21 January 2026, Wednesday

Related news

January 17, 2026
January 14, 2026
January 12, 2026
January 10, 2026
January 8, 2026
January 4, 2026
January 2, 2026
December 30, 2025
December 29, 2025
December 26, 2025

ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങളില്‍ 500% വര്‍ധന; ഉത്തര്‍പ്രദേശ് ഏറ്റവും അപകടകരമായ സംസ്ഥാനം

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി
November 6, 2025 10:38 pm

2014ന് ശേഷം രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ 500 % വര്‍ധിച്ചതായി അവകാശ സംഘടനകള്‍. തുടര്‍ച്ചയായ, വ്യവസ്ഥാപിതമായ അക്രമമാണ് ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന് വരുന്നതെന്ന് സംഘടനാ ഭാരവാഹികള്‍ ഡല്‍ഹി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. നരേന്ദ്ര മോഡി അധികാരത്തില്‍ എത്തിയ 2014 മുതല്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണം വര്‍ധിച്ചു. 2014നും 2024നും ഇടയില്‍ ഇത്തരം അക്രമ സംഭവങ്ങള്‍ 139ല്‍ നിന്ന് 834 ആയി കുതിച്ചുയര്‍ന്നു. 500% വര്‍ധന രേഖപ്പെടുത്തി. ഈ കാലയളവില്‍ 4,959 സംഭവങ്ങള്‍ കേസുകളായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ബാക്കിയുള്ള കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്യാന്‍ മടിക്കുകയോ, ഭീഷണിപ്പെടുത്തി പിന്‍വലിപ്പിക്കുകയോ ചെയ്തുവെന്നും ക്രിസ്ത്യന്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടി. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം വ്യാപകമായി നടന്നുവരുന്നതായി സിസ്റ്റര്‍ മീനാക്ഷി സിങ് വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാജ മതപരിവര്‍ത്തന ആരോപണങ്ങളുടെ പേരില്‍ ക്രിസ്ത്യാനികള്‍ ക്രൂശിക്കപ്പെടുന്നു. ഒരുതരത്തിലും ക്രിസ്ത്യാനികള്‍ക്ക് ജീവിക്കാനുള്ള മാര്‍ഗം ഇല്ല. ഇഷ്ടപ്പെട്ട് ഒരു മതം തെരഞ്ഞെടുത്താലും ആ വിശ്വാസം തുടര്‍ന്നു പോകാന്‍ അനുവാദമില്ലെന്നും അവര്‍ പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം മറയാക്കി ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ കരുതിക്കൂട്ടി വേട്ടയാടുകയാണെന്ന് അവകാശ പ്രവര്‍ത്തകന്‍ മൈക്കല്‍ വില്യംസ് പറഞ്ഞു. 

ക്രിസ്തീയ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ ആദിവാസികൾക്കെതിരെയുള്ള പീഡനങ്ങളിലും വന്‍ വര്‍ധനയുണ്ടായി. ഇന്ത്യയിലുടനീളം ഏകദേശം ഏഴ് കോടി ആദിവാസി ക്രിസ്ത്യാനികളുണ്ട്. ദുർബലരായ ഇവരെയാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ തെരഞ്ഞ് പിടിച്ച് ആക്രമിക്കുന്നതെന്ന് അഭിഭാഷകയായ തെഹ്മിന അറോറ ചൂണ്ടിക്കാട്ടി. 2025 ലെ ആദ്യത്തെ ഒമ്പത് മാസങ്ങളിൽ മാത്രം 579 അക്രമ സംഭവങ്ങളാണ് ക്രിസ്ത്യാനികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 39 കേസുകളില്‍ മാത്രമായിരുന്നുവെന്ന് തെഹ്മിന അറോറ പറഞ്ഞു. 71 ഭീഷണിപ്പെടുത്തൽ‑പീഡന കേസുകൾ, പ്രാർത്ഥനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയ 51 കേസുകൾ, ഒമ്പത് ശാരീരിക ആക്രമണങ്ങൾ, ഏഴ് സ്വത്ത് നാശനഷ്ട കേസുകൾ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ ദശകത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളുടെ ശരാശരി വാര്‍ഷിക വര്‍ധനവ് 69.5% ആണ്. ഇതില്‍ 79% കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ബിജെപി ഭരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. രേഖപ്പെടുത്തിയ കേസുകളുടെ ആകെ എണ്ണത്തിന്റെ കാര്യത്തില്‍ ഉത്തര്‍പ്രദേശാണ് ക്രിസ്ത്യാനികള്‍ക്ക് ഏറെ അപകടകരമായ സംസ്ഥാനമെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആശങ്കകള്‍ കേന്ദ്ര സര്‍ക്കാരുമായി ഉന്നയിക്കുന്നതിനായി ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ 29ന് ദേശീയ ക്രിസ്ത്യന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്നും സംഘടനകള്‍ അറിയിച്ചു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.