
മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കൊച്ചിയിലേക്ക് സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. റോഡ് നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്ന കുറ്റത്തിനാണ് ബസുകള്‍ കസ്റ്റഡിയിലെടുത്ത് പിഴ ചുമത്തുന്നത്. പിടികൂടിയ ബസുകള്‍ കളക്ടറേറ്റ് വളപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രാത്രി എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തില്‍ ദേശീയപാതയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പത് ടൂറിസ്റ്റ് ബസുകളാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് നിയമലംഘനങ്ങള്‍ക്ക് 25 ടൂറിസ്റ്റ് ബസുകള്‍ക്ക് പിഴയും ചുമത്തി.
ബസുകള്‍ക്ക് ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കില്‍ പോലും സര്‍വീസ് നടത്തുന്ന സംസ്ഥാനങ്ങളില്‍ അതത് റോഡ് നികുതി അടയ്ക്കണമെന്നാണ് നിയമം. ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെയാണ് ബസുകള്‍ ടാക്‌സ് അടയ്‌ക്കേണ്ടത്.
വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെ എന്‍ഫോഴ്‌സ്മെന്റ് സംഘം കൊച്ചി നഗരം, വൈറ്റില ജങ്ഷന്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ കുടുങ്ങിയത്. ഇവരില്‍നിന്ന് 50ലക്ഷത്തോളം രൂപ പിഴ ഈടാക്കും. യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
നികുതിവെട്ടിപ്പിനു പുറമേ, മറ്റ് വാഹനങ്ങളില്‍ അമിതവേഗം, എയര്‍ഹോണ്‍ ഉപയോഗം, നമ്പര്‍ പ്ലേറ്റുകളിലെ ക്രമക്കേട്, വാഹന രേഖകളിലെ ക്രമക്കേട് തുടങ്ങി മറ്റു ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരേയും കേസെടുത്തു. നികുതിവെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള സംയുക്ത പരിശോധനകള്‍ തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.