
ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയായ ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞു കൊന്ന കേസിൽ കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ അമ്മാവൻ ഹരികുമാർ ഒന്നാം പ്രതിയും അമ്മ ശ്രീതു രണ്ടാം പ്രതിയുമാണ്. നെയ്യാറ്റിൻകര കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
കഴിഞ്ഞ ജനുവരിയിലാണ് ബാലരാമപുരത്തെ ജിത്ത്-ശ്രുതി ദമ്പതികളുടെ മകൾ ദേവേന്ദുവിനെ കാണാതാവുകയും പിന്നീട് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് പുലർച്ചെ കാണാതായത്.
കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞത് ശ്രീതുവിൻ്റെ അറിവോടെയാണെന്ന ഒന്നാം പ്രതി സഹോദരൻ ഹരികുമാറിൻ്റെ മൊഴിയാണ് ശ്രീതുവിനെ കുടുക്കിയത്. തുടർന്ന് ബാലരാമപുരം പൊലീസ് തമിഴ്നാട്ടിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്സാപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചതിൽ നിന്നാണ് ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധവും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും പൊലീസിന് വ്യക്തമായത്. കുഞ്ഞിന്റെ അമ്മ ശ്രീതുവിനെതിരെ ജോലി തട്ടിപ്പിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ദേവസ്വം ബോർഡിൽ ഉന്നത ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞ് പണം തട്ടിയതായി മൂന്ന് പേരിൽ നിന്ന് പരാതി ലഭിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതക കേസിൽ ബി എൻ എസ് 316 (2), 318 (4), 336 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.