാൻസ് തുടങ്ങിയ ഗെയിമിംഗ് ആപ്പുകൾക്കും പ്രശ്നം നേരിട്ടു. തടസ്സം റിപ്പോർട്ട് ചെയ്ത് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള നടപടികൾ തുടരുകയാണെന്ന് ആമസോൺ വെബ് സർവീസസ് അറിയിച്ചു. ബാധിക്കപ്പെട്ട ചില സേവനങ്ങൾ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് ആദ്യ സൂചനകളെന്നും എഡബ്ല്യുഎസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.