
അതിരൂക്ഷമായ വായുമലിനീകരണത്തെ തുടര്‍ന്ന് രാജ്യതലസ്ഥാന മേഖലയിലെ (എന്‍സിആര്‍ ) നാലില്‍ മൂന്ന് വീടുകളിലും ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി, ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് നിവാസികളായ 44,000 പേരില്‍ നടത്തിയ സര്‍വേയിലാണ് രൂക്ഷമായ വായുമലിനീകരണം രാജ്യതലസ്ഥാന വാസികളുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നതായി കണ്ടെത്തിയത്.
ദീപാവലിക്ക് ശേഷമാണ് പ്രദേശത്ത് വായുമലിനീകരണവും ആരോഗ്യപ്രശ്നങ്ങളും രൂക്ഷമായത്. എന്‍സിആര്‍ മേഖലയിലെ ഓരോ നാല് വീടുകളിലും മൂന്ന് പേര്‍ക്ക് തൊണ്ടവേദന, ചുമ, നേത്രരോഗം, തലവേദന, ഉറക്കക്കുറവ് തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി സിറ്റിസണ്‍ എന്‍ഗേജ്മെന്റ് പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേയില്‍ പറയുന്നു.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം ദീപാവലിക്ക് ശേഷം പിഎം 2.5 ലെവൽ ഒരു ക്യുബിക് മീറ്ററിൽ 488 മൈക്രോഗ്രാമായി ഉയർന്നു. ഇത് അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കും ദീപാവലി ആഘോഷത്തിന് മുമ്പുള്ള ലെവലിന്റെ മൂന്നിരട്ടിയിലധികവുമാണെന്ന് സര്‍വേയില്‍ പറയുന്നു. ഒരു ക്യുബിക് മീറ്ററിൽ 156.6 മൈക്രോ ഗ്രാം ഒക്ടോബർ 20 ന് രാത്രിയിൽ ഉണ്ടായ ഈ കുതിച്ചുചാട്ടം ഒക്ടോബർ 21 ന് പുലർച്ചെ വരെ തുടർന്നു. ദിവസങ്ങളോളം രാജ്യതലസ്ഥാന മേഖല കട്ടിയുള്ളതും വിഷലിപ്തവുമായ മൂടൽമഞ്ഞിന്നാല്‍ ആവരണം ചെയ്യപ്പെട്ടു. സർവേയിൽ 42 ശതമാനം വീടുകളിൽ ഒന്നോ അതിലധികമോ അംഗങ്ങൾക്ക് തൊണ്ടവേദനയോ തുടർച്ചയായ ചുമയോ അനുഭവപ്പെട്ടു. 25 ശതമാനം വീടുകളിൽ നേത്രരോഗം, തലവേദന, ഉറക്കക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തതായും 17 ശതമാനം വീടുകളിൽ ആസ്ത്മ രോഗം വഷളായതായും സര്‍വേയില്‍ ചൂണ്ടിക്കാട്ടുന്നു.
വായുമലിനീകരണം പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതായി പ്രദേശവാസികള്‍ പ്രതികരിച്ചു. ഇതിന്റെ ഭാഗമായി അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുകയും ചെയ്തതായി സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ മൂന്നില്‍ ഒരുഭാഗം ജനങ്ങള്‍ വായുമലിനീകരണ ജന്യരോഗങ്ങള്‍ ചെറുക്കാന്‍ ആരോഗ്യ സേവനം തേടാന്‍ സന്നദ്ധരായിരിക്കുന്നതായും പ്രതികരിച്ചു.
ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്ന പിഎം 2.5 പരിധിയെക്കാള്‍ 24 മടങ്ങ് കൂടുതലാണ് എന്‍സിആറിലെ വായുഗുണനിലവാര തോതെന്ന് ആരോഗ്യ വിഗദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ശ്വസന- ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും ഗുരുതര അപകട സാധ്യത സൃഷ്ടിക്കാന്‍ കാരണമാകുമെന്നും സര്‍വേയില്‍ പറയുന്നു. എന്‍സിആറിലെ വായുഗുണനിലവാരം സംബന്ധിച്ച് സുപ്രീം കോടതി അടക്കം ഇടപെടല്‍ നടത്തിയിട്ടും സ്ഥിതിഗതികള്‍ ഭയാനകമായി തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.