
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് മുൻ ഡയറക്ടറും വൈദ്യുതി വകുപ്പ് മുൻ എക്സ് ഒഫീഷ്യോ സെക്രട്ടറിയുമായിരുന്ന പ്രൊഫ. വി കെ ദാമോദരൻ (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വാതന്ത്ര്യസമര സേനാനിയും അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളുമായ വടകരയിലെ വി പി കുട്ടി മാസ്റ്ററുടെയും എം പി മാതുവിന്റെയും മകനാണ്. ശാസ്ത്രചിന്തകനും ഗ്രന്ഥകാരനും പരിസ്ഥിതി പ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപകാംഗവുമായിരുന്ന വി കെ ദാമോദരൻ.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ശാസ്ത്രഗതി എഡിറ്റർ, യുറീക്ക മാനേജിങ് എഡിറ്റർ എന്നീ പദവികൾ വഹിച്ചു. ഊർജാസൂത്രണരംഗത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ വി കെ ദാമോദരൻ ചൈനയിലും ആഫ്രിക്കൻ രാജ്യങ്ങളിലുമെല്ലാം ഊർജാസൂത്രണ ഉപദേശകനായി പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ എനർജി മാനേജ്മെന്റ് സെന്ററിന്റെ സയൻസ് & ടെക്നോളജി കൗൺസിലിന്റെയും ചുമതല വഹിച്ചു. ആഫ്രിക്കയിലെയും ദക്ഷിണേഷ്യയിലെയും വിദൂര ഗ്രാമപ്രദേശങ്ങളിൽ സുസ്ഥിരമായ ഊർജലഭ്യതക്കായി പുനരുപയോഗ ഊർജം പ്രോത്സാഹിപ്പിക്കുന്നതിനും ഹൈബ്രിഡ് വില്ലേജ് എനർജി സെന്റര്‍ മാതൃക യുണിഡോക്ക് വേണ്ടി വികസിപ്പിച്ചതിനും 2012ലെ ഐഇഇഇ ഏഷ്യ പസഫിക് റീജിയൺ ഹിസ്റ്റോറിക്കൽ അച്ചീവ്മെന്റ് അവാർഡ് ജേതാവാണ്. ഐ.ഇ.ഇഇ കേരളാ സെക്ഷന്റെ മുൻ ചെയർമാനും ഐ.ഇഇഇ ഇന്ത്യാ കൗൺസിലിന്റെ എക്സിക്യൂട്ടീവ് വൈസ് ചെയർമാനുമായിരുന്നു. ഇരുപതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ഭാര്യ: പി സി രഞ്ജിനി (നടക്കാവ്, കോഴിക്കോട്). മക്കൾ: ഷിഞ്ചു (മാനേജിങ് പാർട്ണർ / ന്യൂ സ്കെയ്പ് കൺസൾട്ടിങ്, പിറ്റ്സ്ബർഗ്, യുഎസ്), ഡോ. ഡി അഞ്ജു (പീഡിയാട്രിക് വിഭാഗം, പിആർ എസ് ഹോസ്പിറ്റൽ, തിരുവനന്തപുരം). മരുമക്കൾ: ദിയ (പിഎൻസി ബാങ്ക്, പിറ്റ്സ്ബർഗ്, യുഎസ്), ഡോ. ദീപക് ഉണ്ണിത്താൻ (ഓർത്തോപീഡിക് വിഭാഗം, നെയ്യാർ മെഡിസിറ്റി & ഗോവിന്ദൻസ് ഹോസ്പിറ്റൽ, തിരുവനന്തപുരം).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.