
ഓസ്ട്രേലിയയ്ക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പര നേടി ഇന്ത്യ. അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴയും ഇടിയെയും തുടര്‍ന്ന് ഉപേക്ഷിച്ചു. ഇതോടെ 2–1ന് പരമ്പര ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. ആദ്യ മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.
ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ടി20 പരമ്പര ജയമാണിത്. 2023–24ലും 2022ലും ഓസ്ട്രേലിയ ഇന്ത്യയില്‍ ടി20 പരമ്പര കളിച്ചപ്പോള്‍ ഇന്ത്യ യഥാക്രമം 4–1നും 2–1നും പരമ്പര സ്വന്തമാക്കിയിരുന്നു. 2021നുശേഷം ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ ആദ്യ ടി20 പരമ്പര ജയമാണിത്.
ഇന്നലത്തെ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 4.5 ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 52 റണ്‍സെടുത്തു നില്‍ക്കുമ്പോഴാണ് മത്സരം നിര്‍ത്തിവച്ചത്. ഓപ്പണർമാരായ അഭിഷേക് ശർമ്മയും (13 പന്തിൽ 23*) ശുഭ്മാൻ ഗില്ലും (16 പന്തിൽ 29*) ഇന്ത്യക്കായി തിളങ്ങി. പരമ്പരയില്‍ ഫോം കണ്ടെത്താന്‍ ഗില്‍ ബുദ്ധിമുട്ടിയിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ടോപ് സ്കോററായെങ്കിലും വേഗത്തില്‍ സ്കോര്‍ കണ്ടെത്താന്‍ ഗില്ലിന് കഴിഞ്ഞിരുന്നില്ല. ബെന്‍ ഡ്വാര്‍ഷൂയിസിന്റെ നാലാം പന്ത് ബൗണ്ടറി കടത്തി തുടങ്ങിയ അഭിഷേക് ശര്‍മ്മ തൊട്ടടുത്ത പന്തില്‍ നല്കിയ അനായാസ ക്യാച്ച് ഗ്ലെൻ മാക്സ്വെല് കൈവിട്ടത് ഇന്ത്യക്ക് ആശ്വാസമായി. അടുത്ത പന്ത് ബൗണ്ടറി കടത്തി അഭിഷേക് ആദ്യ ഓവറില്‍ തന്നെ ഇന്ത്യയെ 11 റണ്‍സിലെത്തിച്ചു. ഗില്ലും തുടക്കം മുതല്‍ തന്നെ തകര്‍ത്തടിച്ചു. നേരിട്ട രണ്ടാം പന്തിൽ തന്നെ ഫോറടിച്ച ഗിൽ, മൂന്നാം ഓവറിൽ തുടർച്ചയായി നാലു പന്തുകൾ ബൗണ്ടറി കടത്തി.
നഥാന്‍ എല്ലിസ് എറിഞ്ഞ നാലാം ഓവറില്‍ അഭിഷേകിനെ പുറത്താക്കാനുള്ള അവസരം ഡ്വാര്‍ഷൂയിസ് കൈവിട്ടു. പിന്നാലെ സിക്സ് പറത്തി അഭിഷേക് ടി20 ക്രിക്കറ്റില്‍ 1000 റണ്‍സ് തികച്ചു. ഏറ്റവും കുറഞ്ഞ പന്തിൽ (528) ആയിരം റൺസ് പിന്നിടുന്ന താരമെന്ന റെക്കോഡും അഭിഷേകിന്റെ പേരിലായി. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ (573) റെക്കോഡാണ് തകർത്തത്. അഞ്ചാമത്തെ ഓവറിലെ അഞ്ചാം പന്തില്‍ അഭിഷേക് രണ്ട് റണ്‍സെടുത്തതിന് പിന്നാലെയാണ് മഴയെത്തിയത്.
അതേസമയം അവസാന മത്സരത്തില്‍ ഒരു മാറ്റവുമായാണ് ഇന്ത്യയിറങ്ങിയത്. തിലക് വര്‍മ്മയ്ക്ക് പകരം റിങ്കു സിങ്ങിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ മലയാളി താരം സഞ്ജു സാംസണ് വീണ്ടും ടീമില്‍ ഇടമുണ്ടായില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.