13 January 2026, Tuesday

Related news

January 13, 2026
January 12, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 7, 2026
January 6, 2026
January 5, 2026
January 4, 2026

തുറന്നുകാട്ടപ്പെടുന്നത് ആർഎസ്എസ്-ബിജെപി ജീർണ മുഖം

Janayugom Webdesk
November 17, 2025 5:00 am

തിരുവനന്തപുരം കോർപറേഷനിലെ തൃക്കണ്ണാപുരത്ത് ആർഎസ് എസ് പ്രവർത്തകന്റെ ആത്മഹത്യയും നെടുമങ്ങാട് ബിജെപി പ്രവർത്തകയുടെ ആത്മഹത്യാശ്രമവും രണ്ട് സംഘടനകളുടെയും ജീർണമുഖം ഒരിക്കൽകൂടി വെളിപ്പെടുത്തിയിരിക്കുകയാണ്. തൃക്കണ്ണാപുരത്തെ ആനന്ദ് കെ തമ്പി ആത്മഹത്യക്ക് മുമ്പ് സമൂഹമാധ്യമത്തിലും സുഹൃത്തുക്കൾക്കും അയച്ച സന്ദേശങ്ങളിലും താൻ അനുഭവിക്കേണ്ടിവന്ന സമ്മർദങ്ങളാണ് കുറിച്ചതെങ്കിൽ നെടുമങ്ങാട്ടെ ശാലിനി എന്ന യുവതി തന്നെ സ്ഥാനാർത്ഥിയാക്കാതിരിക്കുവാനോ ആയാൽ ജയിക്കാതിരിക്കാനോ ചില നേതാക്കൾ ശ്രമിച്ചുവെന്ന ആരോപണമാണ് ഉന്നയിച്ചത്. ഇരുവരും ഉന്നയിച്ച വിഷയങ്ങൾക്ക് വൈവിധ്യമുണ്ടെങ്കിലും സമാനതകൾ ഏറെയാണ്. മണ്ണ് മാഫിയയുമായി ബന്ധമുള്ള നേതാക്കളെ പേരെടുത്ത് കുറ്റപ്പെടുത്തിയാണ് ആനന്ദ് ആത്മഹത്യ ചെയ്തിരിക്കുന്നത്. കോർപറേഷൻ വാർഡിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ ഈ മാഫിയാ ബന്ധമാണ് സ്വാധീനം ചെലുത്തിയതെന്നാണ് കുറിപ്പിലുള്ളത്. ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്നും സ്ഥാനാർത്ഥിയായി നിശ്ചയിച്ചിട്ടുള്ള ആൾ മണ്ണ് മാഫിയക്കാരനാണെന്നും ആനന്ദ് സന്ദേശത്തിൽ കുറ്റപ്പെടുത്തുന്നു. മരണത്തിന് തൊട്ടുമുമ്പ് വരെയും താനൊരു ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നതെന്നും അതാണ് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതെന്നും കുറിച്ച ആനന്ദ് ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ് ഒരു ആർഎസ്എസുകാരനായി ജീവിച്ചതാണെന്നും കൂട്ടിച്ചേർക്കുന്നു. ഭൗതികശരീരം എവിടെ സംസ്കരിച്ചാലും ബിജെപി, ആർഎസ്എസ് പ്രവർത്തകരെ കാണാൻ അനുവദിക്കരുതെന്ന് കത്തിൽ പറയുന്നതിൽ നിന്ന് ആനന്ദ് എത്രമാത്രം മാനസിക സംഘർഷം തന്റെ പ്രസ്ഥാനങ്ങളിൽ നിന്ന് ഏറ്റുവാങ്ങേണ്ടിവന്നുവെന്ന് വ്യക്തമാണ്. ബിജെപി സ്ഥാനാർത്ഥിത്വം ലഭിക്കാത്തതാണോ അല്ലയോ യഥാർത്ഥ കാരണമെന്ന തർക്കത്തിനും അദ്ദേഹം ബിജെപി പ്രവർത്തകനല്ലെന്നും സ്ഥാനാർത്ഥിയാകുന്നതിനുള്ള ഒരു പരിഗണനയിലും ഉൾപ്പെടുന്നില്ലെന്നുമുള്ള നേതാക്കളുടെ വാദത്തിനുമപ്പുറം ആനന്ദ് ഉയർത്തുന്നത് ആ രണ്ട് പ്രസ്ഥാനങ്ങളുടെയും അവിഹിത സാമ്പത്തിക ബന്ധങ്ങളും വഴിവിട്ട നടപടികളുമാണ്. അതുപോലെ സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ തീരുമാനിച്ചപ്പോൾ താൻ നേരിടേണ്ടി വന്നിരുന്ന സമ്മർദങ്ങളും അദ്ദേഹം സുഹൃത്തുക്കൾക്ക് അയച്ച സന്ദേശങ്ങളിൽ പങ്ക് വച്ചിട്ടുണ്ട്. താൻ സ്ഥാനാർത്ഥിയാകാതിരിക്കുവാനോ ആയാൽ ജയിക്കാതിരിക്കാനോ ഉള്ള കുപ്രചരണങ്ങൾ ചില നേതാക്കൾ നടത്തിയെന്നാരോപിച്ചാണ് നെടുമങ്ങാട്ടെ ബിജെപി പ്രവർത്തകയുടെ ആത്മഹത്യാ ശ്രമം. 

ഈ രണ്ട് സംഭവങ്ങളും അവസാനത്തേതായിരുന്നില്ല. ബിജെപിയും അതിന്റെ ചില നേതാക്കളും എത്രത്തോളം അധാർമ്മികമായാണ് പ്രവർത്തിക്കുന്നതെന്നതിന്റെ തെളിവുകൾ നേരത്തെയും പുറത്തു വന്നിരുന്നതാണ്. അതിൽ മണ്ണ് മാഫിയാ ബന്ധം മാത്രമല്ല, സഹകരണ തട്ടിപ്പ്, കുഴൽപ്പണ ഇടപാട്, നിക്ഷേപത്തിന്റെ പേരിലുള്ള കബളിപ്പിക്കൽ എന്തിന് കവർച്ച പോലും ഉൾപ്പെട്ടിരുന്നു. കുഴൽപ്പണ ഇടപാടിൽ കുറ്റാരോപിതരായവരിൽ മുതിർന്ന നേതാക്കൾവരെ ഉണ്ടായിരുന്നു. നോട്ടുതട്ടിപ്പിലും കള്ളനോട്ട് കേസിലും പ്രതികളായ ബിജെപിക്കാരെ കുറിച്ചും നാം കേട്ടതാണ്. അനന്തു അജിയെന്ന ചെറുപ്പക്കാരൻ വെളിപ്പെടുത്തിയത് ആർഎസ്എസ് ശാഖയിൽ നേരിടേണ്ടിവന്ന ലൈംഗിക പീഡനമായിരുന്നുവെങ്കിൽ കണ്ണൂർ പാലത്തായിയിൽ ബിജെപി നേതാവായ അധ്യാപകൻ പത്മരാജൻ പോക്സോ കേസിലാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. സഹകരണ തട്ടിപ്പിൽ ബാധ്യതയേറ്റെടുക്കേണ്ടിവന്ന തിരുവനന്തപുരത്തെ അനിലിന്റെ ആത്മഹത്യ നടന്നിട്ട് മാസം തികയുന്നതേയുള്ളൂ. ഈ സംഭവത്തിൽ നേതൃത്വത്തിനെതിരെ രംഗത്തുവന്നതിൽ മുതിർന്ന നേതാവ് എം എസ് കുമാറുമുണ്ടായിരുന്നു. ആരുമറിയാതെ ഒതുക്കിയ കേസുകളും പലതാണ്. ഈ വിധത്തിലാണ് കേരളത്തിലെ ബിജെപിയുടെയും ആർഎസ്എസിന്റെയും കാര്യങ്ങൾ കിടക്കുന്നത്. ആനന്ദിന്റെ ആത്മഹത്യയോട് പ്രതികരിച്ച ചില നേതാക്കൾ ഇരയെ വ്യക്തിഹത്യ നടത്തുന്ന സമീപനമാണ് സ്വീകരിച്ചത്. സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിശദീകരിച്ച നേതാക്കൾ, ആനന്ദ് ഒരിക്കലും പട്ടികയിലുണ്ടായിരുന്നില്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ്. എന്നാൽ അദ്ദേഹം ഉന്നയിച്ച മാഫിയാ ബന്ധമുൾപ്പെടെ ആരോപണങ്ങളെ കുറിച്ച് വിശദീകരണത്തിന് തയ്യാറായിട്ടില്ല. സംസ്ഥാന അധ്യക്ഷൻ തന്നെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ പ്രതിയായ പാർട്ടിയാണ് ബിജെപി. പിന്നീട് വന്ന സംസ്ഥാന അധ്യക്ഷനെതിരെ കർണാടകയിൽ ഭൂമി കുംഭകോണാരോപണവുമുണ്ടായി. കേന്ദ്ര ഭരണത്തിന്റെ തണലിൽ തെരഞ്ഞെടുപ്പ് ബോണ്ടുകളെന്ന പേരിൽ പ്രത്യേക സംവിധാനമുണ്ടാക്കി അഴിമതി നിയമവൽക്കരിക്കാൻ ശ്രമിച്ച പാർട്ടിയുടെ താഴേത്തട്ടിലുള്ള നേതാക്കളും അതേ പാത പിന്തുടരുന്നുവെന്നാണ് ഇത്തരം ആരോപണങ്ങളിലൂടെ തെളിയുന്നത്. അതുകൊണ്ട് സമഗ്രമായ അന്വേഷണം നടത്തി ആരോപണങ്ങളിലെ വസ്തുതകൾ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. അതോടൊപ്പം ജീർണതയുടെ പടുകുഴിയിലേക്ക് പതിച്ചിരിക്കുന്ന പ്രസ്ഥാനങ്ങളെ തള്ളിക്കളയാനുള്ള ഉത്തരവാദിത്തം പൊതുസമൂഹവും ഏറ്റെടുക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.