
സംസ്ഥാന വ്യവസായ വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ താല്പര്യപത്രം ഒപ്പുവച്ച നിക്ഷേപ പദ്ധതികളിൽ നൂറ് പദ്ധതികൾ നിർമ്മാണം തുടങ്ങി. എൻഡിആർ സ്പെയ്സിന്റെ വെയർഹൗസിങ് ആന്റ് ഇൻഡസ്ട്രിയൽ പാർക്കാണ് നിർമ്മാണ ഘട്ടത്തിലേക്ക് പ്രവേശിച്ച നൂറാം പദ്ധതി. ആലുവയിലാണ് പദ്ധതി നിർമ്മാണം തുടങ്ങിയത്. നിക്ഷേപക സംഗമത്തിൽ താല്പര്യപത്രം ഒപ്പിട്ട പ്രമുഖ ആഗോള കമ്പനികൾ ഉൾപ്പെടെ അവരുടെ നിക്ഷേപ പദ്ധതികളുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. ഇത്രയും ചുരുങ്ങിയ സമയത്തിൽ നൂറ് പദ്ധതികൾ നിർമ്മാണം തുടങ്ങുന്നത് രാജ്യത്തെ തന്നെ റെക്കോഡാണെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. സമ്മിറ്റിൽ ഒപ്പുവച്ച 449 നിക്ഷേപ താല്പര്യപത്രങ്ങളിൽ ഭൂമി ലഭ്യമായ 276 പദ്ധതികളിൽ, 100 പദ്ധതികൾ താല്പര്യപത്രത്തിൽ നിന്ന് നിർമ്മാണഘട്ടത്തിലേക്ക് കടക്കുമ്പോൾ പരിവർത്തനനിരക്ക് 36.23% ആണ്. 35,111.750 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് നിർമ്മാണഘട്ടത്തിലുള്ളത്. 49,732 തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക.
449 സ്ഥാപനങ്ങളിൽ നിന്നായി 1.80 ലക്ഷം കോടി രൂപയുടെ താല്പര്യപത്രങ്ങളാണ് ഐകെജിഎസിലൂടെ ഒപ്പിട്ടത്. ഇതിൽ അനിമേഷൻ രംഗത്തെ പ്രമുഖരായ ഇറ്റാലിയൻ കമ്പനി ഡൈനിമേറ്റഡ്, പ്രമുഖ ലോജിസ്റ്റിക് കമ്പനി അവിഗ്ന തുടങ്ങിയവർ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങി. അഡാനി ലോജിസ്റ്റിക് പാർക്ക്, കോവിഡ് വാക്സിൻ വികസിപ്പിച്ച കൃഷ്ണ എല്ലയുടെ ഭാരത് ബയോടെകിന്റെ കീഴിലുള്ള ലൈഫ് സയൻസ് കമ്പനി, സിസ്ട്രോം, എസ്എഫ്ഒ ടെക്നോളജീസ്, ഗാഷ സ്റ്റീൽസ് ടിഎംടി പ്ലാന്റ്, കെജിഎ ഇന്റര്‍നാഷണൽ, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അക്കോസ ടെക്നോളജീസ്, വിൻവിഷ് ടെക്നോളജീസ്, ഡബ്ല്യുജിഎച്ച് ഹോട്ടൽസ്, ജേക്കബ് ആന്റ് റിച്ചാർഡ് തുടങ്ങിയ സംരംഭങ്ങളുടെ നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു.
ടൂറിസം, ഐടി, ഭക്ഷ്യ സംസ്കരണം, ഇലക്ട്രോണിക് ഘടകങ്ങളുടെ നിർമ്മാണം, ഫാർമസ്യൂട്ടിക്കൽസ്, മര അധിഷ്ഠിത വ്യവസായങ്ങൾ, ഹെൽത്ത് കെയർ തുടങ്ങി വിവിധ മേഖലകളിലാണ് ഇതിനകം നിക്ഷേപം നടത്തിയിട്ടുള്ളത്. 100 കോടി വരെ മുതൽ മുടക്കുള്ള പദ്ധതികൾക്ക് വ്യവസായ വാണിജ്യ വകുപ്പാണ് മേൽനോട്ടം വഹിക്കുന്നത്. 100 കോടിക്ക് മുകളിൽ നിക്ഷേപമുള്ള പദ്ധതികൾക്ക് കെഎസ്ഐഡിസിയും കിൻഫ്ര പാർക്കുകളിൽ ആസൂത്രണം ചെയ്ത പദ്ധതികളിൽ കിൻഫ്രയും മേൽനോട്ടം വഹിക്കുന്നു. വ്യവസായമന്ത്രി അധ്യക്ഷനായ ഉപദേശക സമിതി സമയ ബന്ധിതമായി പദ്ധതികളുടെ അവലോകനം നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ മുൻഗണന പദ്ധതി അവലോകനത്തിലും പുരോഗതി വിലയിരുത്തുന്നുണ്ട്. പദ്ധതി നിർവഹണം വേഗത്തിലാക്കുന്നതിന് 22 നയപരിഷ്കാരങ്ങൾ നടപ്പിലാക്കി. ഐകെജിഎസ് പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനായി തദ്ദേശ വകുപ്പിൽ ടാസ്ക് ഫോഴ്സിനും രൂപം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഇതുവരെയുള്ള നിക്ഷേപക സംഗമങ്ങളിൽ ഏറ്റവുമധികം പരിവർത്തന നിരക്ക് രേഖപ്പെടുത്തിയാണ് ഐകെജിഎസ് തുടർപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. അടുത്ത മാസങ്ങളിൽ നിർമ്മാണമാരംഭിക്കുന്ന പദ്ധതികൾക്കായി നടപടികൾ പൂർത്തിയാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.