
സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി നൽകിയ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. കേസെടുക്കാനുള്ള നിയമപരമായ കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. 15 വർഷത്തിലേറെ വൈകി കേസെടുത്ത മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. 2009‑ൽ ‘പാലേരി മാണിക്യം’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഈ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഹർജിയിൽ രഞ്ജിത്ത് ചൂണ്ടിക്കാട്ടിയത്, 2009‑ൽ നടന്ന സംഭവത്തിന് നടി 2024 ഓഗസ്റ്റ് 26‑നാണ് പരാതി നൽകിയതെന്നാണ്. സിനിമയുടെ കാര്യങ്ങൾ ചർച്ച ചെയ്യാനായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി, ഹോട്ടൽ മുറിയിൽ വെച്ച് സംവിധായകൻ പീഡിപ്പിച്ചെന്നായിരുന്നു നടിയുടെ പ്രധാന പരാതി. പ്ലസ്ടുവിൽ പഠിക്കവെ ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടതെന്നും, പിന്നീട് ‘പാലേരി മാണിക്യ’ത്തിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും നടി ആരോപിച്ചു. ചർച്ചയ്ക്കിടെ രഞ്ജിത്ത് കയ്യും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും സ്പർശിച്ചെന്നും തുടർന്ന് താൻ സിനിമയിൽ അഭിനയിക്കാതെ മടങ്ങിയെന്നും നടി പറഞ്ഞിരുന്നു. നടിയുടെ പീഡന പരാതി ഉയർന്നതിനെ തുടർന്ന് താൻ ഇരയാണെന്ന് രഞ്ജിത്ത് പ്രതികരിച്ചിരുന്നു. ഈ വിവാദങ്ങൾക്ക് പിന്നാലെ, നടിക്ക് പിന്തുണയുമായി സംവിധായകൻ ജോഷിയും രംഗത്തെത്തി. തുടർന്ന്, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കാൻ രഞ്ജിത്ത് നിർബന്ധിതനായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.